മുംബൈ: മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഹേമമാലിനിയടക്കം നിരവധി സെലിബ്രിറ്റികളാണ് വോട്ട് രേഖപ്പെടുത്തിയത്.
വ്യാഴാഴ്ച രാവിലെയാണ് ഹേമമാലിനി വോട്ട് ചെയ്യാനെത്തിയത്. അതിനിടെ, വോട്ടർമാരും ഹേമമാലിനിയും തമ്മിൽ ചെറിയൊരു അസ്വാരസ്യമുണ്ടായി. ഹേമമാലിനി വരി നിൽക്കാതെയാണ് വോട്ട് രേഖപ്പെടുത്തിയത്. തുടർന്ന് ഹേമമാലിനിക്ക് വോട്ട് ചെയ്യാനായി കേന്ദ്രം പ്രത്യേക സൗകര്യം ഏർപ്പെടുത്തിയെന്ന് പറഞ്ഞ് വോട്ടർമാർ രംഗത്തുവന്നു. അതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ''60 വർഷമായി ഞങ്ങളിവിടെ ജീവിക്കുന്നവരാണ്. ഇതുപോലൊരു സംഭവം ആദ്യമായാണ്. രാവിലെ 7.45മുതൽ ഞാനിവിടെ വരിനിൽക്കുകയാണ്. 9.30ക്കാണ് വോട്ട് ചെയ്യാൻ സാധിച്ചത്. ഇവിടെ ചോദിക്കാനും പറയാനുമൊന്നും ആരുമില്ല''-എന്നാണ് ഒരു വോട്ടർ പ്രതികരിച്ചത്.
അക്ഷയ് കുമാർ, ട്വിങ്കിൾ ഖന്ന, സന്യ മൽഹോത്ര, ജോൺ എബ്രഹാം, തമന്ന ഭാട്ടിയ, സോയ അക്തർ, ദിവ്യ ദത്ത, നാനാ പടേക്കർ, വിശാൽ ദാദ്‍ലാനി എന്നിവരടക്കമുള്ള ബോളിവുഡ് സെലിബ്രിറ്റികളാണ് വോട്ട് രേഖപ്പെടുത്തിയത്.
മഹാരാഷ്ട്രയിലെ 29 മുനിസിപ്പൽ കോർപറേഷനുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 3.48 കോടി വോട്ടർമാർ വിധിയെഴുത്തിൽ പങ്കാളികളാകും. ജനുവരി 16നാണ് വോട്ടെണ്ണൽ. 15,931 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. വോട്ടെടുപ്പ് വൈകീട്ട് അഞ്ചരക്ക് അവസാനിക്കും.
മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്‌വാഡ്, കോലാപൂർ, വസായ്-വിരാർ, കല്യാൺ-ഡോംബിവ്‌ലി, നാഗ്പൂർ, സോലാപൂർ, അമരാവതി, താനെ, പർഭാൻ എന്നീ മുനിസിപ്പൽ കോർപറേഷനുകളിലെ ജനവിധി നിർണായകമാണ്. ഇതിൽ മുംബൈയിലെ ബ്രിഹാൻ മുംബൈ മുനിസിപ്പൽ (ബി.എം.സി) കോർപറേഷനാണ് കടുത്ത മത്സരത്തിന് വേദിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.