മോദി മാത്രമല്ല, മോദിയുടെ അച്ഛനും ഇറങ്ങി പോകേണ്ടിവരുമെന്ന് ഖാർഗെ; അതിര് ലംഘിച്ചതായി അമിത് ഷാ

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരാമർശവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധികാരത്തിൽനിന്ന് മോദി മാത്രമല്ല, മോദിയുടെ അച്ഛനും ഇറങ്ങിപ്പോകേണ്ടി വരു​മെന്നായിരുന്നു ഖാർഗെയുടെ പരാമർശം. ഇതിനെതിരെ ബി.ജെ.പി രംഗത്തുവന്നു. ബിഹാറിലെ പട്നയിൽ ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് ഖാർഗെയുടെ പരാമർശം.

ബിഹാറിലെ ആദ്യ മുഖ്യമന്ത്രിയായ ശ്രീകൃഷ്ണ സിങ്ങിന്റെ 139ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ഖാർഗെ. പ്രസംഗത്തിനിടെ സദസ്സിലുണ്ടായിരുന്ന ഒരാൾ ‘മോദി പോകില്ല’ എന്ന് വിളിച്ചുപറഞ്ഞതാണ് സംഭവങ്ങൾക്ക് തുടക്കം. ഇതിന് മറുപടിയായി ‘മോദിയുടെ അച്ഛനും പോകേണ്ടിവരും, അച്ഛനും പോകേണ്ടിവരും’ എന്ന് ഖാർഗെ പ്രതികരിച്ചു. പിന്നാലെ, സദസ്സിൽനിന്ന് ബഹളംവെച്ചയാളെ കോൺഗ്രസ് പ്രവർത്തകർ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോദി പതിവായി നുണ പറയുന്നയാളാണെന്നും ഖാർഗെ വിമർശിച്ചു. അധികാരത്തിലെത്തി ആദ്യ 100 ദിവസത്തിനകം വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു. ആ പണം എവിടെയാണെന്ന് ഖാർഗെ ചോദിച്ചു.

അതേസമയം, ഖാർഗെയുടെ പരാമർശത്തിനെതിരെ ബി.ജെ.പി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പിതാവിനെക്കുറിച്ച് നടത്തിയ പരാമർശം അപമാനകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആരോപിച്ചു. രാഷ്ട്രീയ മര്യാദയുടെ എല്ലാ അതിരുകളും ഖാർഗെ ലംഘിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സംഭവത്തിന് പിന്നാലെ, തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് സദസ്സിൽനിന്ന് വിളിച്ചുപറഞ്ഞ സന്തോഷ് കുമാർ വിശദീകരിച്ചു. ജനകീയ പ്രതിഷേധമുണ്ടാകാതെ മോദി അധികാരത്തിൽനിന്ന് പുറത്തുപോകില്ലെന്നാണ് താൻ ഉദ്ദേശിച്ചതെന്നും പ്രസ്താവനയുടെ ഒരു ഭാഗം മാത്രമാണ് കേട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഖാർഗെക്കെതിരെ ബിജെപി നേതാവായ കൃഷ്ണസിങ് കല്ലു കോട്വാലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം കൂടുതൽ നടപടികളുമായി താൻ മുന്നോട്ടു പോകുമെന്നും കല്ലുപറഞ്ഞു.

Tags:    
News Summary - Mallikarjun Kharge’s 'baap' remark on PM Modi sparks row, BJP hits back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.