ഒറ്റദിവസം 13 ലക്ഷത്തിലേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കി ആന്ധ്ര; ആദ്യഡോസ്​ എടുത്തവർ ഒരുകോടി പിന്നിട്ടു​

ഹൈദരാബാദ്: കോവിഡ് പ്രതിരോധ വാക്സിനേഷൻ ഡ്രൈവിൽ ഞായറാഴ്ച ആന്ധ്രാപ്രദേശിന്​ റെക്കോർഡ് ദിനം. ഒരുദിവസം ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയ സംസ്ഥാനമെന്ന അംഗീകാരമാണ്​ ആന്ധ്ര സ്വന്തമാക്കിയത്​. ഞായറാഴ്ച രാത്രി എട്ട്​ വരെയുള്ള കണക്കുപ്രകാരം 13,45,004 പേരാണ്​ വാക്​സിനെടുത്തത്​. ഇന്ത്യയുടെ മൊത്തം പ്രതിദിന വാക്​സിനേഷന്‍റെ 50 ശതമാനമാണിത്​. കേന്ദ്ര സർക്കാർ ആവശ്യത്തിന്​ വാക്​സിൻ അനുവദിച്ചാൽ പ്രതിദിനം പത്ത്​ലക്ഷം കുത്തിവെപ്പുകൾ നടത്താൻ സംസ്​ഥാനത്തെ മെഡിക്കൽ സംഘം തയാറാണെന്നാണ്​ ഈ നേട്ടം തെളിയിക്കുന്നതെന്ന്​ ആന്ധ്ര സർക്കാർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ആന്ധ്രാപ്രദേശിൽ ഇതിനോടകം ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം ഞായറാഴ്ച ഒരുകോടി പിന്നിട്ടു. ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, കൃഷ്ണ, വിശാഖപട്ടണം, ഗുണ്ടൂർ എന്നീ ജില്ലകളാണ് വാക്സിനേഷനിൽ മുന്നിലുള്ളത്. ഈ ജില്ലകളിലെ കലക്​ടർമാരെ സർക്കാർ അഭിനന്ദിച്ചു. ഈസ്റ്റ്​ ഗോദാവരിയിൽ 1.11 ലക്ഷം പേരും വെസ്റ്റ്​ ഗോദാവരിയിൽ 1.08 ലക്ഷം പേരും വാക്​സിൻ സ്വീകരിച്ചു.

വൈകീട്ട്​ അഞ്ച്​ മണിക്ക്​ തന്നെ ഒരുദിവസം പത്ത്​ ലക്ഷം പേർക്ക്​ വാക്​സിനേഷൻ എന്ന നേട്ടം ആന്ധ്ര കൈവരിച്ചിരുന്നു. 11.85 ലക്ഷം പേരുടെ വാക്​സിനേഷനാണ്​ അഞ്ച്​ മണിക്ക്​ പൂർത്തിയായതെന്ന്​ ആന്ധ്രയുടെ ഔദ്യോഗിക കോവിഡ്​ ട്വിറ്റർ ഹാൻഡിൽ ആരോഗ്യ ആന്ധ്ര ട്വീറ്റ്​ ചെയ്​തു. നേരത്തെ ഒരുദിവസം ആറ് ലക്ഷത്തിലേറെ പേർക്ക് വാക്സിൻ നൽകിയും ആന്ധ്രാ റെക്കോർഡിട്ടിരുന്നു.

മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ നിർദേശപ്രകാരമാണ്​ സംസ്​ഥാനത്ത്​ മെഗാ വാക്സിനേഷൻ യജ്ഞം നടക്കുന്നത്​. 13 ജില്ലകളിലേയും 2000 കേന്ദ്രങ്ങളിലായി രാവിലെ ആറ് മണിക്ക്​ ആരംഭിച്ച മെഗാ വാക്സിനേഷൻ യജ്ഞം രാത്രി ഒമ്പത് വരെ നീണ്ടു. 45 വയസിന് മുകളിലുള്ളവർക്കും അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ അമ്മമാർക്കും മുൻഗണന നൽകിയാണ് വാക്സിനേഷൻ നടന്നത്. കോവിഡിനെ തടയാനുള്ള ഒരെയൊരു മാർഗം വാക്സിനേഷൻ ആണെന്ന ധാരണയോടെ ഈ നേട്ടം സാധ്യമാക്കിയതിന്‍റെ ബഹുമതി ഇതിനായി മുന്നിട്ടിറങ്ങിയ സന്നദ്ധപ്രവർത്തകർക്കും ആരോഗ്യ പ്രവർത്തകർക്കുമാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Andhra sets record with over 1.3 million people vaccinated in a day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.