മെച്ചപ്പെട്ട ഭരണത്തി​നെന്ന വ്യാജേന രാജ്യത്തെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ബി.ജെ.പി ഏ​റ്റെടുക്കുന്നു​; എതിർപ്പുമായി അഖിലേഷ് യാദവ്

ലഖ്‌നൗ: ക്ഷേത്രങ്ങളുടെ നടത്തിപ്പിൽ സർക്കാർ ഇടപെടുന്നതിനെ ശക്തമായി എതിർത്ത് സമാജ്‌വാദി പാർട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്. ക്ഷേത്രങ്ങളെ ഭരണ അഴിമതിയിൽ നിന്ന് സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തി​ന്‍റെ മറവിൽ രാജ്യത്തുടനീളമുള്ള പ്രധാന ക്ഷേത്രങ്ങളുടെ നിയന്ത്രണം ബി.ജെ.പി സർക്കാർ പരോക്ഷമായി ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം ‘എക്സി’ൽ പങ്കുവെച്ച പോസ്റ്റിൽ ആരോപിച്ചു. മഥുരയിലെ ബങ്കെ ബിഹാരി ക്ഷേത്രത്തി​ന്‍റെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ഒരു ട്രസ്റ്റ് രൂപീകരിച്ചതായി അവകാശപ്പെട്ടുകൊണ്ടുള്ള ഒരു വിഡിയോക്കൊപ്പമാണ് എതിർപ്പുമായി അഖിലേഷി​ന്‍റെ കുറിപ്പ്.

‘മെച്ചപ്പെട്ട ഭരണത്തിനെന്ന വ്യാജേന ബി.ജെ.പിയും അവരുടെ കൂട്ടാളികളും പ്രമുഖ ക്ഷേത്രങ്ങളുടെ പരോക്ഷ നിയന്ത്രണം ഏറ്റെടുക്കുന്നു. നൂറ്റാണ്ടുകളായി ഈ ക്ഷേത്രങ്ങളെ ഭക്തിപൂർവ്വം കൈകാര്യം ചെയ്തിരുന്നവരുടെ അവകാശങ്ങൾ കവർന്നെടുക്കപ്പെടുന്നു. കൂടാതെ അവർ കഴിവില്ലാത്തവരാണെന്നോ ക്ഷേത്ര കാര്യങ്ങൾ തെറ്റായി കൈകാര്യം ചെയ്യുന്നവരാണെന്നോ അന്യായമായി ആരോപിക്കുന്നു’ -യാദവ് ഹിന്ദിയിലുള്ള  പോസ്റ്റിൽ പറഞ്ഞു.

ഭരണകൂടം നിയമിക്കുന്ന പുറത്തുള്ളവരോ പ്രൊഫഷണലുകളോ ഈ പുണ്യ സ്ഥാപനങ്ങളെ ലാഭമുണ്ടാക്കുന്ന സംരംഭങ്ങളെപ്പോലെയാണ് കാണുന്നത്. ‘ബെൽപത്ര’ ഇലകൾ പോലുള്ള ലളിതമായ വഴിപാടുകൾ പോലും അഴിമതിക്കാരായ ഉദ്യോഗസ്ഥർ വിറ്റഴിച്ച സംഭവങ്ങളുണ്ട്. മതം പൊതുനന്മക്കുവേണ്ടിയാണ്, പണലാഭത്തിനുവേണ്ടിയല്ല എന്നും യാദവ് ബി.ജെ.പിക്കും അതിന്റെ സഖ്യകക്ഷികൾക്കും മുന്നറിയിപ്പ് നൽകി.

ബി.ജെ.പി അധികാരത്തിൽ വന്നതിനുശേഷം ക്ഷേത്രങ്ങൾ കൂടുതലായി ഭരണ നിയന്ത്രണത്തിലാകുന്നത് യാദൃച്ഛികമല്ല. ഇത് രാജ്യത്തി​ന്‍റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങൾക്ക് എതിരാണ്. പരമ്പരാഗതമായി ക്ഷേത്രപാലകർ നടത്തിപ്പിൽ കൊണ്ടുവരുന്ന വിശ്വാസവും സേവനവും ഉയർത്തിപ്പിടിക്കാൻ രാഷ്ട്രീയ പക്ഷപാതത്തി​​ന്‍റെ സ്വാധീനത്താൽ സർക്കാർ ഉദ്യോഗസ്ഥർക്ക് കഴിയുമോ എന്നും എസ്.പി മേധാവി ചോദിച്ചു.

Tags:    
News Summary - Akhilesh Yadav opposes any attempt for govt control on temples

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.