ന്യൂഡൽഹി: ശൈത്യകാലം ആരംഭിക്കുന്നതിനുമുമ്പ് വായു മലിനീകരണം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സുപ്രീം കോടതി. ഇതിനുള്ള നടപടികൾ മൂന്നാഴ്ചക്കുള്ളിൽ സ്വീകരിക്കണമെന്ന് വായു ഗുണനിലവാര മാനേജ്മെന്റ് കമീഷൻ (സി.എ.ക്യു.എം), കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകൾ എന്നിവയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിേന്റതാണ് നടപടി. ഈ അതോറിറ്റികളിലെ ഒഴിവുകൾ നികത്തുന്നതുമായി ബന്ധപ്പെട്ട സ്വമേധയാ എടുത്ത കേസ് പരിഗണിക്കുകയായിരുന്നു ബെഞ്ച്. ഒക്ടോബർ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലെ ദീർഘകാല ഒഴിവുകൾ നികത്തുന്നതിൽ സംസ്ഥാനങ്ങൾ പരാജയപ്പെട്ടതിനെ കോടതി രൂക്ഷമായി വിമർശിച്ചു. മലിനീകരണം രൂക്ഷമാകുന്ന സമയത്ത് ആവശ്യത്തിന് ജീവനക്കാരില്ലാത്തത് പരിസ്ഥിതി പ്രതിസന്ധി കൂടുതൽ വഷളാക്കും. മൂന്നുമാസത്തിനുള്ളിൽ ഒഴിവുകൾ നികത്തണമെന്ന് ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളോട് ബെഞ്ച് ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളിലും സി.എ.ക്യു.എമ്മിലും സി.പി.സി.ബിയിലും സ്ഥാനക്കയറ്റ തസ്തികകൾ നികത്തുന്നതിന് ആറ് മാസത്തെ സമയം അനുവദിച്ചു.
ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവയുടെ ചില ഭാഗങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി കേന്ദ്രം രൂപവത്കരിച്ച സ്ഥാപനമാണ് സി.എ.ക്യു.എം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.