‘പൂർവിക വീട് ധാക്കയിലായതിനാൽ എന്നെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാൻ സാധ്യത’; ബംഗാളികൾക്കെതിരായ അസഹിഷ്ണുതയിൽ ആശങ്കയുമായി അമർത്യ സെൻ

കൊൽക്കത്ത: ബംഗാളി ഭാഷ സംസാരിക്കുന്നവർക്കെതിരെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വർധിച്ചുവരുന്ന അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധൻ അമർത്യ സെൻ.

പശ്ചിമ ബംഗാളിലെ ബംഗാളി സംസാരിക്കുന്ന ആളുകളെ ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്ന് ആരോപിച്ച് അവിടേക്ക് മടക്കാൻ സാധ്യതയുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ പരാമർശിച്ചുകൊണ്ട് അങ്ങനെയെങ്കിൽ തന്റെ കുടുംബത്തിനു വേരുകളുള്ള ധാക്കയിലേക്ക് തന്നെ തിരിച്ചയക്കാൻ സാധ്യതയുണ്ടെന്ന് പാതി തമാശയായി അദ്ദേഹം പറഞ്ഞു.

‘ഇന്ത്യയിലെ യുവാക്കൾക്കുണ്ടായിരിക്കേണ്ട സാമൂഹിക അവസരങ്ങൾ’ എന്ന വിഷയത്തിൽ നടന്ന ഒരു പൊതുചർച്ചയിൽ സംസാരിക്കുകയായിരുന്നു 91 കാരനായ നൊബേൽ ജേതാവ്. ബംഗാളിയിൽ സംസാരിച്ചതിനാൽ ഒരാളെ ബംഗ്ലാദേശിലേക്ക് അയച്ചതായി പത്രത്തിൽ കണ്ടു. അത് തന്നെ അൽപ്പം ആശങ്കാകുലനാക്കിയെന്ന് പറഞ്ഞ സെൻ, തന്റെ പൂർവിക വീട് ധാക്കയിലായതിനാൽ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നുവെന്നും എന്നാൽ, തനിക്കതിൽ വലിയ എതിർപ്പില്ലെന്നും കൂട്ടിച്ചേർത്തു.

‘ഞാൻ ഇനി മുതൽ ഫ്രഞ്ചിൽ സംസാരിക്കാൻ തീരുമാനിച്ചു. പക്ഷേ, ഒരേയൊരു പ്രശ്നം എനിക്ക് ഫ്രഞ്ച് അറിയില്ല എന്നതാണെ’ന്നും ബംഗാളിലെ ശാന്തിനികേതനിൽ ജനിച്ച സെൻ പറഞ്ഞു. ബിരുദ, ഹൈസ്കൂൾ വിദ്യാർഥികളുമായും അദ്ദേഹം സംവദിച്ചു.

ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നവർ നേരിടുന്ന പീഡനങ്ങളെക്കുറിച്ചുള്ള മാധ്യമ ചോദ്യങ്ങൾക്ക് മറുപടിയായി ബംഗാളി, പഞ്ചാബി എന്നിവയുൾപ്പെടെ എല്ലാ സാംസ്കാരിക സ്വത്വത്തിനും ആഘോഷിക്കാൻ ഇവിടെ കാരണങ്ങളുണ്ടെന്ന് പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം ഇന്ത്യൻ നാഗരികതയുടെ വൈവിധ്യത്തെ ഊന്നിപ്പറഞ്ഞു. ബംഗാളി സംസാരിക്കുന്ന വ്യക്തികൾ പ്രൊഫഷനലായ തടസ്സങ്ങളും അനാദരവും അഭിമുഖീകരിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ബംഗാളിൽ നിന്നുള്ളവരോ ബംഗാളി സംസാരിക്കുന്ന ആളുകളോ പ്രൊഫഷനലായ പ്രതിസന്ധികൾ നേരിടുകയും അവഹേളിക്കപ്പെടുകയും ചെയ്യുന്നു. ബംഗാളി സംസ്കാരവും നാഗരികതയും മികച്ചതാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. പക്ഷേ, ബംഗാളി ഭാഷയുടെയും സംസ്കാരത്തിന്റെയും നാഗരികതയുടെയും ചരിത്രം നാം ഉയർത്തിക്കാട്ടണം. ബംഗാളി സംസ്കാരത്തോട് ബഹുമാനം ഉണ്ടായിരിക്കണം. അങ്ങനെയല്ലാത്തപക്ഷം അതിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും സാമ്പത്തിക വിദഗ്ധൻ പറഞ്ഞു. 

അടുത്തിടെ അമർത്യ സെന്നിന് ബംഗാളിലെ വിഖ്യാതമായ വിശ്വ ഭാരതി സർവകലാശാല പ്രവേശനം നിഷേധിച്ചിരുന്നു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിന്റെ കണ്ണിലെ കരടായതിനാലാണ് ഇതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞത്. ബംഗാളി മാഗസിൻ ആയ ‘അനുസ്തൂപ്’ ആഗസ്റ്റ് 14ന് ലൈബ്രറി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിക്കും അനുമതി നിഷേധിച്ചു.

സർവകലാശാലയുടെ സാമ്പത്തിക-ശാസ്ത്ര-രാഷ്ട്രീയ വകുപ്പുമായും എ.കെ. ദാസ് ഗുപ്ത സെന്റർ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്‌മെന്റുമായും സഹകരിച്ച് സെന്നിനെക്കുറിച്ച് മാഗസിൻ അടുത്തിടെ ഒരു പ്രത്യേക ലക്കം പ്രസിദ്ധീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ചടങ്ങിനാണ് അനുമതി നിഷേധിച്ചത്. തുടർന്ന് മറ്റൊരു സ്വകാര്യ വേദിയിൽ പരിപാടി നടത്തി.

അതിനു തൊട്ടുപിന്നാലെ സംഘാടകരിൽ ഉൾപ്പെട്ടിരുന്ന എ.കെ. ദാസ്ഗുപ്ത സെന്ററിന്റെ ചെയർപേഴ്‌സൺ പ്രഫസർ അപുർബ കുമാർ ചതോപാധ്യായയെ നീക്കം ചെയ്തുകൊണ്ട് സർവകലാശാല വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു.

2023ൽ, സർവകലാശാലയുടെ ഭൂമിയുടെ ഒരു ഭാഗം സെൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്നതായി ആരോപിച്ച് അത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് വിശ്വ ഭാരതി സർവകലാശാല അമർത്യ സെന്നിന് നിരവധി നോട്ടീസുകൾ അയച്ചിരുന്നു. യൂനിവേഴ്സിറ്റി 2020ലെ അതിന്റെ ഭൂമിയിലുള്ള അനധികൃത പ്ലോട്ട് ഉടമകളുടെ പട്ടികയിലും അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും 1940കളിൽ ഭൂമി തന്റെ കുടുംബത്തിന് 100 വർഷത്തേക്ക് പാട്ടത്തിന് നൽകിയതാണെന്നും അതിൽ ഏതാനും ഭാഗം എല്ലാ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് തന്റെ പിതാവ് വിപണിയിൽ നിന്ന് വാങ്ങിയതാണെന്നും സെൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘1940കളിൽ വിശ്വഭാരതിയിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ നിർമിച്ച എന്റെ വസതിയാണിത്’- മറിച്ചുള്ള ആരോപണം സെൻ നിഷേധിക്കുകയുണ്ടായി. അധികാരികളുടെ സമീപനത്തിൽ തനിക്ക് ഒരു ജാഗ്രതയും കാണാൻ കഴിയുന്നില്ലെന്നും വിശ്വഭാരതി സർവകലാശാലയുടെ ഈ മനോഭാവത്തിന് പിന്നിലെ രാഷ്ട്രീയം മനസ്സിലാകുന്നില്ലെന്നും സെൻ പറയുകയുണ്ടായി.

Tags:    
News Summary - Amartya Sen voices concern over rising linguistic intolerance against Bengalis in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.