കൂട്ടിയിടിയുടെ വക്കിൽ എയർ ഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ; വീഴ്ച വരുത്തിയ ജീവനക്കാർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനവും നേപ്പാൾ എയർലൈൻസ് വിമാനവും പറക്കലിനിടെ കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. ഇരുവിമാനങ്ങളും അപകടകരമാം വിധം അടുത്തെത്തിയെങ്കിലും പൈലറ്റുമാരുടെ സമയോചിത ഇടപെടലിലൂടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. നേപ്പാളിൽ വെച്ചാണ് സംഭവം. വിമാനങ്ങൾക്ക് കൃത്യമായി നിർദേശം കൊടുക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് എയർ ട്രാഫിക് കൺട്രോൾ ജീവനക്കാരെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

മാർച്ച് 24നായിരുന്നു സംഭവം. ക്വാലാലംപൂരിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നേപ്പാൾ എയർലൈൻസ് വിമാനവും ന്യൂഡൽഹിയിൽ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എയർ ഇന്ത്യ വിമാനവുമാണ് പരസ്പരം അടുത്തെത്തിയത്. കാഠ്ണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിനരികെ എയർ ഇന്ത്യ വിമാനം 19,000 അടി ഉയരത്തിൽ പറക്കുമ്പോൾ 15,000 അടി ഉയരത്തിൽ നേപ്പാൾ എയർലൈൻസിന്‍റെ വിമാനവും പറക്കുന്നുണ്ടായിരുന്നു.

രണ്ട് വിമാനങ്ങളും അപകടകരമാംവിധം അടുത്താണെന്ന് റഡാറിൽ തെളിഞ്ഞതോടെ നേപ്പാൾ എയർലൈൻസിന്‍റെ പൈലറ്റ് 7000 അടിയിലേക്ക് വിമാനം താഴ്ത്തിപ്പറത്തി.


ജീവനക്കാരുടെ അശ്രദ്ധയാണ് വിമാനങ്ങൾ അടുത്തുവരാൻ കാരണമെന്നും വീഴ്ച അന്വേഷിക്കാൻ മൂന്നംഗ സമിതിക്ക് രൂപംനൽകിയെന്നും നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അതേസമയം, ഇതുസംബന്ധിച്ച് എയർ ഇന്ത്യ വിശദീകരണമൊന്നും നൽകിയിട്ടില്ല. 

Tags:    
News Summary - Air India, Nepal Airlines Aircraft Almost Collided; 3 Air Traffic Controllers Removed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.