ശിവസേന (യു.ബി.ടി) നേതാക്കളായ ആദിത്യ താക്കറെ, സഞ്ജയ് റാവത്ത്, പ്രിയങ്ക ചതുർവേദി എന്നിവർ വ്യാഴാഴ്ച ഡൽഹിയിൽ നടത്തിയ പത്രസമ്മേളനത്തിൽ.
ന്യൂഡൽഹി: മഹാ വികാസ് അഘാഡി സഖ്യത്തിലെ പ്രക്ഷുബ്ധാവസ്ഥക്കിടെ ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കണ്ടു. ബുധനാഴ്ച വൈകി ദേശീയ തലസ്ഥാനത്താണ് അദ്ദേഹം രാഹുലിനെ കണ്ടത്. നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിപ്പിൽ കമീഷനെതിരെയുള്ള ആരോപണങ്ങൾ ഇരുവരും ചർച്ച ചെയ്തതായാണ് വിവരം.
കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എ.പിയുടെ പരാജയത്തിനുശേഷം അരവിന്ദ് കെജ്രിവാളുമായി ആദിത്യ താക്കറെ കൂടിക്കാഴ്ച നടത്തും.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയെ എൻ.സി.പി (എസ്.പി) തലവൻ ശരദ് പവാർ ഉപഹാരം നൽകി അഭിനന്ദിച്ചതിന് പിന്നാലെയാണ് പുതിയ നീക്കങ്ങൾ. ബി.ജെ.പി, ശിവസേന, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻ.സി.പി) എന്നിവയുടെ മഹായുതി സഖ്യം നവംബറിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനം ഫലം തൂത്തുവാരുമെന്ന് പ്രതീക്ഷിച്ചിരുന്ന എം.വി.എക്ക് ഇത് കനത്ത തിരിച്ചടിയായി. ബി.ജെ.പിയുടെ പിന്തുണയോടെ ഷിൻഡെ മുഖ്യമന്ത്രിയാകുകയും പിന്നീട് ശിവസേനയുടെ മേൽ നിയന്ത്രണം നേടുകയും ചെയ്തു.
2022ൽ ഉദ്ധവ് താക്കറെയുടെ സർക്കാറിനെ താഴെയിറക്കാൻ അവിഭക്ത ശിവസേയിലെ ഭൂരിപക്ഷം നിയമസഭാംഗങ്ങൾക്കൊപ്പം സഞ്ചരിച്ച ഷിൻഡെക്ക് എം.വി.എയിലെ ശരദ് പവാർ ‘രാഷ്ട്ര ഗൗരവ്’ പുരസ്‌കാരം നൽകിയതിനെത്തുടർന്ന് പ്രതിപക്ഷം പ്രക്ഷുബ്ധമായിരുന്നു. ഷിൻഡെയെ ‘രാജ്യദ്രോഹി’ എന്ന് വിശേഷിപ്പിച്ച ശിവസേനയുടെ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള വിഭാഗം, പുണെ ആസ്ഥാനമായുള്ള എൻ.ജി.ഒ ‘സർഹാദ്’ ഏർപ്പെടുത്തിയ അവാർഡ് നൽകി ശരദ് പവാർ അദ്ദേഹത്തെ ആദരിച്ചത് കണ്ട് ഞെട്ടി.
‘മഹാരാഷ്ട്ര വിരുദ്ധർ ദേശവിരുദ്ധരാണ്. ഇത്തരം വൃത്തികെട്ട പ്രവൃത്തികളിൽ ഏർപ്പെടുന്നവരെ നമുക്ക് ബഹുമാനിക്കാൻ കഴിയില്ല. ഇത് ഞങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധമാണ്. അദ്ദേഹത്തിന്റെ (ശരദ് പവാറിന്റെ) തത്വങ്ങളെക്കുറിച്ച് എനിക്കറിയില്ല’- ആദിത്യ താക്കറെ പറഞ്ഞു.
കഴിഞ്ഞ വർഷം മഹാരാഷ്ട്രയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 288 അംഗ സഭയിൽ മഹായുതി 235 സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ എം.വി.എക്ക് 50 സീറ്റുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.