കോവിഡ് കേസുകളിലെ വർധന; അണുബാധ തടയാൻ കേരളം അടക്കം ആറ്​ സംസ്ഥാനങ്ങൾക്ക് കത്തയച്ച്​ കേന്ദ്രം

ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രത്യേകിച്ച് ആറ് സംസ്ഥാനങ്ങളിൽ, വൈറൽ അണുബാധയുടെ പെട്ടെന്നുള്ള വർദ്ധനവ് നിയന്ത്രിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെട്ട്​ കേന്ദ്രം കത്തെഴുതി. മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കർണാടക എന്നീ സംസ്ഥാനങ്ങൾക്ക് പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്സിനേഷൻ എന്നിവയിൽ ഊന്നൽ നൽകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ സെക്രട്ടറി ബുധനാഴ്ച കത്തയച്ചു.

"അണുബാധയുടെ വ്യാപനത്തെ സൂചിപ്പിക്കുന്ന കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ചുരുക്കം ചില സംസ്ഥാനങ്ങളുണ്ട്. അണുബാധക്കെതിരായ പോരാട്ടത്തിൽ ഇതുവരെ നേടിയ നേട്ടങ്ങൾ നഷ്‌ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അപകടസാധ്യത വിലയിരുത്തൽ അടിസ്ഥാനമാക്കിയുള്ള സമീപനം പിന്തുടരേണ്ടതുണ്ട്. കത്തിൽ പറയുന്നു. വ്യാഴാഴ്ച രാവിലെ അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം നാല് മാസത്തെ ഇടവേളക്ക്​ ശേഷം ഒരു ദിവസം 700-ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

രാജ്യത്ത്​ സജീവമായ കേസുകളുടെ എണ്ണം 4,623 ആയി. കഴിഞ്ഞ വർഷം നവംബർ 12 ന് രാജ്യത്ത് 734 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. “സംസ്ഥാനങ്ങൾ കർശനമായ നിരീക്ഷണം പാലിക്കേണ്ടതും അണുബാധയുടെ ഉയർന്നുവരുന്ന വ്യാപനം നിയന്ത്രിക്കുന്നതിന് ആശങ്കയുള്ള ഏതെങ്കിലും മേഖലകളിൽ ആവശ്യമെങ്കിൽ മുൻകൂർ നടപടിയെടുക്കേണ്ടതും അത്യാവശ്യമാണ്” -കത്തിൽ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.