ന്യൂഡൽഹി: സുപ്രീംകോടതിയിലെ നടപടിക്രമങ്ങൾക്കിടെ ചീഫ് ജസ്റ്റിസ് ആക്രമിക്കപ്പെട്ട സംഭവത്തിൽ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിച്ചുവെന്ന് പറഞ്ഞ മോദി സംഭവത്തെ ‘അപലപനീയ പ്രവൃത്തി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ‘എക്‌സി’ലെ പോസ്റ്റിലാണ് പ്രതികരണം.
‘ഇന്ത്യൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ബി.ആർ ഗവായ് ജിയോട് സംസാരിച്ചു. സുപ്രീംകോടതി പരിസരത്ത് ഇന്നു രാവിലെ അദ്ദേഹത്തിന് നേരെയുണ്ടായ ആക്രമണം ഓരോ ഇന്ത്യക്കാരനെയും പ്രകോപിപ്പിക്കുന്നതാണ്. നമ്മുടെ സമൂഹത്തിൽ ഇത്തരം നിന്ദ്യമായ പ്രവൃത്തികൾക്ക് സ്ഥാനമില്ല. ഇത് തികച്ചും അപലപനീയമാണ്’ -മോദി പറഞ്ഞു.
ഇത്തരമൊരു സാഹചര്യത്തെ നേരിടുമ്പോൾ ജസ്റ്റിസ് ഗവായി പ്രകടിപ്പിച്ച സംയമനത്തെ അഭിനന്ദിക്കുന്നുവെന്നും നീതിയിലധിഷ്ഠിതമായ മൂല്യങ്ങളോടും നമ്മുടെ ഭരണഘടനയുടെ ആത്മാവിനെ ശക്തിപ്പെടുത്തുന്നതിനോടും ഉള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നുവെന്നും മോദി പ്രശംസിച്ചു.
സുപ്രീംകോടതി നടപടിക്രമങ്ങൾക്കിടെയാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കു നേരെ രാകേഷ് കിഷോർ എന്ന അഭിഭാഷകൻ ഷൂ എറിയാൻ ശ്രമിച്ചത്. ‘സനാതന ധർമത്തോടുള്ള അപമാനം ഞങ്ങൾ സഹിക്കില്ല’ എന്ന് ആക്രോശിച്ച കിഷോറിനെ സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടെന്ന് തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.