ചെരുപ്പ് ​കൊണ്ട് സ്വയം മുഖത്തടിച്ച് നഗരസഭ കൗൺസിലർ; ‘വോട്ടർമാർക്ക് നൽകിയ വാഗ്ദാനം പാലിക്കാനാകുന്നില്ല, ഉദ്യോഗസ്ഥർ വിവേചനം കാണിക്കുന്നു’

നരസിപട്ടണം (ആന്ധ്രപ്രദേശ്): നരസിപട്ടണം നഗരസഭയിൽ ഇന്നലെ നടന്ന കൗൺസിൽ യോഗം സാക്ഷ്യം വഹിച്ചത് നാടകീയ സംഭവങ്ങൾക്ക്. വാർഡിലെ വികസന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കവേ, 20ാം വാർഡ് കൗൺസിലർ മുളപ്പർത്തി രാമരാജു തന്റെ ചെരുപ്പൂരി സ്വന്തം മുഖത്ത് ​ഇരുകവിളിലും മാറിമാറി അടിച്ച് വികാരധീനനാവുകയായിരുന്നു.

നഗരസഭ ഉദ്യോഗസ്ഥർ ത​ന്റെ വാർഡിനോട് വിവേചനം കാണിക്കുന്നതിനാൽ വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാകുന്നി​ല്ലെന്ന് പറഞ്ഞാണ് രാമരാജു സ്വയം വേദനിപ്പിച്ചത്. അനകാപ്പള്ളി ജില്ലയിലെ നരസിപട്ടണം നഗരസഭയിലാണ് സംഭവം.

““പണമുണ്ടാക്കാനല്ല ഞാൻ രാഷ്ട്രീയത്തിൽ വന്നത്. വാർഡിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ ലഘൂകരിച്ച് അവരെ സേവിക്കുക എന്നതാണ് എന്റെ ഏക ആഗ്രഹം. കുടിവെള്ളം, ഗ്രാമത്തിലേക്കുള്ള റോഡ്, തെരുവ് വിളക്കുകൾ തുടങ്ങി അവരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഹരിക്കാനാകുമെന്ന് ഞാൻ കരുതി. വാർഡിലെ ഭൂരിഭാഗം ആളുകളും എല്ലാദിവസവും ജോലിചെയ്താണ് ജീവിക്കുന്നത്. അവരുടെ പ്രശ്‌നങ്ങൾ എനിക്കറിയാം, അവരിൽ ഒരാളാണ് ഞാനും. ഒരു ഓട്ടോ ഓടിച്ച് ദിവസം 300 രൂപ സമ്പാദിച്ചാണ് ജീവിക്കുന്നത്. ജനങ്ങൾ അടിസ്ഥാന സൗകര്യങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നത്. കഴിഞ്ഞ 31 മാസമായി ഒരു കൗൺസിലർ എന്ന നിലയിൽ അത് നിറവേറ്റാൻ എനിക്ക് കഴിഞ്ഞിട്ടില്ല. 20-ാം വാർഡിനെ നഗരസഭാ ഉദ്യോഗസ്ഥർ പാടേ അവഗണിക്കുകയാണ്’ -രാമരാജു ചെരുപ്പൂരി തല്ലാനുള്ള കാരണം മാധ്യമങ്ങളോട് വിശദീകരിച്ചു.

ടിഡിപി പിന്തുണയോടെ തെരഞ്ഞെടുപ്പിൽ മത്സരിച്ച 40 കാരനായ രാമരാജു ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം നടത്തുന്നത്. താൻ എല്ലാ വഴികളും പരീക്ഷിച്ചെങ്കിലും വോട്ടർമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുന്നി​​ല്ലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടപ്പാക്കണമെന്ന വോട്ടർമാരുടെ ആവശ്യം പാലിക്കാൻ കഴിയുന്നി​​ല്ലെങ്കിൽ താൻ മരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

"മുൻ മുനിസിപ്പൽ ചെയർമാൻ, മുനിസിപ്പൽ കമ്മീഷണർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് ഞാൻ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും ആരും എന്റെ നടപടിയെടുത്തില്ല. ഞാൻ ടിഡിപി അംഗം ആയതുകൊണ്ടാണ് അവർ അവഗണിക്കുന്നത്. അടുത്തിടെ ചുമതലയേറ്റ പുതിയ ചെയർപേഴ്‌സന് ഞാൻ ഇതുവരെ നിവേദനം നൽകിയിട്ടില്ല, അത്കൊണ്ട് എന്തെങ്കിലും കാര്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. മനുഷ്യസ്‌നേഹികളായ ഏതാനും പേരിൽനിന്ന് 1.5 ലക്ഷം രൂപ സംഭാവന സ്വരൂപിച്ചാണ് ഗ്രാമീണർക്ക് വേണ്ടി 150 മീറ്റർ റോഡ് നിർമിച്ചത്. എന്റെ വാർഡിലെ പൗരപ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണമെന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്” -രാമരാജു പറഞ്ഞു.


Tags:    
News Summary - Andhra Councillor Slaps Himself With Slipper At Meeting, Explains Why

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.