ടീസ്റ്റയുടെ അറസ്റ്റിൽ രൂക്ഷ പ്രതികരണവുമായി ആംനെസ്റ്റി; ഭരണാധികാരികൾ സമൂഹത്തെ ഭയപ്പെടുത്തി ഒതുക്കുന്നു

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി ആംനെസ്റ്റി ഇന്ത്യ. സമൂഹത്തെ ഭയപ്പെടുത്തി വിയോജിപ്പുകളെയും ചോദ്യം ചെയ്യലുകളെയും ഒതുക്കാനുള്ള ശ്രമമാണ് ഇന്ത്യൻ അധികാരികൾ നടത്തുന്നതെന്ന് ആംനെസ്റ്റി ഇന്ത്യ ട്വീറ്റ് ചെയ്തു. ടീസ്റ്റയുടെ അറസ്റ്റ് സൂമഹത്തിൽ ഭയത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുക. ആളുകൾ ഭയപ്പെട്ട് വിയോജിപ്പുകൾ പ്രകടിപ്പിക്കാതിരിക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നത്.

'മനുഷ്യാവകാശ ധ്വംസനങ്ങളെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നവർക്കെതിരെ അധികാരികൾ നടത്തുന്ന നേരിട്ടുള്ള പ്രതികാരമാണ് മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ തടങ്കൽ. ഇത് മാനവ സമൂഹ​ത്തിന് നൽകുന്ന സന്ദേശം ഭയത്തിന്റെതാണ്. അതുവഴി രാജ്യത്ത് വിയോജിപ്പിനുള്ള ഇടം ചുരുക്കുകയും ചെയ്യുന്നു.' - ആംനെസ്റ്റി ട്വീറ്റ് ചെയ്തു.

ശനിയാഴ്ച വൈകീട്ട് മൂന്നോടെ മുംബൈയിലെ വസതിയിലെത്തിയാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത് സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കസ്റ്റഡിയിലെടുത്ത തന്നെ എ.ടി.എസ് മർദിച്ചുവെന്ന് ടീസ്റ്റ ആരോപിച്ചിരുന്നു. ഇന്ന് വൈദ്യപരിശോധനക്ക് അഹമ്മദാബാദ് ആശുപത്രിയിൽ എത്തിച്ചപ്പോഴായിരുന്നു ടീസ്റ്റയുടെ പ്രതികരണം.

2002 ൽ നടന്ന ഗുജറാത്ത് വംശഹത്യയിൽ കൃത്രിമ തെളിവുകൾ ഉണ്ടാക്കി അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ടീസ്റ്റക്കെതിരെയും മുൻ ഗുജറാത്ത് ഡി.ജി.പി ആർ.ബി. ശ്രീകുമാറിനെതിരെയും മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിനും ജസ്റ്റിസ് നാനാവതി കമീഷനും മുമ്പാകെ വ്യാജ വിവരങ്ങളടങ്ങിയ സത്യവാങ്മൂലങ്ങൾ സമർപ്പിച്ച് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായി ആരോപിച്ച് ടീസ്റ്റക്കും ശ്രീകുമാറിനും മുൻ ഡി.ഐ.ജി സഞ്ജീവ് ഭട്ടിനുമെതിരെ സംസ്ഥാന ക്രൈം ബ്രാഞ്ച് ശനിയാഴ്ചയാണ് കേസ് രജിസ്റ്റർ ചെയ്തത്. നിയമപ്രക്രിയയെ വഴിതെറ്റിക്കാൻ ശ്രമിച്ചതിന് വെള്ളിയാഴ്ച സുപ്രീംകോടതി ഇവരെ വിമർശിക്കുകയും നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇക്കാര്യം കൂടി ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. ഇതിനുപിന്നാലെയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. സഞ്ജീവ് ഭട്ട് നേരത്തേ തന്നെ ജയിലിലാണ്. വീട്ടിൽ അതിക്രമിച്ചുകയറി ടീസ്റ്റയെ കൈയേറ്റം ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അഭിഭാഷകൻ വിജയ് ഹിരേമത് ആരോപിച്ചു.

ശനിയാഴ്ച എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷായും ടീസ്റ്റക്കെതിരെ രംഗത്തെത്തി. ടീസ്റ്റയുടെ എൻ.ജി.ഒ നിരവധി ഇരകളുടേതെന്ന പേരിൽ അവർ പോലുമറിയാതെ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നുവെന്നാരോപിച്ച അമിത് ഷാ ഇതിന് അന്ന് കേന്ദ്രം ഭരിച്ച യു.പി.എ സർക്കാറിൽനിന്ന് പിന്തുണ ലഭിച്ചതായും പറഞ്ഞിരുന്നു.

Tags:    
News Summary - Amnesty India responds strongly to Teesta Setalvad's arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.