ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട രേഖ ഗുപ്തക്ക് ആശംസകളുമായി കോൺഗ്രസ് വനിത നേതാവ് അൽക്ക ലാംബ. 30 വർഷം മുമ്പ് രേഖ ഗുപ്തക്കൊപ്പം ഡൽഹി യൂനിവേഴ്സിറ്റിയിൽ യൂനിയൻ ഭാരവാഹിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രം പങ്കുവെച്ചായിരുന്നു അൽക്കയുടെ ആശംസ കുറിപ്പ്. 1995 കാലഘട്ടത്തിൽ ഡൽഹി സർവകലാശാലയിലെ വിദ്യാർഥികളായിരുന്നു അൽക്കയും രേഖയും.
''രേഖ ഗുപ്തയാണ് ഡൽഹി മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം കേട്ടപ്പോൾ എന്റെ ഓർമകൾ 30 വർഷം പിറകിലേക്ക് പോയി. വിദ്യാർഥി യൂനിയൻ നേതാക്കളായി ഞങ്ങളൊരുമിച്ച് സത്യപ്രതിജ്ഞ ചെയ്ത ആ നിമിഷങ്ങൾ ഓർക്കുകയാണ്. ഒരു വർഷം ഞങ്ങളൊരുമിച്ച് പ്രവർത്തിച്ചു. അവർ എ.ബി.വി.പിയിൽ നിന്നായിരുന്നു. ഞാൻ എൻ.എസ്.യു.ഐയിൽ നിന്നും. ഞങ്ങൾ തമ്മിൽ ആശയപരമായ പോരാട്ടം രൂക്ഷമായിരുന്നു. ബി.ജെ.പിക്കാരായ ആളുകളെ കോളജിലേക്ക് സംസാരിക്കാനായി എത്തിക്കാൻ രേഖ എപ്പോഴും ശ്രമിച്ചു. ഗാന്ധി പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരെ ഞാൻ കോളജിലേക്ക് കൊണ്ടുവന്നു.''-എന്നാണ് അൽക്ക യാംബ കുറിച്ചത്.
ഇരുവരും വിദ്യാർഥി യൂനിയൻ നേതാക്കളായി സത്യപ്രതിജ്ഞ ചെയ്യുന്ന മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ചിത്രവും അൽക്ക പങ്കുവെച്ചു.
''1995ല്‍ രേഖ ഗുപ്തയും ഞാനും ഒരുമിച്ച് സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ എടുത്തതാണ് ഈ അവിസ്മരണീയ ചിത്രം. എന്‍.എസ്.യുവിനെ പ്രതിനിധീകരിച്ച് ഡല്‍ഹി യൂനിവേഴ്സിറ്റിയുടെ വിദ്യാര്‍ഥി യൂനിയന്റെ അധ്യക്ഷ പദവി ഞാന്‍ നേടി. എ.ബി.വി.പിയില്‍ നിന്ന് രേഖ ഗുപ്ത ജനറല്‍ സെക്രട്ടറി പദവിയില്‍ വിജയിച്ചു. നാലാമത്തെ വനിതാ മുഖ്യമന്ത്രിയെ ലഭിച്ച ഡല്‍ഹിക്ക് അഭിനന്ദനങ്ങള്‍. മുഖ്യമന്ത്രി പദവി എന്നത് വലിയ ഉത്തരവാദിത്തം പിടിച്ചതാണ്. രേഖക്കത് നന്നായി ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് മികച്ച രീതിയിൽ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയട്ടെ. ഡൽഹി ഭരിക്കുന്നത് വനിതയാകുമ്പോൾ ആളുകളുടെ പ്രതീക്ഷകളും ഉയരും. യമുന വൃത്തിയുള്ളതായിരിക്കുമെന്നും നമ്മുടെ പെണ്‍മക്കള്‍ സുരക്ഷിതരായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു''- അല്‍ക്ക ലാംബ എക്സിൽ കുറിച്ചു.
ഡൽഹി തെരഞ്ഞെടുപ്പിൽ എ.എ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അതിഷിക്കെതിരെയായിരുന്നു അൽക്ക മത്സരിച്ചിരുന്നത്. നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബി.ജെ.പി അധികാരത്തിൽ വരുന്നത്. സുഷമസ്വരാജിന് ശേഷം ബി.ജെ.പിയില്‍ നിന്ന് ഡല്‍ഹിയില്‍ മുഖ്യമന്ത്രി പദത്തിലേക്കെത്തുന്ന വനിതയാണ് രേഖാ ഗുപ്ത. 1974ല്‍ ഹരിയാനയില്‍ ജനിച്ച രേഖാ ഗുപ്ത വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായത്. 1992ല്‍ ഡല്‍ഹി ദൗലത്ത് റാം കോളജിലെ പഠനകാലത്ത് എ.ബി.വി.പിയിലൂടെ വിദ്യാര്‍ഥിരാഷ്ട്രീയത്തിലെത്തി.
2003 മുതല്‍ 2004 വരെ ഡല്‍ഹി യുവമോര്‍ച്ചയുടെ സെക്രട്ടറിയും 2004 മുതല്‍ 2006 വരെ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയുമായി. 2007ല്‍ ഡല്‍ഹി മുനിസിപ്പല്‍ കോർപറേഷന്‍ തെരഞ്ഞെടുപ്പില്‍ നോര്‍ത്ത് പിതംപുരയില്‍ നിന്ന് കൗണ്‍സിലറായി ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു. 2012ലും തെരഞ്ഞെടുപ്പില്‍ വിജയിച്ച് കൗണ്‍സിലറായി. ബി.ജെ.പിയുടെ ദേശീയ എക്‌സിക്യുട്ടീവ് അംഗവും മഹിളാമോര്‍ച്ച ദേശീയ ഉപാധ്യക്ഷയുമാണ് നിലവില്‍ രേഖാ ഗുപ്ത. ബി.ജെ.പി ഡല്‍ഹി ഘടകത്തിന്റെ ജനറല്‍ സെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.