പൗരത്വ ഭേദഗതി നിയമം നടപ്പാക്കും; ആർക്കും ഞങ്ങളെ തടയാൻ സാധിക്കില്ല -അമിത് ഷാ

കൊൽക്കത്ത: പൗരത്വ ഭേദഗതി നിയമം മോദി സർക്കാർ നടപ്പാക്കുമെന്നും ആർക്കും അതിൽ നിന്ന് തടയാൻ സാധിക്കില്ലെന്നും പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ലോക് സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊൽക്കത്തയിൽ റാലി അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരെ തടയാൻ മുഖ്യമന്ത്രി മമത ബാനർജിക്ക് സാധിക്കുന്നില്ലെന്നും അമിത് ഷാ ആരോപിച്ചു.

നുഴഞ്ഞുകയറ്റക്കാർക്ക് വോട്ടർ, ആധാർ കാർഡുകൾ നിയമവിരുദ്ധമായി വിതരണം ചെയ്യുകയാണെന്നും കേന്ദ്രആഭ്യന്തരമന്ത്രി ആരോപിച്ചു. ''പശ്ചിമബംഗാളിൽ വലിയ തോതിൽ നുഴഞ്ഞുകയറ്റം നടക്കുന്നുണ്ട്. അതിനാൽ അവിടെ എന്തെങ്കിലും തരത്തിലുള്ള വികസനങ്ങൾ നടക്കുന്നുണ്ടോ? അതുകൊണ്ടാണ് മമത ബാനർജി സി.എ.എ എതിർക്കുന്നത്. സി.എ.എ രാജ്യത്തെ നിയമമാണ്. ആർക്കും അത് തടയാനാകില്ല. ഞങ്ങളത് നടപ്പാക്കും.​''-അമിത് ഷാ പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരുമായി ചേർന്ന് മമത ബാനർജിയുടെ സർക്കാർ ബംഗാൾ സംസ്ഥാനത്തെ നശിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങൾ രാജ്യത്ത് തന്നെ ഏറ്റവും കുടുതൽ നടക്കുന്നത് ബംഗാളിലാണ്.

2026ലെ പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ബി.ജെ.പി അധികാരത്തിലെത്തുമെന്നും അമിത് ​ഷാ പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്താൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ട കുടിയേറ്റക്കാർക്ക് പൗരത്വം നൽകാൻ സി.എ.എ സഹായിക്കുന്നുവെന്നാണ് ബി.ജെ.പി പറയുന്നത്.   

എന്നാൽ മുസ്‍ലിംകളെ ഒഴിവാക്കുകയും പൗരത്വത്തെ മതേതര രാജ്യത്തിലെ വിശ്വാസവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന സി.എ.എ ഭരണഘടന വിരുദ്ധമാണെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ വാദം. സി‌.എ‌.എക്കായി നിയമം രൂപീകരിക്കുന്ന പ്രകൃയയിലാണെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നു. 2024 മാർച്ച് 30നകം സി.എ.എ നിയമങ്ങൾ രൂപീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്ര ഞായറാഴ്ച പറഞ്ഞിരുന്നു.

Tags:    
News Summary - Amit Shah's big CAA dare to Mamata in Kolkata rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.