ഇന്ത്യ-പാക് വെടിനിർത്തൽ: സൈനിക ഓപറേഷൻസ് ഡയറക്ടർ ജനറൽമാരുടെ ചർച്ച ഇന്ന്; അതിർത്തി ശാന്തം

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും പ്രഖ്യാപിച്ച വെടിനിർത്തലിന്റെ അടിസ്ഥാനത്തിൽ സൈനിക നീക്കങ്ങളുടെ മേൽനോട്ടവും ഏകോപനവും നിർവഹിക്കുന്ന ഇരുരാജ്യങ്ങളുടെയും ഡി.ജി.എം.ഒ (ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസ്)മാർ തിങ്കളാഴ്ച യോഗം ചേരും.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്ക് പ്രാബല്യത്തിൽവന്ന വെടിനിർത്തൽ പ്രഖ്യാപിച്ചപ്പോഴാണ് കേന്ദ്ര വിദേശ സെക്രട്ടറി വിക്രം മിസ്രി തിങ്കളാഴ്ച ഉച്ചക്ക് 12ന് യോഗം ചേരുമെന്നറിയിച്ചത്. ലഫ്. ജനറൽ രാജീവ് ഗായിയും പാകിസ്താന്‍റെ മേജർ ജനറൽ കാശിഫ് ചൗധരിയും തമ്മിലാണ് ചർച്ച. വെടിനിർത്തൽ ധാരണ തുടരുന്നതിനുള്ള തുടർ നടപടികൾ യോഗത്തിൽ ചർച്ചയാകും. പാകിസ്താൻ കാണിക്കുന്ന വിട്ടുവീഴ്ചാമനോഭാവത്തിന്‍റെ അടിസ്ഥാനത്തിലാകും ഇന്ത്യയുടെ തുടർനടപടികൾ. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന് കഴിഞ്ഞ ദിവസം വ്യോമസേന വ്യക്തമാക്കിയിരുന്നു.

അതേസമയം, പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ശാന്തമാണ്. ഭീതിയൊഴിഞ്ഞ സാഹചര്യത്തില്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും വീടുവിട്ട് പോയ ജനങ്ങള്‍ തിരിച്ചെത്തിത്തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. പാകിസ്താന്‍റെ ഭാഗത്തുനിന്ന് പുതിയ പ്രകോപനങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയില്‍ നിലവിലെ ജാഗ്രത തുടരാനാണ് ഇന്ത്യയുടെ തീരുമാനം. സൈന്യത്തെ ഉള്‍പ്പെടെ മേഖലകളില്‍നിന്ന് പിന്‍വലിക്കില്ല. പാകിസ്താന്‍റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പഹൽഗാമിൽ 26 വിനോദ സഞ്ചാരികളെ കൊലപ്പെടുത്തിയ പാക് ഭീകരതക്ക് തിരിച്ചടി നൽകിയ ഓപറേഷൻ സിന്ദൂറിൽ നൂറിലധികം ഭീകരരെ വധിച്ചതായി സൈന്യം വ്യക്തമാക്കിയിരുന്നു. പാകിസ്താന്റെ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. 35നും 40നുമിടയിൽ പാക് സൈനികർ കൊല്ലപ്പെട്ടു. ഇന്ത്യൻ മണ്ണിൽ ഇനി അതിർത്തികടന്നുള്ള ഭീകരാക്രമണമുണ്ടായാൽ തിരിച്ചടി ഭയാനകമായിരിക്കുമെന്നും മൂന്ന് സേനകളും സംയുക്തമായി നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

കാണ്ഡഹാർ വിമാന റാഞ്ചലിലും പുൽവാമ ആക്രമണത്തിലും പങ്കാളിത്തമുള്ള കൊടുംഭീകരരായ യൂസുഫ് അസ്ഹർ, അബ്ദുൽ മാലിക് റഊഫ്, മുദാസിർ അഹ്മദ് തുടങ്ങിയവരും കൊല്ലപ്പെട്ടതായി ലഫ്. ജനറൽ രാജീവ് ഗായ് പറഞ്ഞു. ഭീകരതാവളങ്ങൾ തകർക്കുന്ന ദൃശ്യങ്ങളും വാർത്തസമ്മേളനത്തിൽ പറത്തുവിട്ടു. ഭീകരതയുടെ ഉപജ്ഞാതാക്കളെ ശിക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

വിവിധ ഇന്റലിജൻസ് ഏജൻസികളുടെ സഹായത്തോടെയാണ് പാകിസ്താനിലെ ഒമ്പതു ഭീകരതാവളങ്ങൾ തെരഞ്ഞെടുത്തത്. ഇവയിൽ ചിലത് പാക് അധീന കശ്മീരിലും മറ്റുള്ളവ പഞ്ചാബ് പ്രവിശ്യയിലുമായിരുന്നു. മേയ് ഏഴിലെ ഓപറേഷനിൽ ഭീകര താവളങ്ങൾ മാത്രമാണ് ആക്രമിച്ചത്. ജനവാസ കേന്ദ്രങ്ങളോ സൈനിക കേന്ദ്രങ്ങളോ ലക്ഷ്യമിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - After Ceasefire, DGMO-Level Talks Between India And Pakistan Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.