ന്യൂഡൽഹി: ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം, 2009ലെ പൗരത്വ നിയമങ്ങളുടെ അടിസ്ഥാനത്തിൻ ഇന്ത്യൻ പൗരത്വം തേടുന്ന പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള അപേക്ഷകർ ഇനി മുതൽ സ്വന്തം രാജ്യത്ത് നിന്നുള്ള തങ്ങളുടെ പാസ്‌പോർട്ട് വിവരങ്ങൾ നൽകേണ്ടിവരും. തങ്ങളുടെ നാട്ടിൽ നിന്ന് ലഭിച്ച സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോർട്ടുകൾ കൈവശമുണ്ടോ എന്ന് വെളിപ്പെടുത്തുകയും അപേക്ഷകന്റെ കൈവശം നിലവിൽ പാസ്‌പോർട്ട് ഉണ്ടെങ്കിൽ, പാസ്‌പോർട്ട് നമ്പർ, പാസ്‌പോർട്ട് ലഭിച്ച തീയതിയും സ്ഥലവും, കാലാവധി അവസാനിക്കുന്ന തീയതി തുടങ്ങിയ വിവരങ്ങൾ സമർപ്പിക്കുകയും വേണം.
ഇവ കൂടാതെ, പൗരത്വ അപേക്ഷ അംഗീകരിച്ചുകഴിഞ്ഞാൽ 15 ദിവസത്തിനുള്ളിൽ സാധുവായതോ കാലാവധി കഴിഞ്ഞതോ ആയ പാസ്‌പോർട്ട് ബന്ധപ്പെട്ട പോസ്റ്റ് ഓഫീസിലെ സീനിയർ സൂപ്രണ്ടിന് മുമ്പാകെ സമർപ്പിക്കുമെന്ന് സത്യപ്രസ്താവനയും നൽകണം. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാർസി, ക്രിസ്ത്യൻ മതവിഭാഗങ്ങളിൽപ്പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമങ്ങളിലെ 'ഷെഡ്യൂൾ ഐസി'-ക്ക് ശേഷമാണ് പുതിയ ഭേദഗതി ഉൾപ്പെടുത്തിയിരിക്കുന്നത്.
2014 ഡിസംബർ 31-ന് മുൻപ് ഇന്ത്യയിൽ എത്തിയ പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്ക് (ഹിന്ദുക്കൾ, സിഖുകാർ, ജൈനമതക്കാർ, ബുദ്ധമതക്കാർ, പാർസികൾ, ക്രിസ്ത്യാനികൾ) ഇന്ത്യൻ പൗരത്വം നൽകുന്നതിനായി 2019-ലെ പൗരത്വ ഭേദഗതി നിയമം (സി.എ.എ) നേരത്തെ നിലവിൽ വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.