സോമനാഥ് ക്ഷേത്രം
പലവുരു ഗുജറാത്തിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും, യാത്രാപദ്ധതികളിൽ ഇടംപിടിക്കുന്നതിനും എത്രയോ മുമ്പ് ഭാവനയിൽ സ്ഥാനം നേടിയ സോമനാഥ് ക്ഷേത്രം സന്ദർശിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. സോമനാഥ് ക്ഷേത്രത്തിന്റെ പുരാതനത്വം, തകർക്കപ്പെടൽ, പുനരുത്ഥാനം എന്നിവയെക്കുറിച്ച് വായിച്ചാണ് ഞാൻ വളർന്നത്. രാഷ്ട്രീയ പ്രസംഗങ്ങളിൽ സദാ ഉയർത്തപ്പെടുന്ന ഒരു പ്രതീകമായല്ല, മറിച്ച് വിശ്വാസം തുടിക്കുന്ന ജീവസ്സുറ്റ ഇടമായി ആ ക്ഷേത്രത്തെ കാണാനാണ് ഞാൻ ആഗ്രഹിച്ചത്. ഒടുവിൽ കുറച്ചുകാലം മുമ്പ് അതിന് അവസരമുണ്ടായി. അവിശ്വാസിയെങ്കിലും തന്റെ ഭാര്യയുടെ ക്ഷേത്രസന്ദർശനങ്ങൾക്ക് തടസ്സം നിൽക്കാത്ത ഒരു സുഹൃത്തിനെയും എന്റെ ഭാര്യയെയും കൂട്ടി നടത്തിയ ആ യാത്രയിൽ വിശ്വാസവും യുക്തിവാദവും സൗഹൃദവും ഒരേ വാഹനത്തിൽ കലഹങ്ങളില്ലാതെ സഞ്ചരിച്ചു.
ഭക്തജനങ്ങളുടെ വൻതിരക്കാണ് അവിടെ അനുഭവപ്പെട്ടത്. സായാഹ്നത്തിലെ ആരതി അതിഗംഭീരമായ ഒരു ദൃശ്യവിരുന്നായിരുന്നു. ക്ഷേത്രചരിത്രം വിവരിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോ ആധുനിക സാങ്കേതികവിദ്യയും ഭക്തിയും തമ്മിലുള്ള മനോഹരമായ സംഗമമായി തോന്നി. ക്ഷേത്രത്തിന്റെ പുനർനിർമാണം ഏതു അളവുകോലിൽ നോക്കിയാലും ശ്രദ്ധേയമാണ്. ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസത്തിന്റെയും വാസ്തുശിൽപ നവോത്ഥാനത്തിന്റെയും അടയാളമായി അത് നിലകൊള്ളുന്നു. എന്നെപ്പോലെ തന്നെ എന്റെ സഹയാത്രികർക്കും ആ സന്ദർശനം ഏറെ സംതൃപ്തി പകർന്നു.
ഈ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്, ഗസ്നിയിലെ മഹമൂദ്, സോമനാഥ് ക്ഷേത്രം തകർത്തതിന്റെ ആയിരം വർഷം തികയുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ലേഖനം ഞാൻ വായിക്കുന്നത്. സോമനാഥ് ട്രസ്റ്റിന്റെ അധ്യക്ഷൻ കൂടിയായ അദ്ദേഹം, ഗസ്നിയുടെ അധിനിവേശത്തെയും കൊലപാതകങ്ങളെയും വിഗ്രഹഭഞ്ജനത്തെയും കുറിച്ച് വിപുലമായി വിവരിക്കുന്ന പുസ്തകങ്ങളെ ഉദ്ധരിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.
ഇതിന്റെ ആവശ്യമുണ്ടായിരുന്നോ എന്ന് ഞാൻ ചിന്തിച്ചുപോയി. ആയിരം വർഷം പഴക്കമുള്ള ഒരു ആഘാതത്തെ കുഴിതോണ്ടി പുറത്തിടേണ്ട സമയമാണോ ഇത്? പ്രധാനമന്ത്രി സൂചിപ്പിച്ച ആ പുസ്തകങ്ങളുടെ പേരുകൂടി വെളിപ്പെടുത്തിയിരുന്നെങ്കിൽ, ജനങ്ങൾക്ക് രാഷ്ട്രീയ കണ്ണടയിലൂടെ അല്ലാതെ സ്വയം ചരിത്രം വായിച്ചു മനസ്സിലാക്കാമായിരുന്നു.
പ്രധാനമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പായിരുന്നു ഡിസംബർ 6-ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ വാർഷികം. ആ ദിവസത്തെക്കുറിച്ച് ഇനിയും ചിന്തിച്ചുകൊണ്ടിരിക്കരുത് എന്നും, രാജ്യം എത്രയോ ‘മുന്നോട്ടുപോയി’ എന്നും നമ്മളോട് പറയാറുണ്ട്. ചില ഓർമകൾ മറക്കാനുള്ളതാണെന്നും മറ്റു ചിലവ എത്ര പഴക്കമുള്ളതാണെങ്കിലും വീണ്ടും കുത്തിപ്പൊക്കേണ്ടവയാണെന്നുമാണോ ഇതിനർഥം? ആയിരം വർഷം പഴക്കമുള്ള കാര്യങ്ങൾ ഓർക്കുന്നത് ശരിയും, വെറും മൂന്ന് പതിറ്റാണ്ടുമുമ്പ് നടന്ന സംഭവം ഓർക്കുന്നത് ശരികേടുമാകുന്നത് എങ്ങനെയാണ്?
പ്രധാനമന്ത്രിക്ക് സോമനാഥിനെക്കുറിച്ച് എഴുതണമെന്നുണ്ടായിരുന്നെങ്കിൽ, അതിന് ഇതിലും ക്രിയാത്മകമായ ഒട്ടേറെ അവസരങ്ങളുണ്ടായിരുന്നു. ക്ഷേത്രം പുനർനിർമിച്ചതിന്റെ ജൂബിലിയോ, ശതാബ്ദിയോ ഒക്കെ തകർച്ചയേക്കാൾ ഉപരി അതിജീവനത്തെക്കുറിച്ച് ചിന്തിക്കാൻ അനുയോജ്യമായ സന്ദർഭങ്ങളാകുമായിരുന്നു. എന്നാൽ, പഴയ രാഷ്ട്രീയ പോരാട്ടങ്ങളെ ഉണർത്താനാണ് മോദി ഈ ലേഖനത്തെ ഉപയോഗിച്ചത്. ക്ഷേത്ര പുനർനിർമാണത്തിന് തുടക്കമിട്ടതിന്റെ കീർത്തി അദ്ദേഹം സർദാർ വല്ലഭ്ഭായി പട്ടേലിന് നൽകി-അത് വസ്തുതയാണ്. എന്നാൽ, ജവഹർലാൽ നെഹ്റു അതിനെ എതിർത്തുവെന്ന ആരോപണം ചരിത്രത്തെ വളച്ചൊടിക്കലാണ്.
നെഹ്റു എതിർത്തത് ക്ഷേത്ര നിർമാണത്തെയല്ല, മറിച്ച് മതപരമായ സംരംഭങ്ങളിൽ ഭരണകൂടം ഔദ്യോഗികമായി ഇടപെടുന്നതിനെയാണ്. മതനിരപേക്ഷത എന്നത് നെഹ്റുവിന് ഒരു മുദ്രാവാക്യമായിരുന്നില്ല, അതൊരു ഭരണതത്ത്വമായിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ സർക്കാർ ഏതെങ്കിലും ഒരു മതത്തെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ആ നിലപാട് തത്ത്വാധിഷ്ഠിതവും ഭരണഘടനാപരവുമായിരുന്നു.
അത് പട്ടേലിനോടുള്ള അദ്ദേഹത്തിന്റെ ബഹുമാനത്തെ ഒട്ടും കുറച്ചിരുന്നില്ല-തിരിച്ച് പട്ടേലിനും അങ്ങനെ തന്നെ. നെഹ്റുവിന്റെ കത്തുകളും പ്രസംഗങ്ങളും പട്ടേലിന്റെ ആർജവത്തെയും ഭരണനൈപുണ്യത്തെയും പ്രശംസിക്കുന്നവയാണ്. പട്ടേൽ ഒരു കോൺഗ്രസുകാരനായി ജനിച്ച്, കോൺഗ്രസുകാരനായി ജീവിച്ച് മരിച്ച വ്യക്തിയാണ്. മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം ആർ.എസ്.എസിനെ നിരോധിച്ചതും അദ്ദേഹമാണ്.
അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും നെഹ്റുവും പട്ടേലും പരസ്പര ബഹുമാനം നിലനിർത്തിയിരുന്നു. ഇന്നത്തെ സാഹചര്യവുമായി ഇതിനെ ഒന്ന് താരതമ്യം ചെയ്തുനോക്കൂ; പ്രധാനമന്ത്രിയെ പരസ്യമായി എതിർക്കുന്ന ഒരു മുതിർന്ന മന്ത്രിക്ക് ഇന്ന് എന്ത് സംഭവിക്കുമെന്ന് ആലോചിക്കാൻ പോലും സാധിക്കില്ല. നെഹ്റുവിന്റെ വിയോജിപ്പ് വകവെക്കാതെ രാഷ്ട്രപതി രാജേന്ദ്ര പ്രസാദ് സോമനാഥ് ഉദ്ഘാടനത്തിന് പോയതിനെക്കുറിച്ചും മോദി പറയുന്നുണ്ട്- നെഹ്റുവിന്റെ അസഹിഷ്ണുതയുടെ തെളിവായാണ് ഈ വിയോജിപ്പിനെ മോദി അവതരിപ്പിക്കുന്നത്. എന്നാൽ, രാഷ്ട്രപതിക്കെതിരെ നെഹ്റു ഒരു നടപടിയും സ്വീകരിച്ചില്ല. അദ്ദേഹം ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തെ മാനിച്ചു.
ഇതിനെ സമീപകാല സംഭവങ്ങളുമായി ഒന്ന് തട്ടിച്ചുനോക്കാം. ഭരണകൂടത്തിന് അപ്രീതി തോന്നിയതിന്റെ പേരിൽ ഒരു മുൻ ഉപരാഷ്ട്രപതിക്ക് മണിക്കൂറുകൾക്കകം രാജിവെച്ചൊഴിയേണ്ടിവന്നത് നാം കണ്ടു.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ നടന്നപ്പോൾ രാഷ്ട്രപതിയെയോ ഉപരാഷ്ട്രപതിയെയോ ക്ഷണിച്ചില്ല. അവർ പങ്കെടുത്തിരുന്നെങ്കിൽ, പ്രോട്ടോകോൾ പ്രകാരം അവർ പ്രധാനമന്ത്രിയേക്കാൾ ഉയർന്ന സ്ഥാനത്തായതിനാൽ പ്രധാനമന്ത്രിക്ക് രണ്ടാം നിരയിലേക്ക് മാറേണ്ടി വരുമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലും ഇതേ ഒഴിവാക്കൽ പ്രകടമായിരുന്നു. ഭരണഘടനാ പദവികളോടുള്ള ബഹുമാനമാണ് ഇവിടെയെല്ലാം ചോദ്യം ചെയ്യപ്പെട്ടത്.
ഒരു മതേതര രാഷ്ട്രം മതപരമായ കാര്യങ്ങളിൽ ഇടപെടരുത് എന്ന തത്ത്വാധിഷ്ഠിത വിശ്വാസം പ്രകടിപ്പിച്ചതിന് നെഹ്റുവിനെ മോദി കുറ്റപ്പെടുത്തുന്നു. നെഹ്റു വ്യക്തിപരമായി അപൂർവമായി മാത്രമേ ആരാധനാലയങ്ങൾ സന്ദർശിച്ചിരുന്നുള്ളൂ. മോദിയാകട്ടെ അവയിൽ ഇടക്കിടെ പരസ്യ സന്ദർശനം നടത്തുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ താൽപര്യമായിരിക്കാം, എന്നാൽ വ്യക്തിപരമായ മതവിശ്വാസത്തെ ഭരണഘടനാപരമായ ഔചിത്യവുമായി (Constitutional Propriety) കൂട്ടിക്കുഴക്കരുത്.
ചരിത്രത്തിന് ചില വൈരുധ്യങ്ങളുണ്ട്. ഗസ്നിയിലെ മഹമൂദ് സ്വന്തം നാട്ടിലേക്ക് മടങ്ങുകയും 58ാം വയസ്സിൽ അസുഖം ബാധിച്ച് മരിക്കുകയും ചെയ്തു. അതിനുശേഷം ഏതാണ്ട് 750 വർഷത്തോളം ഗസ്നിയിൽ കാര്യമായ മാറ്റങ്ങളൊന്നുമുണ്ടായില്ല. ഒടുവിൽ ബ്രിട്ടീഷുകാരാണ് അവിടെ ആക്രമണം നടത്തി അവർക്ക് ഇഷ്ടപ്പെട്ട ഒരു ഭരണാധികാരിയെ അവരോധിച്ചത്. ഇന്ന് ഗസ്നി ഉൾപ്പെടുന്ന അഫ്ഗാനിസ്താൻ നമ്മുടെ ഒരു സാംസ്കാരിക ശത്രുവല്ല. താലിബാൻ ഭരണത്തിന് കീഴിലാണെങ്കിൽ പോലും, മറ്റ് ലോകശക്തികൾ മടിച്ചുനിന്ന ‘ഓപറേഷൻ സിന്ദൂർ’ ഉൾപ്പെടെയുള്ള നിർണായക നിമിഷങ്ങളിൽ അവർ ഇന്ത്യയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ചരിത്രം എല്ലായ്പ്പോഴും ലളിതമായ വർഗീയ വേർതിരിവുകളെ പിന്തുടരുന്നില്ല.
സനാതന ധർമം ആയിരം വർഷത്തേക്കാൾ പഴക്കമുള്ളതാണ്. വിശ്വാസികളുടെ ഹൃദയത്തിലാണ് ക്ഷേത്രങ്ങൾ നിലകൊള്ളുന്നത്, കെട്ടിടങ്ങളിലല്ല. കല്ലുകൾ തകർക്കപ്പെട്ടേക്കാം, പക്ഷേ വിശ്വാസത്തെ തകർക്കാനാവില്ല. പുനർനിർമാണത്തിന്റെ വാർഷികത്തിനായി പ്രധാനമന്ത്രി കാത്തിരുന്നെങ്കിൽ എന്ന് വീണ്ടും ആശിച്ചുപോകുന്നു. പഴയ മുറിവുകൾ മാന്തിപ്പൊട്ടിക്കുന്നതല്ല, ചരിത്രത്തെ ശാന്തമായി ഉറങ്ങാൻ വിടുന്നതാണ് ആത്മവിശ്വാസമുള്ള ഒരു രാഷ്ട്രത്തിന് അഭികാമ്യം.
ajphilip@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.