തമിഴകത്ത് കരുനീക്കങ്ങൾ; വിശ്വാസ വോട്ടെടുപ്പിന് മുന്നേ വിജയിക്കൊപ്പം കൈകോർത്ത് വിമതർ

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തെ അമ്പരപ്പിച്ച് ഭരണകക്ഷിയായ തമിഴക വെട്രി കഴകത്തിന് (ടി.വി.കെ) പിന്തുണ പ്രഖ്യാപിച്ച് എ.ഐ.എ.ഡി.എം.കെയിലെ ഒരു വിഭാഗം. ബുധനാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി വിമത നേതാക്കളായ എസ്‌.പി വേലുമണി, സി.വി ഷൺമുഖം എന്നിവർ മുഖ്യമന്ത്രി വിജയുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അണ്ണ ഡി.എം.കെ ആസ്ഥാനത്തെത്തിയാണ് മുഖ്യമന്ത്രി നേതാക്കളെ കണ്ടത്.

പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ നിലപാടുകളിൽ പ്രതിഷേധിച്ച് 30ഓളം എം.എൽ.എമാർ ഷൺമുഖം ക്യാമ്പിലുണ്ടെന്നാണ് സൂചന.

സംസ്ഥാന വികസനത്തിനായി വിജയ് സർക്കാർ തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സി.വി ഷൺമുഖം മാധ്യമങ്ങളോട് പറഞ്ഞു. ഈ നീക്കം എ.ഐ.എ.ഡി.എം.കെയിൽ ഔദ്യോഗികമായ പിളർപ്പിന് വഴിമരുന്നിട്ടിരിക്കുകയാണ്.

നിലവിൽ 120 അംഗങ്ങളുടെ പിന്തുണയുള്ള വിജയ് സർക്കാരിന് 30 വിമതരുടെ കൂടി പിന്തുണ ലഭിക്കുന്നതോടെ സഭയിലെ അംഗബലം 150 ആയി ഉയരും.

ഇതോടെ വിശ്വാസ വോട്ടെടുപ്പിൽ വിജയിയുടെ നില സുരക്ഷിതമായി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 164 സീറ്റുകളിൽ 47 എണ്ണത്തിൽ മാത്രമാണ് എ.ഐ.എ.ഡി.എം.കെക്ക് വിജയിക്കാനായത്.

അതിനിടെ, വിജയ് സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച എ.എം.എം.കെ എം.എൽ.എ എസ്. കാമരാജിനെ പാർട്ടി ജനറൽ സെക്രട്ടറി ടി.ടി.വി ദിനകരൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ ഏക എം.എൽ.എയാണ് കാമരാജ്. വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയത്തിൽ കൂടുതൽ നാടകീയമായ നീക്കങ്ങൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags:    
News Summary - AIADMK Rebels Back Vijay Ahead of Trust Vote in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.