യു.പിയിലെ വിജയം: നന്ദിയാത്രയുമായി കോൺഗ്രസ്, ആളുകൾക്ക് ഭരണഘടന സമ്മാനിക്കും

ലഖ്നോ: ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണി വൻ നേട്ടമുണ്ടാക്കിയതിന് പിന്നാലെ നന്ദി യാത്രയുമായി കോൺഗ്രസ്. ജൂൺ 11 മുതൽ 15 വരെ നടക്കുന്ന ധന്യവാദ് യാത്ര യു.പിയിലെ 403 നിയമസഭ മണ്ഡലങ്ങളിലുമെത്തും. മുതിർന്ന പാർട്ടി നേതാക്കളും പ്രവർത്തകരും യാത്രയുടെ ഭാഗമാവും.

യാത്രക്കിടെ വിവിധ സമുദായങ്ങളിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ഇവരെ ഭരണഘടന നൽകി ആദരിക്കുകയും ചെയ്യും. 2024 ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പിയിലെ 80 സീറ്റുകളിൽ 43 എണ്ണത്തിലും ഇൻഡ്യ സഖ്യം വിജയിച്ചിരുന്നു.

കോൺഗ്രസ് ആറ് സീറ്റുകളിൽ വിജയിച്ചപ്പോൾ 37 സീറ്റുകളിലും വിജയം നേടിയത് സമാജ്‍വാദി പാർട്ടിയായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരു സീറ്റിലും എസ്.പിക്ക് അഞ്ച് സീറ്റിലും വിജയിക്കാൻ മാത്രമാണ് സാധിച്ചിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നിന്ന് ബി.ജെ.പിക്ക് 62 സീറ്റുകൾ ലഭിച്ചിരുന്നു.

ഉത്തർപ്രദേശിലെ റായ്ബറേലിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മൂന്ന് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് വിജയിച്ചത്. 2019ലെ സോണിയ ഗാന്ധിയുടെ ഭൂരിപക്ഷം രാഹുൽ മറികടന്നിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി 1.67 ലക്ഷം വോട്ടുകൾക്കാണ് ജയിച്ചത്. യു.പിയിൽ കേന്ദ്രമന്ത്രിയായ സ്മൃതി ഇറാനിയും പരാജയപ്പെട്ടിരുന്നു. കോൺഗ്രസിന്റെ കിശോരി ലാൽ ശർമ്മയോട് 1.65 ലക്ഷം വോട്ടിനാണ് സ്മൃതി ഇറാനി തോറ്റത്.

Tags:    
News Summary - After UP stunner, Congress announces 'Dhanyawaad Yatra' in state from June 11-15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.