ജയ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജസ്ഥാനിലെ സിക്കർ സന്ദർശനത്തിന് മണിക്കൂറുകൾക്ക് മുമ്പ്, പി.എം കിസാൻ പദ്ധതിയുടെ 14ാം ഗഡു വിതരണം പ്രകാശം നിർവഹിക്കുന്ന പരിപാടി നടക്കാനിരിക്കെ, തന്റെ മൂന്ന് മിനിറ്റ് നീണ്ട പ്രസംഗം നീക്കം ചെയ്തുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്. പരിപാടിയിൽ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത പ്രസംഗമാണ് നീക്കം ചെയ്തതെന്ന് ഗെഹ്ലോട് ആരോപിച്ചു. പ്രസംഗം നീക്കിയതിനാൽ ട്വിറ്ററിലൂടെ മാത്രമേ താൻ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുവെന്നും ഗെഹ്ലോട് വ്യക്തമാക്കി. വിവിധ വികസന പദ്ധതികളുമായി ബന്ധപ്പെട്ടാണ് പ്രധാനമന്ത്രിയുടെ രാജസ്ഥാൻ സന്ദർശനം.
''ഇന്ന് താങ്കൾ രാജസ്ഥാൻ സന്ദർശിക്കുകയാണ്. താങ്കളുടെ ഓഫിസ് എന്റെ മുൻകൂട്ടി ഷെഡ്യൂൾ ചെയ്ത മൂന്ന് മിനിറ്റ് പ്രസംഗം പരിപാടിയിൽ നിന്ന് നീക്കം ചെയ്തു. അതിനാൽ എനിക്ക് താങ്കളെ പ്രസംഗത്തിലൂടെ സ്വാഗതം ചെയ്യാൻ കഴിയില്ല. ആയതിനാൽ, ഈ ട്വീറ്റിലൂടെ ഞാൻ താങ്കളെ രാജസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നു''- ഗെഹ്ലോട് ട്വീറ്റ് ചെയ്തു. ''ഈ പരിപാടിയിലെ പ്രസംഗത്തിലൂടെ ഉന്നയിക്കാനുള്ള ആവശ്യങ്ങൾ ഈ ട്വീറ്റിലൂടെ ഞാൻ മുന്നോട്ട് വയ്ക്കുന്നു. ആറ് മാസത്തിനുള്ളിൽ നടത്തുന്ന ഈ ഏഴാമത് യാത്രയിൽ താങ്കൾ അവ പൂർത്തിയാക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു''- ഗെഹ്ലോട് ട്വീറ്റ് ചെയ്തു.
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫിസ് ഗെഹ്ലോട്ടിന്റെ ആരോപണം നിഷേധിച്ചിട്ടുണ്ട്. പരിപാടിയിൽ പങ്കെടുക്കാൻ രാജസ്ഥാൻ മുഖ്യമന്ത്രിയെ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ''പ്രോട്ടോക്കോൾ അനുസരിച്ച്, നിങ്ങളെ ക്ഷണിച്ചു. നിങ്ങളുടെ പ്രസംഗവും ഷെഡ്യൂള്‍ ചെയ്തു. പക്ഷേ, നിങ്ങൾക്ക് പങ്കെടുക്കാൻ കഴിയില്ലെന്നു നിങ്ങളുടെ ഓഫിസ് അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുൻ സന്ദർശനങ്ങളിലും നിങ്ങളെ ക്ഷണിക്കുകയും നിങ്ങൾ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇന്നത്തെ പരിപാടിയിലും പങ്കെടുക്കാൻ നിങ്ങളെ സ്വാഗതം ചെയ്യുന്നു.നിങ്ങളുടെ സാന്നിധ്യം ഞങ്ങൾ അത്രയേറെ വിലമതിക്കുന്നു.''- പ്രധാനമന്ത്രിയുടെ ഓഫിസ് ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.