സുപ്രീംകോടതിയെ വിമര്‍ശിച്ച് ആർ.എസ്.എസ് മുഖപത്രം: ‘ഇന്ത്യാ വിരുദ്ധ ശക്തികളുടെ ടൂൾ ആയി മാറുന്നു’

ന്യൂഡല്‍ഹി: സുപ്രീംകോടതിക്കെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്.എസ് മുഖപത്രമായ പാഞ്ചജന്യ. ഇന്ത്യാ വിരുദ്ധ ശക്തികള്‍ സുപ്രീംകോടതിയെ ‘ടൂൾ’ ആയി ഉപയോഗിക്കുന്നുവെന്നാണ് വാരിക എഡിറ്റോറിയലിൽ ആരോപിച്ചത്. പാഞ്ചജന്യ എഡിറ്റർ ഹിതേഷ് ശങ്കറാണ് മുഖപ്രസംഗം എഴുതിയിരിക്കുന്നത്.

ബിബിസി ഡോക്യുമെന്ററിയുടെ നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. വാരിക പുറത്തിറങ്ങിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ബി.ബി.സിയിൽ മാരത്തോൺ റെയ്ഡിന് തുടക്കമിട്ടിരുന്നു.

‘ഇന്ത്യക്കാര്‍ അടയ്ക്കുന്ന നികുതിയിലാണ് സുപ്രീം കോടതി പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന് വേണ്ടിയുള്ള നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് സുപ്രീംകോടതിയുടെ ചുമതല. രാജ്യതാൽപര്യം കണക്കിലെടുത്താണ് നാം സുപ്രീം കോടതിയെ നിലനിർത്തുന്നത്. പക്ഷേ, ഇന്ത്യാവിരോധികൾ അവരുടെ താൽപര്യം നടപ്പാക്കാനുള്ള ഒരു ഉപകരണമായി കോടതിയെ ഉപയോഗിക്കുന്നു. മനുഷ്യാവകാശങ്ങളുടെ പേരിൽ തീവ്രവാദികളെ സംരക്ഷിക്കുകയും പരിസ്ഥിതിയുടെ പേരിൽ ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്യുന്നു. രാഷ്ട്രവിരോധികൾ അവരുടെ അജണ്ട നടപ്പാക്കാൻ ഇന്ത്യയുടെ ജനാധിപത്യവും ലിബറലിസവും നാഗരികതയുടെ മാനദണ്ഡങ്ങളും ഉപയോഗിക്കുന്നു. ദേശവിരുദ്ധശക്തികൾക്ക് രാജ്യത്ത് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശവും മതപരിവർത്തനത്തിലൂടെ രാജ്യത്തെ ദുർബലപ്പെടുത്താനുള്ള അവകാശവും ഉണ്ടെന്ന് ഉറപ്പാക്കുകയാണ് അവരുടെ അടുത്ത പടി. ഈ അവകാശങ്ങൾ വിനിയോഗിക്കണമെങ്കിൽ അവർക്ക് ഇന്ത്യൻ നിയമങ്ങളുടെ സംരക്ഷണം ലഭിക്കണം

അസത്യവും ഭാവനയും അടിസ്ഥാനമാക്കിയുള്ളതാണ് ബിബിസി ഡോക്യുമെന്ററി. അത് ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്’ -ഫെബ്രുവരി 3 ന് സുപ്രീം കോടതി പുറപ്പെടുവിച്ച നോട്ടീസ് പരാമർശിച്ചുകൊണ്ട് ഹിന്ദിയിൽ എഴുതിയ മുഖപ്രസംഗത്തില്‍ പറയുന്നു. 

Tags:    
News Summary - Anti-India forces using Supreme Court as tool: RSS weekly Panchjanya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.