പ്രമോദ് കുമാർ
ബെംഗളുരു: ആർ.എസ്.എസ് റൂട്ടുമാർച്ചിൽ പങ്കെടുത്ത പാചകത്തൊഴിലാളിയെ പിരിച്ചുവിട്ട് കർണാടക സർക്കാർ. ബിദർ സ്വദേശി പ്രമോദ് കുമാർ എന്നയാളെയാണ് പിരിച്ചുവിട്ടത്. പിന്നോക്ക വികസന വകുപ്പിന് കിഴിൽ ബസവകല്യാണിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ബോയ്സ് ഹോസ്റ്റലിലെ കരാർ പാചകത്തൊഴിലാളിയാണ് പ്രമോദ്.
ഒക്ടോബർ 14ന് ബസവ കല്യാണിൽ നടന്ന ആർ.എസ്.എസ് പദസഞ്ചലനത്തിൽ ഇയാൾ പങ്കെടുത്തത് ചൂണ്ടിക്കാട്ടി ജില്ല പിന്നോക്ക വിഭാഗ വികസന വകുപ്പ് ഓഫീസർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. ഓഫീസർക്ക് ദൃശ്യങ്ങൾ അയച്ചുനൽകിയ ജനാധിപത്യ സംരക്ഷണ സമിതി അധ്യക്ഷൻ ഗഗൻ ഫുലേ പിന്നീട് രേഖാമൂലം ഓഫീസിൽ പരാതി നൽകുകയായിരുന്നു.
സർക്കാർ വകുപ്പുകളിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്ന ബിദർ ജില്ല ലേബർ സർവീസ് മൾട്ടിപ്പർപ്പസ് സകരണ സൊസൈറ്റി മുഖേനയാണ് പ്രമോദ് കുമാർ നിയമിതനായിരുന്നത്. പിന്നോക്ക വിഭാഗ വികസന വകുപ്പ് നിർദേശം നൽകിയതിന് പിന്നാലെ സൊസൈറ്റി പ്രമോദിനെ പുറത്താക്കി നടപടി സ്വീകരിക്കുകയായിരുന്നു.
സർക്കാർ ധനസഹായത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരൻ ചട്ടപ്രകാരം വിലക്കപ്പെട്ട സംഘടനകളുടെ പരിപാടികളിൽ പങ്കെടുത്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെന്ന് സൊസൈറ്റി അധികൃതർ വ്യക്തമാക്കി.
പ്രമോദ് കുമാർ ബസവകല്യാണിലെ ആർ.എസ്.എസ് റൂട്ട് മാർച്ചിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെട്ടിരുന്നു. ആർ.എസ്.എസ് ചടങ്ങിൽ ഗണവേഷത്തിൽ പങ്കെടുത്ത് കുറുവടിയുമായി നിൽക്കുന്ന ഫോട്ടോ ഇയാൾ വാട്സപ്പിൽ സ്റ്റാറ്റസാക്കുകയും ചെയ്തു. ഇതടക്കം ചൂണ്ടിക്കാട്ടിയാണ്, ഗഗൻ ഫുലേ പരാതി നൽകിയത്.
നേരത്തെ, ലിംഗുസുഗുറിൽ ആർ.എസ്.എസ് മാർച്ചിൽ പങ്കെടുത്ത പഞ്ചായത്ത് ഡവലപ്മെന്റ് ഓഫീസർ കെ.പി. പ്രവീൺകുമാറിനെയും കർണാടക സർക്കാർ പുറത്താക്കിയിരുന്നു. കർണാടക സിവിൽ സർവീസസ് ചട്ടത്തിന്റെ ലംഘനം കണ്ടെത്തിയാണ് നടപടിയെന്ന് വ്യക്തമാക്കിയായിരുന്നു റൂറൽ ഡവലപ്മെന്റ് ആന്റ് പഞ്ചായത്തിരാജ് വകുപ്പ് കമീഷണർ അരുന്ധതി ചന്ദ്രശേഖറിന്റെ നടപടി.
ആർ.എസ്.എസ് അടക്കം സ്വകാര്യ സംഘടനകളുടെ പൊതുഇടങ്ങളിലെ ഇടപെടൽ നിയന്ത്രിക്കാൻ ഒക്ടോബർ 16ന് ചേർന്ന കാബിനറ്റ് യോഗം തീരുമാനിച്ചിരുന്നു. ഒക്ടോബർ 12ന് ആർ.എസി.എസിന്റെ 100-ാം വാർഷികം പ്രമാണിച്ച് സംസ്ഥാനത്തുടനീളം റൂട്ടുമാർച്ചുകൾ നടത്തിയതിന് പിന്നാലെയായിരുന്നു നടപടി.
നേരത്തെ, സർക്കാർ സ്ഥാപനങ്ങളുടെയും പൊതു സ്ഥലങ്ങളുടെയും പരിസരത്ത് ഇത്തരം പ്രവർത്തനങ്ങൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ് മന്ത്രി പ്രിയങ്ക് ഖാർഗെയും മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. സർക്കാർ ജീവനക്കാരെ ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങൾ കർശനമായി നടപ്പാക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ഒക്ടോബർ 14ന് ബസവ കല്യാണിൽ നടന്ന ആർ.എസ്.എസ് പദസഞ്ചലനത്തിൽ പ്രമോദ് കുമാറിന് പുറമെ 20ലധികം സർക്കാർ ജീവനക്കാർ പങ്കെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. അധ്യാപകരടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പങ്കുവെക്കപ്പെടുന്നുണ്ട്. അളഗുഡ് സ്കൂൾ പ്രധാനാധ്യാപകൻ രമേഷ് രജോലെ, കിട്ട സ്കൂൾ പ്രധാനാധ്യാപകൻ സോമനാഥ് ബേലൂർ എന്നിവർ റാലിയിൽ ഗണവേഷമണിഞ്ഞ് പങ്കെടുക്കുന്ന ദൃശ്യങ്ങളും ഇതിൽ പെടുന്നു. ഇതിന് പുറമെ, നീലാംബിക കോളജ് പ്രിൻസിപ്പാൾ അശോക് റെഡ്ഡി ചടങ്ങിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.