അംബാനിക്ക് ഭീഷണി: ഏറ്റുമുട്ടൽ വിദഗ്ധൻ പ്രദീപ് ശർമ അറസ്റ്റിൽ

മുംബൈ: മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കണ്ടെത്തുകയും സ്കോർപിയോ ഉടമ കൊല്ലപ്പെടുകയും ചെയ്ത കേസിൽ ഏറ്റുമുട്ടൽ വിദഗ്ധനായ മുൻ പോലീസ് ഇൻസ്പെക്ടർ പ്രദീപ് ശർമയെ ദേശീയ അന്വേഷണ ഏജൻസി (എൻ ഐ എ ) അറസ്റ്റ് ചെയ്തു. അന്ധേരിയിലെ ഫ്ലാറ്റിലും ലോണാവാലയിലെ റിസോർട്ടിലും വ്യാഴാഴ്ച തിരച്ചിൽ നടത്തിയ എൻ ഐ എ ആറു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ശർമയെ അറസ്റ്റ് ചെയ്തത്. കേസിലെ മറ്റു പ്രതികളുടെ മൊഴിയുടെയും ഇലക്ട്രോണിക് തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി.

സ്കോർപിയോയിൽ കണ്ടെത്തിയ 20 ജലാറ്റിൻ സ്റ്റിക്കുകൾ സംഘടിപ്പിക്കുന്നതിലും സ്കോർപിയോ ഉടമ മൻസുഖ് ഹിരേന്റെ കൊലപാതക ഗൂഢാലോചനയിലും ശർമയ്ക്ക് പങ്കു ഉള്ളതായാണ് സൂചന. നേരത്തെ രണ്ട് തവണ എൻ ഐ എയെ കാര്യാലയത്തിൽ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

മൻസുഖ് ഹിരേൻ കൊല്ലപ്പെടുന്നതിനു തൊട്ടുമുമ്പ് മുഖ്യപ്രതിയും മുൻ അസിസ്റ്റന്റ് ഇൻസ്പെക്ടറുമായ സച്ചിൻ വാസെ അന്ധേരിയിൽ വെച്ച് പ്രദീപ് ശർമയെ കണ്ടിരുന്നതയാണ് എൻ ഐ എക്ക് ലഭിച്ച വിവരം.

ഏറ്റുമുട്ടൽ വിദഗ്ധൻകൂടിയായ സച്ചിൻ വാസെയുടെ ഗുരുവായിട്ടും പ്രദീപ് ശർമ അറിയപ്പെടുന്നു. തൊണ്ണൂറുകളുടെ അവസാനത്തിൽ ശർമ ക്രൈം ഇന്റലിജൻസ് യൂണിറ്റ് (സി ഐ യു ) പവായ് ശാഖയുടെ മേധാവിയായിരിക്കെയാണ് സച്ചിൻ വാസെ യൂണിറ്റിൽ എത്തുന്നത്. ഈ കാലയളവിലാണ് 312 ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്ക് ശർമ നേതൃത്വം നൽകിയത്. ഇതിൽ അറുപതിലേറെ ഏറ്റുമുട്ടലുകളിൽ സച്ചിൻ പങ്കാളിയാണ്. 2004 ൽ ഘാഡ്കൂപ്പർ സ്ഫോടന കേസിൽ അറസ്റ്റിലായ ഖാജാ യൂനുസ് കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ സച്ചിൻ സസ്പെൻഷനിലായി. 2004 ലെ ലഖൻ ഭയ്യ വ്യാജഏറ്റുമുട്ടൽ കൊലക്കേസിൽ പ്രദീപ് ശർമയും പിന്നീട് അറസ്റ്റിലായി. കേസിൽ കുറ്റമുക്തനാക്കപ്പെട്ട ശേഷം 2017 ലാണ് സർവീസിൽ തിരിച്ചെത്തിയത്. 2019 ൽ രാജിവെച്ച് ശിവസേന ടിക്കറ്റിൽ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Tags:    
News Summary - Ambani threatened: Encounter expert Pradeep Sharma in NIA custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.