ഭയപ്പെടുത്തിയാലും അടിച്ചമർത്തിയാലും മിണ്ടാതിരിക്കാൻ പോകുന്നില്ല -അഫ്രീൻ ഫാത്തിമ

ന്യൂഡൽഹി: ഭയപ്പെടുത്താനും അടിച്ചമർത്താനും ജയിലിലിട്ട് കഷ്ടപ്പെടുത്താനും എത്ര കണ്ട് ശ്രമിച്ചാലും തങ്ങൾ നിശ്ശബ്ദരാകാൻ പോകുന്നില്ലെന്ന് പ്രയാഗ്രാജിൽ യോഗി സർക്കാറിന്‍റെ ബുൾഡോസർ പ്രതികാരത്തിനിരയായ ഫ്രറ്റേണിറ്റി നേതാവ് അഫ്രീൻ ഫാത്തിമ വ്യക്തമാക്കി. മുസ്ലിംകൾക്ക് പൗരന്മാരെന്ന നിലയിൽ തുല്യതയും അന്തസ്സോടെയുള്ള അതിജീവനവുമാണ് വേണ്ടതെന്നും അഫ്രീൻ പറഞ്ഞു.

''രാജ്യത്ത് കേട്ടുകൊണ്ടിരിക്കുന്ന സംസാരങ്ങൾ ഏറെ അസ്വസ്ഥപ്പെടുത്തുന്നതാണ്. എന്‍റെ പിതാവിനും മാതാവിനും തങ്ങളുടെ വീടിനും സംഭവിച്ചത് എന്താണെന്ന് എല്ലാവരുമറിയും. എന്നാൽ, സംഭവിച്ചത് എനിക്കും എന്‍റെ കുടുംബത്തിനും മാത്രമല്ല എന്നതാണ് യാഥാർഥ്യം. വീടുകൾ തകർക്കപ്പെട്ട നിരവധി മുസ്ലിം കുടുംബങ്ങൾക്കും മുസ്ലിം ആണെന്ന ഒരൊറ്റ കാരണത്താൽ വിലയൊടുക്കേണ്ടി വരുന്ന മുഴുവൻ കുടുംബങ്ങൾക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണെന്ന് അഫ്രീൻ പറഞ്ഞു.

പ്രയാഗ്രാജിൽനിന്ന് വിഡിയോ കോൺഫറൻസിലൂടെ ന്യൂഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ ഫ്രറ്റേണിറ്റി യൂത്ത് മൂവ്മെന്‍റ് സംഘടിപ്പിച്ച വാർത്തസമ്മേളനത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അവർ. ഉത്തർപ്രദേശിൽ മുസ്ലിം ഭവനങ്ങൾ തകർക്കുന്നതിന് നിരോധമേർപ്പെടുത്താനും നിരപരാധികളായ മുസ്ലിംകളെ അറസ്റ്റ് ചെയ്യുന്നത് തടയാനും കോടതി തയാറാകണമെന്ന് ലദീദ ഫർസാന ആവശ്യപ്പെട്ടു.

ബുൾഡോസർ ഇറക്കിയതിനെ അനധികൃത കൈയേറ്റങ്ങൾക്കെതിരായ ഒറ്റപ്പെട്ട നടപടിയായി കാണരുതെന്നും ഇത് ഒരേ ശ്രേണിയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണെന്നും അഡ്വ. കവൽപ്രീത് കൗർ അഭിപ്രായപ്പെട്ടു. നിയമവ്യവസ്ഥയെ മുഖ്യമന്ത്രി ബുൾഡോസർ ഉപയോഗിച്ച് തകർത്തുകഴിഞ്ഞു. കുറ്റാരോപിതരുടെ വീടുകൾ തകർക്കുക എന്നത് രാജ്യത്ത് ഒരു കുറ്റത്തിനുമുള്ള ശിക്ഷയല്ലെന്ന് കൗർ ഓർമിപ്പിച്ചു.

വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിനെയും മകൾ അഫ്രീൻ ഫാത്തിമയെയും കുടുംബത്തെയും വേട്ടയാടുന്നതിനെ അപലപിച്ച ഫ്രറ്റേണിറ്റി നേതാക്കൾ ഇവരുടെ കുടുംബത്തിന്‍റെ വീടും പ്രയാഗ് രാജിലെ മറ്റു മുസ്‍ലിം വീടുകളും തകർത്ത സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അനേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഫ്രറ്റേണിറ്റി ദേശീയ പ്രസിഡന്‍റ് ശംസീർ ഇബ്രാഹീം ജനറൽ സെക്രട്ടറി മുഹമ്മദ് അസിം ഖാൻ, അബുൽ അ്അലാ സുബ്ഹാനി, ഫവാസ് ശഹീൻ, റാനിയ സുലൈഖ തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Afraid and oppressed is not going to keep quiet -Afreen Fatima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.