ഒമർ അബ്ദുല്ല
ശ്രീനഗർ: ദക്ഷിണ കശ്മീരിലെ അനന്ത്നാഗിൽ ഭീകരാക്രമണത്തിൽ പൊലീസ് ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ജമ്മു-കശ്മീരിൽ സുരക്ഷാ സേനയുടെ കനത്ത നടപടികൾ തുടരുന്നു. താഴ്‌വരയിലാകെ വ്യാപകമായ റെയ്ഡുകളും പരിശോധനകളുമാണ് സുരക്ഷാ സേന നടത്തിവരുന്നത്. ഭീകരവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വിവിധ ജില്ലകളിലായി രണ്ടായിരത്തെയധികം പേരെയാണ് ഇതുവരെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് കരുതുന്ന വ്യക്തികളുടെ വീടുകൾക്കതിരെയുള്ള നടപടികളും അധികൃതർ കർശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഭീകരരുമായി ബന്ധമുള്ളവരുടെ രണ്ടു വീടുകൾ സുരക്ഷാ സേന പൂർണ്ണമായി തകർത്തു. ദക്ഷിണ കശ്മീരിലെ ഹസൻപോറ, ബിജ്ബെഹാറ എന്നീ പ്രദേശങ്ങളിലാണ് ഭീകരരുടെ വീടുകൾ ഇടിച്ചുനിരത്തിയത്. കഴിഞ്ഞ വർഷം ഏപ്രിലിൽ പഹൽഗാം ആക്രമണത്തിനു ശേഷവും സമാനമായ രീതിയിൽ ഒൻപതോളം ഭീകരരുടെ വീടുകൾ അധികൃതർ തകർത്തിരുന്നു.
അമർനാഥ് യാത്രാ ഡ്യൂട്ടിക്കിടെയാണ് ഇന്ത്യൻ റിസർവ് പൊലീസ് ഉദ്യോഗസ്ഥനും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ ഉൾപ്പെട്ടയാളുമായ ഹെഡ് കോൺസ്റ്റബിൾ ആഷിഖ് ഹുസൈൻ ഖുറേഷി വെടിയേറ്റ് വീരമൃത്യു വരിച്ചത്. ബുഡ്ഗാം സ്വദേശിയാണ് അദ്ദേഹം. മോശം കാലാവസ്ഥയെ തുടർന്ന് അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന വേളയിലാണ് ഈ ദാരുണ സംഭവം ഉണ്ടായത്. ഒറ്റയ്ക്ക് എത്തിയ ഭീകരൻ വളരെ അടുത്തേക്ക് വന്ന് അദ്ദേഹത്തിന് നേരെ വെടിയുതിർക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി കാമറകളിൽ പതിഞ്ഞിരുന്നു. ജനവാസ മേഖലയിലുണ്ടായ ഈ ആക്രമണം കശ്മീരിൽ വലിയ തോതിലുള്ള സുരക്ഷാ ആശങ്കകളാണ് സൃഷ്ടിച്ചിരിക്കുന്നത്.
അതേസമയം, താഴ്‌വരയിൽ സുരക്ഷാ സേന നടത്തുന്ന വ്യാപകമായ കസ്റ്റഡി നടപടികൾക്കെതിരെ ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല പരസ്യമായി രംഗത്തുവന്നു. സാധാരണക്കാരെ വിശ്വാസത്തിലെടുക്കാതെയും അവരെ ഒപ്പം നിർത്താതെയുമുള്ള ഇത്തരം നടപടികൾ കൊണ്ട് മാത്രം ഈ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിന് ആളുകളെ ഇങ്ങനെ കൂട്ടത്തോടെ കസ്റ്റഡിയിലെടുക്കുന്നത് സാധാരണ ജനങ്ങളിൽ കൂടുതൽ അമർഷത്തിനും ഭരണകൂടത്തോടുള്ള അകൽച്ചയ്ക്കും കാരണമാവുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ സാധാരണക്കാരായ ജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും പ്രതിരോധ നടപടികളുമാണ് ആവശ്യമെന്നും ഉമർ അബ്ദുല്ല ചൂണ്ടിക്കാണിച്ചു. നിലവിൽ അനന്ത്നാഗ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മുഴുവൻ കനത്ത സുരക്ഷാ വലയത്തിലും സേനയുടെ കർശന നിരീക്ഷണത്തിലുമാണ്. ഭീകരർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉന്നത പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.