ആദിവാസിയുടെ കൊല: നടപടിക്കുമുമ്പ് നന്ദിനി സുന്ദറിന് നോട്ടീസ് അയക്കണമെന്ന് സുപ്രീംകാടതി

ന്യൂഡല്‍ഹി: നക്സല്‍ ബാധിത മേഖലയില്‍ ആദിവാസി കൊല്ലപ്പെട്ട കേസില്‍ നടപടിയെടുക്കുന്നതിനുമുമ്പ് മനുഷ്യാവകാശ പ്രവര്‍ത്തകയും ജെ.എന്‍.യു പ്രഫസറുമായ നന്ദിനി സുന്ദറിനും കൂട്ടര്‍ക്കും നോട്ടീസയക്കാന്‍ ഛത്തിസ്ഗഢ് സര്‍ക്കാറിന് സുപ്രീംകോടതി നിര്‍ദേശം. നോട്ടീസയക്കുന്നതിനു മുമ്പ് അറസ്റ്റോ ചോദ്യം ചെയ്യലോ ഉണ്ടാവില്ളെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മത്തേയില്‍നിന്ന് കോടതി ഉറപ്പ് വാങ്ങിക്കുകയും ചെയ്തു. സംഭവത്തില്‍ സന്ദിനിയും മറ്റൊരു പ്രഫസറായ അര്‍ച്ചനയും അടക്കം പത്തുപേര്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.  

ഈ സാഹചര്യത്തില്‍ ഇവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേസിന്‍െറ നടപടികളിലേക്ക് കടക്കും മുമ്പ് ഇവര്‍ക്ക് നാലാഴ്ചത്തെ സാവകാശം നല്‍കി നോട്ടീസ് അയക്കണമെന്ന് ജസ്റ്റിസുമാരായ എം.ബി. ലോകുര്‍, ആദര്‍ശ് ഗോയല്‍ എന്നിവര്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചു. എന്നാല്‍, അറസ്റ്റ് ചെയ്യുന്നതിനു മുമ്പ് കോടതിയില്‍നിന്ന് അനുമതി വാങ്ങണമെന്ന ഹരജിക്കാരിയുടെ ആവശ്യം അംഗീകരിക്കാന്‍ കോടതി വിസമ്മതിച്ചു. അങ്ങനെ ചെയ്യാന്‍ ആവില്ളെന്നും കുറ്റകൃത്യം നടന്നിട്ടുണ്ടെങ്കില്‍ നടപടികള്‍ തുടരാമെന്നും അതവരുടെ നിയമപരമായ അവകാശം ആണെന്നുമായിരുന്നു കോടതിയുടെ പ്രതികരണം. ആദ്യം നിങ്ങള്‍ക്ക് നോട്ടീസ് നല്‍കുമെന്നും അതിനുശേഷം അവര്‍ക്ക് മുന്നോട്ടു പോകാമെന്നും എന്നാല്‍, നോട്ടീസ് ലഭിച്ചതിനുശേഷം വേണമെങ്കില്‍ നിങ്ങള്‍ക്ക് കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.

നന്ദിനിക്കും അര്‍ച്ചനക്കും പുറമെ സി.പി.എം സംസ്ഥാന സെക്രട്ടറി സഞ്ജയ് പരാതെ, ഡല്‍ഹിയിലെ ജോഷി അധികാര്‍ സംസ്ഥാന്‍ നേതാവ് വിനീത് തിവാരി, മാവോവാദി നേതാക്കള്‍ എന്നിവര്‍ക്കുമെതിരെയാണ് കേസ് എടുത്തത്. ഈ മാസം നാലിന് റായ്പുരില്‍നിന്ന് 450 കിലോമീറ്റര്‍ അകലെ നമ ഗ്രാമത്തില്‍ മാവോവാദികള്‍ വകവരുത്തിയ ഷംനാഥ് ബഗ്ഹേലിന്‍െറ വിധവ നല്‍കിയ പരാതി പ്രകാരമാണ് ഛത്തിസ്ഗഢ് പൊലീസ് കൊലക്കുറ്റം, ക്രിമിനല്‍ ഗൂഢാലോചന, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയവ ഇവര്‍ക്കെതിരെ ചുമത്തിയത്.

പ്രമുഖ പത്രപ്രവര്‍ത്തകനായ സിദ്ധാര്‍ഥ് വരദരാജന്‍െറ ഭാര്യയാണ് നന്ദിനി സുന്ദര്‍. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് അവര്‍ നേരത്തേ പ്രതികരിച്ചിരുന്നു. ഛത്തിസ്ഗഢില്‍ നക്സലുകളെ നേരിടുന്നതിന് ഭരണകൂടം ആയുധ സന്നാഹങ്ങള്‍ നല്‍കി രൂപവത്കരിച്ച കുട്ടിപ്പട്ടാളമായ ‘സാല്‍വ ജുദും’ ഭരണഘടനാ വിരുദ്ധമെന്നു കണ്ട് സുപ്രീംകോടതി നിരോധിച്ചത് നന്ദിനി സുന്ദറും മറ്റും നല്‍കിയ പൊതുതാല്‍പര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു.
‘കത്തുന്ന കാട്: ബസ്തറിലെ ഇന്ത്യയുടെ യുദ്ധം’ എന്ന നന്ദിനിയുടെ പുസ്തകം കഴിഞ്ഞ മാസമാണ് പ്രകാശനം ചെയ്തത്. മാവോവാദി ആക്രമണം, ഭരണകൂട പീഡനം എന്നിവയുടെ പ്രത്യാഘാതം പഠിച്ച വസ്തുതാന്വേഷണ സംഘത്തില്‍ അംഗവുമായിരുന്നു.

Tags:    
News Summary - adivasi murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.