ലഖ്‌നോ: സമാജ്‌വാദി പാർട്ടി സ്ഥാപകൻ അന്തരിച്ച മുലായം സിങ് യാദവിന്റെ മകനും പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ സഹോദരനുമായ പ്രതീക് യാദവ് (38) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലഖ്‌നോവിൽ വെച്ചായിരുന്നു അന്ത്യം. ലഖ്‌നോ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സഹോദരന്റെ വിയോഗത്തിൽ അഖിലേഷ് യാദവ് തീവ്രദുഃഖം രേഖപ്പെടുത്തി. ‘പ്രതീക് യാദവിന്റെ വിയോഗം അത്യന്തം വേദനാജനകമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് ദൈവം നിത്യശാന്തി നൽകട്ടെ’ എന്ന് അദ്ദേഹം എക്സിൽ കുറിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതീക് യാദവിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
കുറച്ചുകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു പ്രതീക്. ശ്വാസകോശത്തിലെ രക്തം കട്ടപിടിക്കുന്ന അവസ്ഥക്ക് ചികിത്സ തേടിവരികയായിരുന്നു. ബുധനാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തതോടെയാണ് കുടുംബം ഉടൻ ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക പരിശോധനയിൽ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല. മരണകാരണം കൃത്യമായി കണ്ടെത്താനായി ലഖ്‌നോ സിവിൽ ഹോസ്പിറ്റലിലെ നാലംഗ ഡോക്ടർമാരുടെ സംഘം പോസ്റ്റ്‌മോർട്ടം നടത്തും. കൂടാതെ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ (KGMU) വിദഗ്ധ ഡോക്ടർമാരുടെ സംഘവും പരിശോധനയിൽ പങ്കുചേരും.
മുലായം സിങ് യാദവിന്റെ രണ്ടാമത്തെ ഭാര്യ സാധ്‌നയിലുള്ള മകനാണ് പ്രതീക് യാദവ്. അഖിലേഷ് യാദവ് തന്റെ പിതാവിന്റെ രാഷ്ട്രീയ പാരമ്പര്യം ഏറ്റെടുത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടിയുടെ അമരക്കാരനുമായി മാറിയപ്പോൾ, പ്രതീക് രാഷ്ട്രീയത്തിൽ നിന്ന് ബോധപൂർവ്വം വിട്ടുനിന്നു. ലഖ്‌നോവിലെ അറിയപ്പെടുന്ന റിയൽ എസ്റ്റേറ്റ് വ്യാപാരിയും ഫിറ്റ്‌നസ് പ്രേമിയുമായിരുന്നു അദ്ദേഹം. പ്രതീക് യാദവിന്റെ ഭാര്യയായ അപർണ യാദവ് രാഷ്ട്രീയത്തിൽ സജീവമാണ്. സമാജ്‌വാദി പാർട്ടിയിൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ അപർണ പിന്നീട് ബി.ജെ.പിയിൽ ചേർന്നത് വലിയ വാർത്തയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.