ചാമരാജനഗർ എം.പി ശ്രീനിവാസ് പ്രസാദ് അന്തരിച്ചു

ബംഗളൂരു: കര്‍ണാടക ചാമരാജനഗർ എം.പിയും മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി. ശ്രീനിവാസ് പ്രസാദ് (76) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 1.27നായിരുന്നു അന്ത്യം. മൃതദേഹം ഒമ്പത് മണിക്ക് മൈസൂരുവിലെ ദസറ എക്സിബിഷൻ ഗ്രൗണ്ടിൽ പൊതുദർശനത്തിന് വെക്കും.

1947 ജൂലൈ 6 ന് മൈസൂരിലെ അശോകപുരത്ത് എം വെങ്കടയ്യയുടെയും ഡി.വി. പുട്ടമ്മയുടെയും മകനായി ജനിച്ച പ്രസാദ് 1974 മാർച്ച് 17ന് കൃഷ്ണരാജ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. കുട്ടിക്കാലം മുതൽ 1972 വരെ ആർ.എസ്.എസ് സന്നദ്ധപ്രവർത്തകനായിരുന്ന അദ്ദേഹം ജൻ സംഘ്, എ.ബി.വി.പി എന്നിവയിൽ സജീവമായിരുന്നു. ദലിത് നേതാവു കൂടിയായ അദ്ദേഹം 14 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു. എട്ടെണ്ണത്തില്‍ വിജയിച്ചു. ഒന്‍പത് തവണ ചാമരാജനഗറില്‍ നിന്നും മത്സരിച്ച ശ്രീനിവാസ് പ്രസാദ് ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയിട്ടുണ്ട്.

1976ൽ ശ്രീനിവാസ് പ്രസാദ് ജനതാ പാർട്ടിയിൽ ചേർന്നു. പിന്നീട് ജനാദൾ യുനൈറ്റഡിലേക്കും, സമതാ പാർട്ടിയിലേക്കും, ജനതാദൾ സെക്യുലറിലേക്കും മാറി. പിന്നീട് കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1996ൽ ലോക്സഭ സീറ്റ് കിട്ടാത്തതിനെ തുടർന്ന് രാജിവെച്ചു. സമതാ പാർട്ടിയിൽ മത്സരിച്ച അദ്ദേബം അടൽ ബിഹാരി വാജ്പേയി മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായി. 2006ൽ കോൺഗ്രസിലേക്ക് തിരിച്ചുവന്നു. 2013 മുതൽ 2016 വരെ കർണാടക മന്ത്രിയായിരുന്നു. പിന്നീട് 2017ൽ വീണ്ടും കളംമാറി ബി.ജെ.പിയിൽ ചേരുകയായിരുന്നു. 

രാഷ്ട്രീയ ജീവിതത്തിന്‍റെ സുവർണജൂബിലി ആഘോഷത്തിന് ശേഷം മാർച്ച് 17ന് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുകയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ കര്‍ണാടകയിലെ പ്രമുഖ നേതാക്കള്‍ ശ്രീനിവാസ് പ്രസാദിനെ സന്ദര്‍ശിച്ചിരുന്നു. 

Tags:    
News Summary - Chamarajanagar MP Srinivas Prasad no more

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.