ജാമിഅ മില്ലിയയിൽ യൂനിയൻ തെരഞ്ഞെടുപ്പിന് സമ്മതിച്ച് അധികൃതർ; വിദ്യാർഥികളുടെ പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: ജാമിഅ മില്ലിയയിൽ വിദ്യാർഥി യൂനിയൻ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ തുടരുന്ന സമരത്തിനിടെ തെരഞ്ഞെടുപ്പ് നടത്താമെന്ന് സമ്മതിച്ച് സർവകലാശാലാ അധികൃതർ. വിദ്യാർഥി യൂനിയന്റെ ഭരണഘടനക്ക് അംഗീകാരം ലഭിച്ച് 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് തിങ്കളാഴ്ച സർവകലാശാല പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. എന്നാൽ ഭരണഘടനക്ക് എപ്പോൾ അംഗീകാരം നൽകുമെന്ന കാര്യത്തിൽ വ്യക്തമായ സമയപരിധി നിശ്ചയിക്കാത്ത സാഹചര്യത്തിലും സർവകലാശാല പ്രോക്ടറുടെ രാജിയെപ്പറ്റിയുള്ള ആവശ്യം പരിഗണിക്കാത്തതിനാലും സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് വിദ്യാർഥികളുടെ നീക്കം.

സമരക്കാരുമായുള്ള ചർച്ചക്കായി തിങ്കളാഴ്ച പുലർച്ചെ സർവകലാശാല രജിസ്ട്രാർ പ്രഫ. മുഹമ്മദ് മഅ്താബ് ആലം റിസ്‌വി കാമ്പസിലെത്തിയിരുന്നു. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് സംബന്ധിച്ച ഉത്തരവ് കൈമാറിയ അദ്ദേഹം സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി ജമ്മു കശ്മീർ സ്റ്റുഡന്റ്സ് അസോസിയേഷൻ അറിയിച്ചു.

സമരത്തിനിടെ വിദ്യാർഥികൾക്കെതിരെ പുറപ്പെടുവിച്ച സസ്പെൻഷൻ ഉത്തരവുകളും കാരണം കാണിക്കൽ നോട്ടീസുകളും പിൻവലിക്കാനും പ്രതിഷേധത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർ സ്വീകരിച്ച നടപടികൾ അന്വേഷിക്കാൻ സമിതിയെ നിയോഗിക്കാനും സർവകലാശാല തീരുമാനിച്ചിട്ടുണ്ട്. എന്നാൽ, യൂനിയൻ ഭരണഘടനക്ക് അംഗീകാരം നൽകുന്നതിനെപ്പറ്റി വ്യക്തമാക്കാത്തതിനാൽ തെരഞ്ഞെടുപ്പ് എപ്പോൾ നടക്കുമെന്ന കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വമുണ്ട്. സർവകലാശാലയുടെ ചീഫ് പ്രോക്ടറെ നീക്കണമെന്ന ആവശ്യത്തിലും ഉത്തരവിൽ തീരുമാനമായിട്ടില്ല.

അതേ സമയം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചെത്തിയ കോൺഗ്രസ് എം.പിമാരായ ഇംറാൻ മസൂദ്, ഇംറാൻ പ്രതാപ്ഗഢി എന്നിവർക്കെതിരെ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. അനുമതിയില്ലാതെ കാമ്പസിൽ പ്രവേശിച്ചെന്നും വിദ്യാർഥികൾക്കിടയിൽ അസ്വസ്ഥത സൃഷ്ടിച്ചെന്നും ആരോപിച്ച് സർവകലാശാലാ അധികൃതർ നൽകിയ പരാതിയിലാണ് നടപടി.

ജാമിഅ മില്ലിയ ഇസ്‌ലാമിയ വിദ്യാർഥി യൂനിയന്‍ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 12നാണ് വിദ്യാർഥികൾ സമരം ആരംഭിച്ചത്. യൂനിയൻ തെരഞ്ഞെടുപ്പ് നടത്തുക, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ അച്ചടക്ക നടപടികൾ പിൻവലിക്കുക, പ്രതിഷേധക്കാരെ അടിച്ചമർത്തുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലാ ചീഫ് പ്രോക്ടറെയും സുരക്ഷാ ഉപദേഷ്ടാവിനെയും നീക്കുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിക്കുന്നുണ്ട്. 2005ലാണ് കാമ്പസിൽ അവസാനമായി തെരഞ്ഞെടുപ്പ് നടത്തിയത്. പ്രതിഷേധക്കാരെ കാണാനെത്തിയ കോൺഗ്രസ് എം.പിമാർക്കെതിരെ സർവകലാശാലാ അധികൃതർ പരാതി നൽകിയതോടെ സമരം കൂടുതൽ വിവാദമായി.

അതേ സമയം സമരം പൊളിക്കാൻ സർവകലാശാല അടച്ചുപൂട്ടി ക്ലാസുകൾ ഓൺലൈനിലാക്കിയ ജാമിഅ മില്ലിയ സർവകലാശാല അധികൃതരുടെ നടപടി വിദ്യാർഥികൾ തന്നെ തന്ത്രപൂർവം ഇല്ലാതാക്കി. ലൈബ്രറി അടക്കം അടച്ചുപൂട്ടിയ കാമ്പസിൽ രാത്രി തമ്പടിച്ച വിദ്യാർഥികൾ പൊളിച്ചുനീക്കിയ പന്തൽ പുനഃസ്ഥാപിച്ച് സമരം പുനരാരംഭിച്ചതോടെയാണ് സർവകലാശാല തന്ത്രം പാളിയത്. ഗേറ്റിന് പുറത്ത് അവർക്ക് അഭിവാദ്യമർപ്പിക്കാന്‍ വിദ്യാർഥികൾ തടിച്ചുകൂടിയതോടെ ജാമിഅ വീണ്ടും സംഘർഷ ഭരിതമായി. വിദ്യാർഥി യൂനിയൻ തെരഞ്ഞെടുപ്പ് ഷെഡ്യൂൾ രേഖാമൂലം അറിയിക്കണമെന്ന സമരക്കാരുടെ ആവശ്യത്തിലുടക്കി വിദ്യാർഥികളും സർവകലാശാല നിയോഗിച്ച സമിതിയും തമ്മിലുള്ള ചർച്ച പൊളിഞ്ഞതോടെയാണ് കാമ്പസ് അടച്ചുപൂട്ടി ഓൺലൈനിലാക്കി സമരത്തിന് അന്ത്യം കുറിക്കാമെന്ന് സർവകലാശാല അധികൃതർ നീക്കം നടത്തിയത്.

Tags:    
News Summary - Jamia University Agrees to Elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.