ഗുജറാത്ത്​ തദ്ദേശ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ നേട്ടം

അഹ്മദാബാദ്: ഗുജറാത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനത പാര്‍ട്ടിക്ക് വന്‍നേട്ടം. രണ്ടു മുനിസിപ്പാലിറ്റികളിലേക്കും താലൂക്ക് പഞ്ചായത്തിലേക്കും നടന്ന തെരഞ്ഞെടുപ്പിലാണ് 123 സീറ്റുകളില്‍ 107 സീറ്റുകള്‍ നേടി ബി.ജെ.പി വിജയിച്ചത്. അടുത്ത വര്‍ഷം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ 16 സീറ്റുകളാണ് കോണ്‍ഗ്രസിന് നേടാനായത്. ഉപതെരഞ്ഞെടുപ്പ് നടന്ന മുനിസിപ്പാലിറ്റികള്‍, താലൂക്കുകള്‍, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും ബി.ജെ.പി വന്‍ ഭൂരിപക്ഷത്തോടെ മുന്നിട്ടുനിന്നു. 31 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്, നോട്ട് നിരോധനം എന്നീ തീരുമാനങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് തെരഞ്ഞെടുപ്പ് വിജയമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അഭിപ്രായപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍െറ കണക്കു പ്രകാരം വല്‍സാദ് ജില്ലയിലെ വാപി മുനിസിപ്പാലിറ്റിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളില്‍ 41 സീറ്റുകളും ബി.ജെ.പി നേടി. 

സൂറത്തിലെ കനക്പുര്‍-കന്‍സാദ് മുനിസിപ്പാലിറ്റിയില്‍ 28 സീറ്റുകളില്‍ 27 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. രണ്ടു മുനിസിപ്പാലിറ്റികളും നേരത്തേ ബി.ജെ.പി ഭരണത്തിലായിരുന്നു. യഥാക്രമം മൂന്നും ഒന്നും സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. നേരത്തേ കോണ്‍ഗ്രസ് ഭരണത്തിലായിരുന്ന രാജ്കോട്ടിലെ ഗോന്ദല്‍ താലൂക്ക് പഞ്ചായത്ത് 22 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബി.ജെ.പി സ്വന്തമാക്കി. 

ഉപതെരഞ്ഞെടുപ്പ് നടന്ന മുനിസിപ്പാലിറ്റികളില്‍ 16 സീറ്റുകളില്‍ 14 സീറ്റുകളും ജില്ലാ പഞ്ചായത്തില്‍ നാലു സീറ്റുകളില്‍ രണ്ടു സീറ്റുകളും, താലൂക്ക് പഞ്ചായത്തുകളില്‍ ഒമ്പതു സീറ്റുകളില്‍ അഞ്ചു സീറ്റുകളും ബി.ജെ.പി സ്വന്തമാക്കി. നോട്ടുകള്‍ നിരോധിച്ച കേന്ദ്ര തീരുമാനത്തിനൊപ്പമാണ് ജനങ്ങള്‍ എന്നതിന്‍െറ സൂചനയാണ് തെരഞ്ഞെടുപ്പ് ജയമെന്ന് സംസ്ഥാന ബി.ജെ.പി മാധ്യമ കണ്‍വീനര്‍ ഹര്‍ഷദ് പട്ടേല്‍ പറഞ്ഞു. തോല്‍വി അംഗീകരിക്കുന്നതായും ചില സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാത്രമാണ് നടന്നതെന്ന് ബി.ജെ.പി മറക്കരുതെന്നും കോണ്‍ഗ്രസ് നേതാവ് മനിഷ് ദോഷി പറഞ്ഞു. 

Tags:    
News Summary - After Maharashtra, Big Win For BJP In Gujarat After Notes Ban: 10 Points

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.