തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷനെയും പ്രധാനമന്ത്രിയെയും ആക്ഷേപിക്കുന്ന എ.ഐ വിഡിയോ പ്രചരിപ്പിച്ചതിനും ആവശ്യപ്പെട്ടിട്ടും അത് നീക്കം ചെയ്യാത്തതിനും സാമൂഹികമാധ്യമ പ്ലാറ്റ്ഫോമായ എക്സിനെതിരെ കേരള പൊലീസ് കേസെടുത്തു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമീഷൻ അയച്ച സർക്കുലറിൽ ബി.ജെ.പിയുടെ സീലുണ്ടായതാണ് വിഡിയോ പ്രചാരണത്തിനുൾപ്പെടെ ആധാരം. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ പരിധിയിലാണ് സംഭവമെന്നതിനാലാണ് തിരുവനന്തപുരം സൈബർ പൊലീസ് സ്റ്റേഷനിൽ കേസെടുത്തത്. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശപ്രകാരമാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. സിന്തറ്റിക് ജനറേറ്റ് ഇൻഫർമേഷൻ പ്രകാരം രണ്ടുമണിക്കൂറിനകം വിഡിയോ നീക്കം ചെയ്യാത്തതിനാണ് കേസ്. വിഡിയോ പോസ്റ്റ് ചെയ്ത ലക്ഷ്മി എൻ. രാജു എന്ന അക്കൗണ്ട് ഉടമയെയും പ്രതിചേർത്തു.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇന്ത്യൻ പ്രധാനമന്ത്രിയെയും തെരഞ്ഞെടുപ്പ് കമീഷൻ ഉൾപ്പെടെ ഭരണഘടനാ അധികാരികളെയുംകുറിച്ച് തെറ്റിദ്ധരിപ്പിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ രീതിയിൽ ചിത്രീകരിച്ച എ.ഐ നിർമിത സിന്തറ്റിക് വിഡിയോയുടെ പ്രചാരണത്തിനെതിരെയാണ് നടപടിയെന്ന് കേരള പൊലീസ് വിശദീകരിച്ചു. അപകീർത്തികരമായ വിഡിയോ പ്രചരിക്കുന്നതായി തെരഞ്ഞെടുപ്പ് കമീഷന്റേതുൾപ്പെടെയുള്ള ഔദ്യോഗിക കേന്ദ്രങ്ങളിൽനിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പ്രസ്തുത എ.ഐ വിഡിയോ ഉള്ളടക്കം പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നതും തെരഞ്ഞെടുപ്പ് സംവിധാനങ്ങളുടെ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതുമാണെന്ന് ബോധ്യപ്പെട്ടു. അതിന്റെ അടിസ്ഥാനത്തിൽ മാതൃകാ പെരുമാറ്റച്ചട്ടത്തിനും നിയമവ്യവസ്ഥകൾക്കും അനുസൃതമായി കേരള പൊലീസ് സൈബർ ഓപറേഷൻസ് വിഭാഗംവഴി ഉള്ളടക്കത്തിന്റെ കൂടുതൽ പ്രചാരണം തടയാൻ അടിയന്തര നടപടി ആരംഭിച്ചു.
നിയമവിരുദ്ധ ഉള്ളടക്കങ്ങൾ ഉൾപ്പെട്ട പോസ്റ്റുകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് ഐ.ടി ആക്ട് പ്രകാരം നോട്ടീസ് നൽകിയതായും പൊലീസ് ആസ്ഥാനത്തുനിന്ന് അറിയിച്ചു.എക്സിനെതിരെ കേസെടുത്തതിൽ സാമൂഹികമാധ്യമങ്ങളിലുൾപ്പെടെ വിമർശനമുയർന്ന സാഹചര്യത്തിലാണ് കേസെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി വിശദീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.