അലഹബാദ് ഹൈകോടതി വിധി റദ്ദാക്കി; ജഡ്ജിമാര്‍ ‘നീതിന്യായ ശൗര്യം’  പ്രകടിപ്പിക്കേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: ജഡ്ജിമാര്‍ വിധി പ്രസ്താവം നടത്തുമ്പോള്‍ നിയമനിര്‍മാണ സഭകളുടെ അധികാരം കവര്‍ന്ന്  നീതിന്യായ ശൗര്യം പ്രകടിപ്പിക്കേണ്ടെന്ന് ഹൈകോടതികള്‍ക്ക് സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. സര്‍ക്കാറുകളുടെ നയരൂപവത്കരണവും നിയമനിര്‍മാണവും കോടതികള്‍ നടത്തേണ്ട കാര്യമില്ളെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന  ബെഞ്ച് വ്യക്തമാക്കി.  ഭരണഘടന നിര്‍ണയിച്ച ഭരണകൂടത്തിന്‍െറ മൂന്ന് അധികാര കേന്ദ്രങ്ങളുടെയും പരിധി ലംഘിക്കാന്‍ ജഡ്ജിമാര്‍ മുതിരരുതെന്നും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. 

ഉത്തര്‍പ്രദേശിലെ പൊലീസ് പരിഷ്കരണത്തിനായി അലഹബാദ് ഹൈകോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കിയാണ് സുപ്രീംകോടതി രാജ്യത്തെ ഹൈകോടതികളിലെ ജഡ്ജിമാര്‍ക്ക് ഈ മുന്നറിയിപ്പ് നല്‍കിയത്. അന്വേഷണവും പ്രോസിക്യൂഷനും വേര്‍പെടുത്തി പൊലീസ് സേനക്ക് പ്രത്യേകം കാഡറുകള്‍ ഉണ്ടാക്കണമെന്നായിരുന്നു അലഹബാദ് ഹൈകോടതി വിധി. 

നിയമം നിര്‍മിക്കാനുള്ള അധികാരം കോടതിക്കില്ളെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമത്തില്‍ പുതുതായി ഒരു വാക്ക് കൂട്ടിച്ചേര്‍ക്കാനോ അതിലില്ലാത്ത ഒരു വാക്ക് കൂട്ടി വായിക്കാനോ അധികാരമില്ല. നിയമനിര്‍മാണത്തിനും വിധിപ്രസ്താവത്തിനുമിടയില്‍ നേരിയ ഒരു രേഖയുണ്ടെന്ന് ജഡ്ജിമാര്‍ ഓര്‍ക്കണം. കാര്യങ്ങളെല്ലാം സാമാന്യവത്കരിച്ച് കാണുന്നവരാകരുത് ജഡ്ജിമാര്‍. അഭിപ്രായപ്രകടനങ്ങള്‍ നടത്തുമ്പോള്‍പോലും നിയമത്തിന്‍െറ മാനദണ്ഡങ്ങള്‍ നോക്കണം. തങ്ങള്‍ ആഗ്രഹിക്കുന്നത് കാണണമെന്ന് കരുതി കണ്ണട വെച്ച് കാര്യങ്ങളെ നോക്കരുതെന്നും ഈയിടെ സിനിമാ തീയറ്ററുകളില്‍ ദേശീയഗാനം നിര്‍ബന്ധമാക്കി വിധി പുറപ്പെടുവിച്ച ബെഞ്ച് കൂട്ടിച്ചേര്‍ത്തു. 
 
Tags:    
News Summary - Allahabad High Court judgement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.