ഭരണഘടനാ വിരുദ്ധ നീക്കം മുസ്ലിംകൾക്ക് സ്വീകാര്യമല്ല, ഏക സിവിൽ കോഡിനെതിരെ ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

ന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാറിന്‍റെയും ഉത്തരാഖണ്ഡ്, യു.പി അടക്കമുള്ള സംസ്ഥാന സർക്കാറുകളുടെയും നീക്കം ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് ആൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്. വിലക്കയറ്റം, സമ്പദ്‌വ്യവസ്ഥ, വർധിച്ചു വരുന്ന തൊഴിലില്ലായ്മ എന്നിവയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണിതെന്ന് ജനറൽ സെക്രട്ടറി മൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി ചൂണ്ടിക്കാട്ടി. രാജ്യത്തെ ഓരോ പൗരനും അവരവരുടെ മതമനുസരിച്ച് ജീവിക്കാൻ ഭരണഘടന അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യഥാർഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നതിനും വിദ്വേഷത്തിന്‍റെയും വിവേചനത്തിന്‍റെയും അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഏക സിവിൽ കോഡ് വിഷയം കൊണ്ടുവരുന്നത്. ഭരണഘടനാ വിരുദ്ധ നീക്കം മുസ്ലിംകൾക്ക് ഒട്ടും സ്വീകാര്യമല്ല. സർക്കാറുകളുടെ നീക്കത്തെ ശക്തമായി അപലപിച്ച മുസ്ലിം വ്യക്തി നിയമ ബോർഡ്, നീക്കത്തിൽ നിന്ന് സർക്കാറുകൾ പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ബി.ജെ.പി ഭരണത്തിലുള്ള ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കമാണ് നടത്തുന്നത്. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കാനാവുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടൽ.

Tags:    
News Summary - AIMPLB calls Uniform Civil Code unconstitutional, anti-minorities move

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.