ചെന്നൈ: രണ്ടാഴ്ചക്കാലമായി അണ്ണാ ഡി.എം.കെയിൽ കലാപക്കൊടി ഉയർത്തിക്കൊണ്ടിരുന്ന എസ്.പി. വേലുമണിയുടെ നേതൃത്വത്തിലുള്ള വിമത വിഭാഗം ബുധനാഴ്ച നാടകീയമായി പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള ഔദ്യോഗികപക്ഷത്തിന് കീഴടങ്ങി.
ഭാവിയിൽ ഇരുവിഭാഗങ്ങളും എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നീങ്ങുമെന്നും പ്രഖ്യാപിച്ചു. ഭരണകക്ഷിയായ വിജയ് യുടെ ടി.വി.കെക്ക് നൽകിയ പിന്തുണ പിൻവലിച്ചതായും വിമത വിഭാഗം അറിയിച്ചു.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനുശേഷമാണ് അണ്ണാ ഡി.എം.കെ നിയമസഭകക്ഷി പിളർന്നത്. വിമതപക്ഷത്തിൽ 25 എം.എൽ.എമാരും എടപ്പാടി വിഭാഗത്തിൽ 22 എം.എൽ.എമാരുമാണുണ്ടായിരുന്നത്. ഇരുവിഭാഗവും ചീഫ് വിപ്പിനെ നിയമിക്കണമെന്നാവശ്യപ്പെട്ട് സ്പീക്കർക്ക് കത്തും നൽകിയിരുന്നു. അതിനിടെ നടന്ന വിശ്വാസ വോട്ടെടുപ്പിൽ വിമതപക്ഷത്തെ 25 എം.എൽ.എമാർ ടി.വി.കെക്ക് അനുകൂലമായി വോട്ടും ചെയ്തു. മന്ത്രിസഭ വിപുലീകരണത്തിൽ തങ്ങൾക്കും പ്രാതിനിധ്യം ലഭിക്കുമെന്നാണ് വിമത വിഭാഗം പ്രതീക്ഷിച്ചിരുന്നതെങ്കിലും വിജയ് ഇവരെ മന്ത്രിസഭയിലേക്ക് എടുത്തില്ല.
കാലുമാറ്റ നിരോധന നിയമവുമായി ബന്ധെപ്പട്ട നിയമക്കുരുക്കുകളും മിക്ക വിമത നേതാക്കളുടെയും പേരിൽ അഴിമതിക്കേസുകൾ നിലനിൽക്കുന്നതും കാരണമാണ് ടി.വി.കെ കേന്ദ്രങ്ങൾ ഇതിന് തയാറാവാതിരുന്നത്. അതിനിടെ വിമതപക്ഷത്തെ നാലു പേർ എം.എൽ.എ പദവി രാജിവെച്ച് ടി.വി.കെയിൽ ചേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.