ചെന്നൈ: തമിഴ്നാട് നിയമസഭയിൽ നടന്ന വിശ്വാസ വോട്ടെടുപ്പിൽ മുഖ്യമന്ത്രി വിജയിക്കും ടി.വി.കെക്കും അനുകൂലമായി വോട്ടുചെയ്തതിന് പിന്നാലെ എ.ഐ.എ.ഡി.എം.കെയിൽ ആഭ്യന്തര കലഹം. വിജയിയെ പിന്തുണച്ച 29 നേതാക്കളെ എ.ഐ.എ.ഡി.എം.കെ പാർട്ടിയിൽനിന്ന് പുറത്താക്കി. കൂറുമാറിയ എസ്.പി. വേലുമണി, സി.വി. ഷൺമുഖം ഉൾപ്പെടെയുള്ള നേതാക്കളെയാണ് പാർട്ടി പുറത്താക്കിയത്. മുൻമന്ത്രിമാരായ ആർ. കാമരാജ്, സി. വിജയഭാസ്‌കർ, പി. തങ്കമണി തുടങ്ങിയവരും പുറത്താക്കിയവരിൽ ഉൾപ്പെടും.
എ.ഐ.എ.ഡി.എം.കെയിലെ അംഗങ്ങളാരും ടി.വി.കെയെ പിന്തുണച്ച് വോട്ട് ചെയ്യില്ലെന്ന് ചൊവ്വാഴ്ച നടന്ന വിശ്വാസവോട്ടെടുപ്പിന് മുമ്പായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി നിയമസഭയിൽ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എം.എൽ.എമാർ കൂറുമാറി വിജയിയെ പിന്തുണച്ച് വോട്ട് ചെയ്തത്. വിജയ് എം.എൽ.എമാർക്ക് പണം നൽകിയെന്നായിരുന്നു ഇ.പി.എസ് ഉയർത്തിയ ആരോപണം.
234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ 108 സീറ്റുകളാണ് ടി.വി.കെ നേടിയത്. രണ്ടു മണ്ഡലങ്ങളിൽ മത്സരിച്ച വിജയ് ഒരു മണ്ഡലത്തിൽ രാജിവെച്ചതോടെ 107 സീറ്റുകളായി. കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, മുസ്‍ലിംലീഗ് തുടങ്ങിയ പാർട്ടികൾ വിജയിക്ക് പിന്തുണ അറിയിച്ചിരുന്നു. കൂടാതെ എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർകൂടി വിജയിയെ അനുകൂലിച്ച് വോട്ട് ചെയ്തതോടെ 144 വോട്ടുകൾ നേടി വിജയ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചു.
എ.ഐ.എ.ഡി.എം.കെയുടെ 25 എം.എൽ.എമാരാണ് സർക്കാരിനെ പിന്തുണച്ച് വോട്ട് ചെയ്തത്. ടി.വി.കെ സർക്കാരിന് എ.ഐ.എ.ഡി.എം.കെ എം.എൽ.എമാർ പിന്തുണ പ്രഖ്യാപിച്ചതോടെ പാർട്ടി പളനിസ്വാമി പക്ഷമെന്നും ഷൺമുഖം-വേലുമണി പക്ഷമെന്നും രണ്ടായി പിളർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.