മുംബൈ: ചെറിയ തുകക്ക് വൻ പ്രതിഫലമുള്ള പദ്ധതികളിൽ നിക്ഷേപിക്കാൻ ധൈര്യം പകർന്ന് ‘വാർത്ത വിഡിയോ’യിൽ മുകേഷ് അംബാനിയും ഇലോൺ മസ്കും രാഷ്ട്രപതിയും റിസർവ് ബാങ്ക് ഗവർണറും ധനകാര്യമന്ത്രിയും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാം. അതുകണ്ട് ചാടിവീഴരുതെന്ന് മുന്നറിയിപ്പ്.
പണം വാരാനാകുന്ന പദ്ധതികളുടെ വാർത്തയുമായി രാജീവ് സർദേശായി അടക്കമുള്ള മുഖ്യധാര ചാനൽ വാർത്താ അവതാരകർ വാർത്ത വായിക്കും, നിക്ഷേപത്തിന് പണമിറക്കാൻ ധൈര്യം പകർന്ന് മുകേഷ് അംബാനിയോ അമിതാഭ് ബച്ചനോ നാരായണ മൂർത്തിയോ ബൈറ്റുമായി തെളിയും. എന്നാൽ, സമൂഹമാധ്യമങ്ങളിൽ ഇടക്കിടെ പ്രത്യക്ഷപ്പെടുന്ന ഇത്തരം വിഡിയോകളിലുള്ളവർ ആരും ഒറിജിനലല്ല.
ഡീപ് ഫേക് വിഡിയോകളാണിത്. ഇവരെ കണ്ട് പണം നിക്ഷേപിച്ചാൽ ‘കമ്പനി’ വെബ്സൈറ്റിൽ ലാഭം കുന്നുകൂടുന്നത് കാണാം. അത് പിൻവലിക്കാൻ ചെല്ലുമ്പോഴാണ് ൈക്ലമാക്സ്. അപ്പോഴാണ് തട്ടിപ്പിനിരയായതാണെന്ന് നിക്ഷേപകൻ തിരിച്ചറിയുക. കൊൽക്കത്ത, ഡൽഹി, മുംബൈ, ബംഗളുരു തുടങ്ങിയ നഗരങ്ങളിൽ നിരവധിപേരാണ് തട്ടിപ്പിന് ഇരയായത്. ഒരു വർഷത്തിലേറെയായി സമൂഹ മാധ്യമങ്ങളിൽ ഇത്തരം വിഡിയോകൾ പ്രചരിക്കുന്നു.
പ്രതിദിനം 53,000 രൂപ ലാഭം വാഗ്ദാനംചെയ്യുന്ന വിഡിയോയിൽ തന്റെ വ്യാജനെ സൃഷ്ടിച്ചതിന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസി ഹൈദരാബാദ് സൈബർ പൊലീസിന് പരാതി നൽകിയിട്ടുണ്ട്. അതേസമയം, ക്രിപ്റ്റോ കറൻസി ഇടപാട്, ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണം വന്നതോടെ തട്ടിപ്പുകൾ കുറയുന്നതായി സൈബർ വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.