ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

ലഖ്നോ: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ ഹാത്രസ് കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയിൽ ട്വീറ്റ് ചെയ്‌തെന്നാരോപിച്ച് രണ്ട് കേസുകളാണ് ഹാത്രസിൽ സുബൈറിനെതിരെ രജിസ്റ്റർ ചെയ്തത്. നിലവിൽ ആറു കേസുകളാണ് സുബൈറിനെതിരെയുള്ളത്. അടുത്തിടെ സുബൈറിനെതിരെ ഹാത്രസ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ബി അറസ്റ്റ് പ്രഖ്യാപിച്ചിരുന്നു.

സീതാപൂർ, ലഖിംപൂർ ഖേരി, ഹാത്രസ്, ഗാസിയാബാദ്, മുസഫർ നഗർ എന്നിവിടങ്ങളിലായി സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ അന്വേഷിക്കാനായി യു.പി പൊലീസ് കഴിഞ്ഞ ദിവസം പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. സീതാപൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ സുപ്രിംകോടതി സുബൈറിന്റെ ഇടക്കാല ജാമ്യം സെപ്റ്റംബർ ഏഴു വരെ നീട്ടിയിരുന്നു.

ഡൽഹിയിൽ രജിസ്റ്റർ ചെയ്ത് കേസിൽ സുബൈറിന്റെ ജാമ്യാപേക്ഷ ഇന്ന് ഡൽഹി കോടതി പരിഗണിക്കുന്നുണ്ട്. ഇന്ന് ജാമ്യം ലഭിച്ചാലും സുബൈറിന് പുറത്തിറങ്ങാനാവില്ല. മുഴുവൻ കേസുകളിലും ജാമ്യം ലഭിച്ചാൽ മാത്രമേ സുബൈറിന് ഇനി ജയിലിൽനിന്ന് ഇറങ്ങാനാവുകയുള്ളൂ. ഓരോ കേസിൽ ജാമ്യം ലഭിക്കുമ്പോഴും പുതിയ കേസുകൾ രജിസ്റ്റർ ചെയ്യുകയാണ് യു.പി പൊലീസ്.

വാർത്താകളുടെ നിജസ്ഥിതി പരിശോധിക്കുന്ന സമാന്തര മാധ്യമസ്ഥാപനമായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പുറത്തുകൊണ്ടുവന്നത് ആൾട്ട് ന്യൂസ് ആണ്.  

Tags:    
News Summary - Alt News's Mohd Zubair sent to 14-day judicial custody by Hathras court in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.