തമിഴ്നാട്ടിലെ അമുലിന്റെ പാൽ സംഭരണം ഉടൻ നിർത്തിവെക്കണം -കേന്ദ്രത്തിന് കത്തെഴുതി സ്റ്റാലിൻ

ചെന്നൈ: ‘അമുലി’ന്റെ തമിഴ്നാട്ടിലേക്കുള്ള കടന്നുവരവിനെതിരെ കേന്ദ്ര സർക്കാറിന് കത്തെഴുതി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അമുലിന്റെ നീക്കം പാലും പാലുൽപ്പന്നങ്ങളും സംഭരിക്കുന്നതും വിപണനം ചെയ്യുന്നതുമായ സഹകരണസംഘങ്ങൾക്കിടയിൽ അനാരോഗ്യകരമായ മത്സരം സൃഷ്ടിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് എഴുതിയ കത്തിൽ സ്റ്റാലിൻ പറഞ്ഞു.

പാൽ സംഭരണം ഉടൻ നിർത്താൻ അമുലിന് നിർദേശം നൽകാൻ അടിയന്തര ഇടപെടൽ അഭ്യർത്ഥിക്കുകയാണെന്നും സ്റ്റാലിൻ പറഞ്ഞു. സംസ്ഥാനത്തെ ക്ഷീരവികസനത്തിന്റെ അടിത്തറയായി പ്രവർത്തിക്കുന്ന പ്രാദേശിക സഹകരണ സ്ഥാപനങ്ങൾ ക്ഷീരോദ്പാദകരെ വളർത്തിയെടുക്കുന്നതിനും ഏകപക്ഷീയമായ വിലക്കയറ്റത്തിൽ നിന്ന് ഉപഭോക്താക്കളെ സഹായിക്കുന്നതിനും നിർണായക പങ്കാണ് വഹിക്കുന്നതെന്ന് സ്റ്റാലിൻ കത്തിൽ ചൂണ്ടിക്കാട്ടി.

കൃഷ്ണഗിരി, ധർമ്മപുരി, വെല്ലൂർ, റാണിപ്പേട്ട്, തിരുപ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലകളിലുമാണ് സ്വാശ്രയസംഘങ്ങളും ഗ്രാമീണ സഹകരണ സംഘങ്ങളും മുഖേന അമുൽ പാൽസംഭരണം നടത്തുന്നത്. ഗുജറാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന അമുൽ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പ്ലാന്റ് സ്ഥാപിക്കുകയും ഇവിടേക്ക് തമിഴ്നാട്ടിൽനിന്ന് പാൽസംഭരണം നടത്തി കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. ഇത് തമിഴ്‌നാട് കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ‘ആവീൻ’ പാലിന്റെ സംഭരണവും വിതരണവും അവതാളത്തിലാക്കിയേക്കുമെന്നാണ് ആശങ്ക.

Tags:    
News Summary - Amul Infringing On Aavin MK Stalin letter to Amit Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.