ന്യൂഡൽഹി: വിദേശ യാത്രക്കാർക്കും പ്രവാസികൾക്കും തിരിച്ചടിയായി എയർ ഇന്ത്യയുടെ പുതിയ തീരുമാനം. വ്യോമപാതയിലെ നിയന്ത്രണങ്ങളും വിമാന ഇന്ധനവില വർധനവും ചൂണ്ടിക്കാട്ടി തങ്ങളുടെ അന്താരാഷ്ട്ര സർവീസുകൾ വെട്ടികുറക്കുന്നതായി എയർ ഇന്ത്യ അറിയിച്ചു. ജൂൺ മാസം മുതൽ ആഗസ്റ്റ് മാസം വരെയാണ് ഈ ക്രമീകരണങ്ങൾ നിലവിലുണ്ടാകുക.
ഒരു എയർലൈനിൻറെ പ്രവർത്തനച്ചെലവിൻറെ 40 ശതമാനം വരെ ഇന്ധനമാണ്. ഇന്ധന വിലയിലെ വർധന ദീർഘദൂര വിമാനക്കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. പ്രവർത്തനച്ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർലൈൻ കമ്പനി സർവീസുകളിൽ പലതും റദ്ദാക്കാൻ തീരുമാനിച്ചത്. യാത്രകൾ വെട്ടിക്കുറക്കാൻ എയർ ഇന്ത്യ തീരുമാനമെടുത്തതോടെ പ്രവാസികൾ ആശങ്കയിലായിരിക്കുകയാണ്. കുറഞ്ഞ ചെലവിൽ നാട്ടിലേക്കെത്താൻ പ്രവാസികളെ സഹായിക്കുന്ന എയർ ഇന്ത്യയുടെ സർവീസ് ഇല്ലാതാകുന്നതോടെ പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്ര പ്രതിസന്ധിയിലാകും.
വിമാന സർവീസുകളുടെ കൃത്യത ഉറപ്പാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനുമാണ് ഈ നടപടിയെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. പല റൂട്ടുകളിലും വിമാനങ്ങളുടെ എണ്ണം കുറച്ചപ്പോൾ ചില സർവീസുകൾ പൂർണ്ണമായും ചില സർവീസുകൾ താൽക്കാലികമായും നിർത്തിവെച്ചു.
എന്നാൽ ടിക്കറ്റ് ബുക്ക് ചെയ്തവർ ആശങ്കപ്പെടേണ്ടതില്ലെന്ന് എയർ ഇന്ത്യ അറിയിച്ചു. സർവീസുകളിൽ മാറ്റം വരുന്ന യാത്രക്കാരെ മുൻകൂട്ടി അറിയിക്കുമെന്നും, അവർക്ക് മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാനുള്ള സൗകര്യമോ, ടിക്കറ്റ് തുക തിരികെ നൽകുകയോ ചെയ്യുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.