അമുൽ വിവാദത്തിനിടയിൽ ഓർമ്മയിൽ നിറയുന്നത് ഇന്ത്യയുടെ മലയാളി പാൽക്കാരൻ

മംഗളൂരു: ഗുജറാത്തിൽ നിന്നുള്ള നന്മയായിരുന്നു ഒരു കാലം രാജ്യം കണികണ്ടുണർന്ന അമുൽ. ഇന്ത്യയെ പാലൂട്ടിയ മലയാളി ഡോ.വർഗ്ഗീസ് കുര്യനെ രാജ്യം പരമോന്നത ബഹുമതികൾ നൽകി ആദരിച്ചതിന് പുറമെ മരണാനന്തരം തപാൽ മുദ്രയും ഇറക്കി. ധവള വിപ്ലവ പിതാവായി അറിയപ്പെടുന്ന കുര്യൻ നൽകിയ സന്ദേശത്തിൽ നിന്നാണ് കർണാടക ഉൾപ്പെടെ ക്ഷീര കർഷക സംഘങ്ങളുടെ പിറവി. ദിനേന 84.50 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്ന കർണാടകയിലെ 26 ലക്ഷം ക്ഷീരോത്പാദ സംഘങ്ങൾക്കും അനുബന്ധ കർഷകർക്കും ദ്രോഹമാവുകയാണിപ്പോൾ അമുൽ.

ഗുജറാത്ത് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ അമുൽ ഉൽപ്പങ്ങൾ വിപണി കർണാടകത്തിലേക്ക് വ്യാപിപ്പിക്കുന്നതിനെച്ചൊല്ലിയാണ് വിവാദം. ഹോട്ടലുകളിൽ അമുൽ ഉൽപ്പന്നങ്ങൾ പൂർണമായും ബഹിഷ്ക്കരിക്കാൻ ബംഗളൂരുവിലെ ഹോട്ടൽ ഉടമകളുടെ സംഘടനയായ ബ്രഹത് ബംഗളൂരു ഹോട്ടൽ അസോസിയേഷൻ ആഹ്വാനം ചെയ്തു.

അമുൽ ഉൽപ്പന്നങ്ങൾ കർണാടകത്തിലേക്ക് വിപണനത്തിന് എത്തിക്കുന്നത് സംസ്ഥാനത്ത് ഭരണ കക്ഷിയായി ബി.ജെ.പിയും പ്രതിപക്ഷ കക്ഷികളും തമ്മിലുള്ള രാഷ്ട്രീയ വിവാദം കൂടിയാണ്. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിലെ സഹകരണ സ്ഥാപനത്തെ കർണാടകത്തിലേക്ക് വ്യാപിപ്പിക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസും ജെ.ഡി.എസും ആരോപിക്കുന്നു.

ലോകോത്തര ധവള വിപ്ലവ നായകൻ പത്മവിഭൂഷൺ ഡോ.വർഗ്ഗീസ് കുര്യന്റെ മുഖം 2021 നവംബർ 26ന് അദ്ദേഹത്തിന്റെ ജന്മ ശതാബ്ദി വാർഷിക ദിനത്തിലാണ് തപാൽ മുദയായത്.

ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്ന മലബാറിൽ കോഴിക്കോട്ട് 1921 നവംബർ 26ന് സിറിയൻ ക്രിസ്ത്യൻ കുടുംബത്തിലെ പുത്തൻ പാറക്കൽ കുര്യന്റെ മകനായി ജനിച്ച വർഗീസ് 2012സെപ്റ്റംബർ ഒമ്പതിന് ഗുജറാത്തിലെ നാദിയാദിലാണ് അന്തരിച്ചത്.പിതാവ് ബ്രിട്ടീഷ് സർക്കാർ സർവ്വീസിൽ സിവിൽ സർജ്ജനായിരുന്നതിനാൽ അടിക്കടി ലഭിച്ച സ്ഥലംമാറ്റങ്ങൾക്കനുസരിച്ച് ഇടങ്ങൾ മാറിമാറിയാണ് വർഗീസ് വിദ്യാഭ്യാസം നേടിയിരുന്നത്.

ഗുജറാത്ത് ആസ്ഥാനമായ ``അമുൽ'' ക്ഷീര കർഷക സഹകരണ സംഘം വഴി പാൽ ഉൽപാദനത്തിൽ ഇന്ത്യയെ ഒന്നാമതെത്തിച്ചതിലൂടെയാണ് വർഗീസ് കുര്യൻ ലോകോത്തര കീർത്തി കിരീടം ചൂടിയത്. പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രിയാണ് അദ്ദേഹത്തെ നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡ് ചെയർമാനാക്കിയത്.1999ൽ പത്മവിഭൂഷൺ,1965ൽ പത്മശ്രീ,1966ൽപത്മഭൂഷൺ എന്നിങ്ങനെ അവാർഡുകൾ നൽകി രാജ്യം വർഗീസ് കുര്യനെ ആദരിച്ചു.

കർണാടക ഷിവമോഗ്ഗ-ദാവൺഗരെ-ചിത്രദുർഗ കോഓപ്പറേറ്റീവ് മിൽക് യൂണിയൻ (ഷിമുൽ) റിട്ട.എഞ്ചിനീയർ ഡി.വി.മല്ലികാർജ്ജുൻ 2018ൽ സമർപ്പിച്ച നിർദ്ദേശം അനുസരിച്ചാണ് കേന്ദ്രസർക്കാർ വർഗീസ് കുര്യന്റെ സ്റ്റാമ്പ് പുറത്തിറക്കിയത് എന്നത് അമുൽ സ്ഥാപകൻ ക്ഷീരകർഷകരിൽ ചെലുത്തിയ സ്വാധീന മുദ്രയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Tags:    
News Summary - Amul Controversy in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.