മദ്യം തൊണ്ടയിലെ കോവിഡ് വൈറസിനെ നശിപ്പിക്കും, മദ്യഷോപ്പുകൾ തുറക്കണം- കോൺഗ്രസ് എം.എൽ.എ

ജയ് പുർ: കോവിഡ് വൈറസിനെ തുരത്താനുള്ള വിചിത്ര നിർദേശവുമായി രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ ഭരത് സിങ് കുന്ദൻപുർ. മദ്യം തൊണ്ടയിലെ കൊറോണ വൈറസിനെ നശിപ്പിക്കുമെന്നും  അതിനാൽ  മദ്യഷോപ്പുകൾ തുറക്കണമെന്നുമാണ് ഇദ്ദേഹത്തിന്‍റെ ആവശ്യം. ആൽക്കഹോൾ ഉള്ള സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകുമ്പോൾ കോവിഡ് വൈറസുകൾ നശിക്കുമെങ്കിൽ ആൽക്കഹോൾ കുടിക്കുമ്പോൾ തൊണ്ടയിലെ വൈറസുകൾ നശിക്കുമെന്നാണ് ഇദ്ദേഹത്തിന്‍റെ വാദം. 

മദ്യശാലകൾ അടച്ചിടുന്നതുകൊണ്ട് സംസ്ഥാനത്തുണ്ടാകുന്ന വരുമാന നഷ്ടവും കൂടി ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിന് കത്തയച്ചിട്ടുള്ളത്. മദ്യഷോപ്പുകൾ തുറക്കുന്നതോടെ വ്യാജമദ്യം ഉത്പാദിപ്പിക്കുന്നതിനുള്ള സാധ്യത കുറയുമെന്നും ലോക്ഡൗൺ നിലനിൽക്കെത്തന്നെ മദ്യഷോപ്പുകൾ തുറന്നുപ്രവർത്തിപ്പിക്കണമെന്നുമാണ് ഇദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നത്. രാജസ്ഥാനിലെ സാൻഗോഡ് നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് ഇദ്ദേഹം.

സാനിറ്റൈസർ നിർമാണത്തിലെ അവശ്യഘടകമാണ് ആൽക്കഹോൾ എന്നതിനാൽ മദ്യം യഥേഷ്ടം ലഭ്യമാക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് പല കോണുകളിൽ നിന്ന് ഇതിനുമുൻപും ആവശ്യമുയർന്നിരുന്നു. ഇതിന് ശാസ്ത്രീയമായ വിശദീകരണങ്ങളൊന്നുമില്ല. ആധികാരികമായ പഠനങ്ങളൊന്നും തന്നെ മദ്യം കോവിഡ് വൈറസിനെ തുരത്താൻ പര്യാപ്തമാണെന്ന് തെളിയിച്ചിട്ടുമില്ല.

Tags:    
News Summary - Alchol may kill corona virus- congress MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.