വലന്‍റൈൻസ് ദിനം 'കൗ ഹഗ് ഡേ'; ഫെബ്രുവരി 14ന് പശുക്കളെ കെട്ടിപ്പിടിക്കാൻ ആഹ്വാനവുമായി കേന്ദ്രം

ലന്‍റൈൻസ് ദിനമായി ആഘോഷിക്കുന്ന ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കാൻ ആഹ്വാനം ചെയ്ത് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കൾ. പശുക്കളെ കെട്ടിപ്പിടിക്കുന്നത് ആളുകളിൽ വൈകാരിക സമൃദ്ധിയും സന്തോഷവും നിറക്കുമെന്നും അതിനാൽ ഫെബ്രുവരി 14 പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിവസമായി ആചരിക്കണമെന്നും കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി എസ്.കെ. ദത്തയുടെ ആഹ്വാനത്തിൽ പറയുന്നു.

ഇന്ത്യൻ സംസ്കാരത്തിന്‍റെയും ഗ്രാമീണ സമ്പദ്ഘടനയുടെയും സുസ്ഥിരമായ ജീവിതത്തിന്‍റെയും കന്നുകാലി സമ്പത്തിന്‍റെയും ജൈവവൈവിധ്യത്തിന്‍റെയും നട്ടെല്ലാണ് പശുക്കൾ. അമ്മയെപ്പോലെ, എല്ലാത്തിനെയും പരിപോഷിപ്പിക്കുന്നതിനാലാണ് പശു കാമധേനു എന്നും ഗോമാതയെന്നും അറിയപ്പെടുന്നത്. കാലാകാലങ്ങളായി പാശ്ചാത്യ സംസ്കാരം അധിനിവേശം നടത്തുന്നതിനാൽ വേദ സംസ്കാരം അവസാനത്തിന്‍റെ വക്കിലാണ്. പാശ്ചാത്യ സംസ്കാരം കാരണം നമ്മുടെ സംസ്കാരവും പാരമ്പര്യവും ഏതാണ്ട് മറന്ന അവസ്ഥയായി.


പശുവിനുള്ള വളരെയേറെ ഗുണങ്ങൾ പരിഗണിക്കുമ്പോൾ, പശുവിനെ കെട്ടിപ്പിടിക്കുന്നത് വൈകാരികപൂർണവും ഏവർക്കും സന്തോഷം നിറക്കുന്നതുമാണ്. പശു നൽകുന്ന പോസിറ്റീവ് എനർജിയും ജീവിതത്തിൽ സന്തോഷം നിറക്കുന്ന ഗോമാതാവിന്‍റെ പ്രധാന്യവും കണക്കിലെടുത്ത് എല്ലാ പശുസ്നേഹികളും ഫെബ്രുവരി 14 കൗ ഹഗ് ഡേ (പശുക്കളെ കെട്ടിപ്പിടിക്കാനുള്ള ദിനം) ആയി ആചരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് -മൃഗസംരക്ഷണ വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 


മൃഗസംരക്ഷണ വകുപ്പിന്‍റെ നടപടി വിവാദമായിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ വലിയ വിമർശനമുയരുമ്പോൾ സംഘപരിവാർ അനുകൂലികൾ 'കൗ ഹഗ് ഡേ'യെ സ്വാഗതം ചെയ്യുന്നുണ്ട്. 

നേരത്തെ, പശു കശാപ്പ് നിര്‍ത്തിയാല്‍ ഭൂമിയിലെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന ഗുജറാത്ത് കോടതിയിലെ ജഡ്ജിയുടെ പ്രസ്താവന വലിയ വിവാദമായിരുന്നു. 'പശുക്കള്‍ സന്തുഷ്ടരാകുന്നിടത്ത് സമ്പത്തും അഭിവൃദ്ധിയും ഉണ്ടാവുന്നു. പശുക്കള്‍ അസന്തുഷ്ടരായി തുടരുന്നിടത്ത് ഇവ രണ്ടും ഇല്ലാതാവും. പശു രുദ്രയുടെ അമ്മയും വസുവിന്റെ മകളും അദിതിപുത്രന്മാരുടെ സഹോദരിയും ധ്രുവ് രൂപ്അമൃതിന്റെ നിധിയുമാണ്' എന്നാണ് സംസ്‌കൃതം ശ്ലോകം ഉദ്ധരിച്ചുകൊണ്ട് കോടതി പറഞ്ഞത്. കന്നുകാലി കടത്തുമായി ബന്ധപ്പെട്ട കേസിലെ പ്രതിക്ക് ജീവപര്യന്തവും അഞ്ച് ലക്ഷം രൂപ പിഴയും വിധിച്ചാണ് കോടതി ഇക്കാര്യം പറഞ്ഞത്. പശുവിന്‍റെ ഒരു തുള്ളി രക്തം പോലും വീണിട്ടില്ലെങ്കില്‍ ഭൂമിയില്‍ ക്ഷേമം വര്‍ധിക്കുമെന്നും ജഡ്ജി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - Animal Welfare Board of India Appeals Citizen To Celebrate February 14 by Hugging a Bovine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.