അഹ്മദാബാദ്: അഹ്മദാബാദ് വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട 270 പേരിൽ 135 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇതിൽ 101 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. ഡി.എൻ.എ ഒത്തുനോക്കിയാണ് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞത്.
കൈമാറിയ 101 മൃതദേഹങ്ങളിൽ അഞ്ച് പേർ വിമാനയാത്രികരല്ലെന്ന് അഹ്മദാബാദ് സിവിൽ ആശുപത്രി സൂപ്രണ്ട് ഡോ. രാകേഷ് ജോഷി പറഞ്ഞു. ശേഷിക്കുന്ന മൃതദേഹങ്ങളുടെ ഡി.എൻ.എ പരിശോധനയും ഉടൻ പൂർത്തിയാക്കി തിരിച്ചറിഞ്ഞ് ബന്ധുക്കൾക്ക് കൈമാറുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂൺ 12നാണ് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ ബോയിങ് വിമാനം ഉച്ചക്ക് 1.39ഓടെ ടേക് ഓഫിന് പിന്നാലെ തകർന്ന് 270 പേർ കൊല്ലപ്പെട്ടത്. വിമാനത്തിലുണ്ടായ 242 പേരിൽ ഒരാളൊഴികെ എല്ലാവരും മരിച്ചിരുന്നു. വിമാനം തകർന്നുവീണ ഹോസ്റ്റൽ കെട്ടിടത്തിലെ എം.ബി.ബി.എസ് വിദ്യാർഥികൾ ഉൾപ്പെടെ യാത്രികരല്ലാത്ത 29 പേരും മരിച്ചു. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും ഉൾപ്പെടുന്നു.
രാജ്യം കണ്ട ഏറ്റവും വലിയ വിമാന ദുരന്തങ്ങളിലൊന്നായ അഹ്മദാബാദ് അപകടത്തിന്‍റെ കാരണങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്സ് റെക്കോഡർ കണ്ടെത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകട കാരണം കണ്ടെത്താൻ സഹായിക്കുന്ന നിർണായക തെളിവാണിത്. നേരത്തേ, വിമാനത്തിന്റെ ഫ്ലൈറ്റ് ഡാറ്റ റെക്കോർഡർ (എഫ്.ഡി.ആർ) മാത്രമേ കണ്ടെത്തിയിരുന്നുള്ളൂ.
വിമാനം അമേരിക്കൻ നിർമിതമായതിനാൽ, എ.എ.ഐ.ബി വിശദമായ അന്വേഷണം തുടങ്ങി. യു.എസ് നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.