ന്യൂഡൽഹി: രണ്ടു ദിവസമായി ഡൽഹിയിൽ നടന്ന പോളിറ്റ്ബ്യൂറോ (പി.ബി) യോഗത്തിൽ 24ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് സംഘടന റിപ്പോർട്ട് ചർച്ചചെയ്തു. താഴേത്തട്ടിൽ സംഘടനാ ശക്തി വർധിപ്പിക്കുന്നതിൽ വേണ്ടത്ര വിജയം കൈവരിച്ചില്ലെന്നും ഇതിനായി കൂടുതൽ സമരങ്ങൾ ഏറ്റെടുക്കുന്നതും പ്രായപരിധി കഴിഞ്ഞവരെ പാർട്ടി കമ്മിറ്റികളിൽനിന്ന് ഒഴിവാക്കുന്നതുമടക്കമുള്ള വിഷയങ്ങൾ ചർച്ചയായി.
പാർലമെന്റ്, നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി നിർണയ വിഷയത്തിൽ അഭിപ്രായസമന്വയം വഴി തീരുമാനമെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. 2026നുശേഷം നടത്തുന്ന സെൻസസിന് ശേഷമാണ് പാർലമെന്റ്, നിയമസഭ മണ്ഡലങ്ങളുടെ അതിർത്തി നിർണയ പ്രക്രിയ നടക്കേണ്ടത്. ഏറ്റവും പുതിയ ജനസംഖ്യ കണക്കുകളുടെ അടിസ്ഥാനത്തിൽ അതിർത്തി നിർണയം നടത്തിയാൽ, പാർലമെന്റിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിൽ കുറവുണ്ടാകും. അത്തരമൊരു കുറവ് രാഷ്ട്രീയമായും ജനാധിപത്യപരമായും അന്യായവും ഫെഡറൽ തത്ത്വത്തെ ദുർബലപ്പെടുത്തുന്നതുമാണെന്നും പി.ബി ചൂണ്ടിക്കാട്ടി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന തീരുവ ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ വ്യവസായങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ ഉറച്ച നിലപാട് സ്വീകരിക്കണം. ഹോളി ആഘോഷം സമാധാനപരമാക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധിക്കണം. റമദാൻ മാസത്തിലെ വെള്ളിയാഴ്ച ഹോളി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ്, ബിഹാർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള ബി.ജെ.പി നേതാക്കൾ പ്രകോപനപരമായ പ്രസ്താവനകളിറക്കിയത് അപലപനീയമാണെന്നും പി.ബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.