അദാനിക്കായി അതിർത്തി സുരക്ഷ നിയമത്തിൽ ഇളവ് വരുത്തി കേന്ദ്ര സർക്കാർ; ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്നാണ് ഊർജ പദ്ധതി

ന്യൂഡല്‍ഹി: വ്യവസായി ഗൗതം അദാനിയുടെ ഊർജ പാർക്കിന് വഴിയൊരുക്കാന്‍ അതിർത്തിയിലെ സുരക്ഷ നിയമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഗുജറാത്തിലെ ഇന്ത്യ- പാക് അതിര്‍ത്തിയോട് ചേര്‍ന്ന് അദാനി ഗ്രൂപ്പ് നിര്‍മിക്കുന്ന പുനരുപയോഗ ഊർജ പദ്ധതിയായ ഖവ്ദ പവര്‍ പ്ലാന്റിന് വേണ്ടിയാണ് ഇളവ് വരുത്തിയതെന്ന് ബ്രിട്ടീഷ് പത്രം ദി ഗാര്‍ഡിയൻ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യ-പാക് അതിർത്തിയിലെ തന്ത്രപ്രധാനമായ പ്രദേശം വാണിജ്യ ലാഭത്തിന് വേണ്ടി ദേശസുരക്ഷ നിയമങ്ങളില്‍ ഭേദഗതി ചെയ്തെന്നും ഗുജറാത്തിലെ ബി.ജെ.പി സർക്കാർ സമ്മര്‍ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തൽ. ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പാർക്കായാണ് ഖവ്ദ പ്ലാന്റിനെ വിഭാവനം ചെയ്തിരിക്കുന്നത്. 445 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഖാവ്ദയിൽ നിന്ന് 30 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപാദിപ്പിക്കുമെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

ഗുജറാത്ത്- പാകിസ്താന്‍ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ അകലെ റാൻ ഓഫ് കച്ചിലാണ് ഗുജറാത്ത് സർക്കാർ പാട്ടത്തിനെടുത്ത ഭൂമിയിൽ അദാനി ഗ്രൂപ്പ് സൗരോർജ പാനലുകളും കാറ്റാടി യന്ത്രങ്ങളും സ്ഥാപിക്കുന്നത്. അതിർത്തി സംഘര്‍ഷമുണ്ടാകാറുള്ള സർ ക്രീക്കിനോട് ചേർന്നാണ് റാൻ ഓഫ് കച്ച്. കൂടാതെ, കച്ച് അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ നിരന്തരം റിപ്പോര്‍ട്ട് ചെയ്യാറുണ്ട്.

2023 ഏപ്രിലിൽ വിഷയം പ്രതിരോധ മന്ത്രാലയവുമായി ചർച്ച ചെയ്യണമെന്ന് അഭ്യർഥിച്ച് ഗുജറാത്ത് ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫിസിന് കത്തയച്ചു. തുടർന്ന് 2023 ഏപ്രിൽ 21ന് ഡൽഹിയിൽ സർക്കാർ രഹസ്യ യോഗം ചേർന്നു. ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപറേഷൻസും ഗുജറാത്തിൽ നിന്നുള്ള ഉദ്യോഗസ്ഥരും പുനരുപയോഗ ഊർജ മന്ത്രാലയ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

എന്നാല്‍, ദേശീയ സുരക്ഷയെ ദോഷകരമായി ബാധിക്കുമെന്നും അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് ഇത്രയും വൻകിട വ്യാവസായിക നിക്ഷേപങ്ങള്‍ നടത്തുന്നത് അബദ്ധമാണെന്നും മുതിര്‍ന്ന സൈനികര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍, 2023 മെയില്‍ കേന്ദ്ര സർക്കാർ ഇളവ് അനുവദിക്കുകയായിരുന്നു. ഇന്ത്യ-പാക് അതിർത്തിയില്‍ മാത്രമല്ല, ബംഗ്ലാദേശ്, ചൈന, മ്യാൻമർ, നേപ്പാൾ എന്നിവയോട് ചേർന്നുള്ള അതിര്‍ത്തികളും പുതിയ തീരുമാന പ്രകാരം ഇളവ് ലഭിക്കും. മുമ്പ് പ്രോട്ടോകോള്‍ പ്രകാരം പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സ്ഥലത്ത് നിന്ന് 10 കിലോമീറ്റർ വരെ റോഡുകൾക്കും ഗ്രാമങ്ങള്‍ക്കുമപ്പുറം വലിയ നിർമാണങ്ങളൊന്നും അനുവദിച്ചിരുന്നില്ല.

പുനരുപയോഗ ഊര്‍ജ പദ്ധതി പ്രകാരം കാറ്റില്‍ നിന്ന് വൈദ്യുതി നിര്‍മ്മിക്കാന്‍ പൊതുമേഖല സ്ഥാപനമായ സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്ക് ആണ് (എസ്.ഇ.സി.ഐ) ഗുജറാത്ത് സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയിരുന്നത്. എന്നാല്‍, പ്രതിരോധ മന്ത്രാലയം ഭേദഗതി ചെയ്ത നിയമങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചതോടെ, സോളാര്‍ എനര്‍ജി കോര്‍പറേഷന് ഗുജറാത്ത് സര്‍ക്കാർ ഭൂമി കൈമാറി.

അതിർത്തി നിയമങ്ങളിലെ മാറ്റങ്ങളെ കുറിച്ച് ധാരണയില്ലെന്നും വാണിജ്യപരമായി പദ്ധതി ലാഭകരമല്ലെന്നും ചൂണ്ടിക്കാട്ടി എസ്.ഇ.സി.ഐ ഗുജറാത്ത് സർക്കാറിന് ഭൂമി തിരികെ നൽകിയത്. എന്നാല്‍, ഊർജ മന്ത്രി ആർ.കെ. സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഭൂമി വിട്ടുനല്‍കാന്‍ എസ്.ഇ.സി.ഐ പ്രേരിപ്പിച്ചു. അതേസമയം, എസ്.ഇ.സി.ഐ പദ്ധതി ഉപേക്ഷിക്കും മുമ്പെ അദാനി ഗ്രൂപ്പിന് ഇക്കാര്യങ്ങളെ കുറിച്ച് വിവരമുണ്ടായിരുന്നുവെന്നും ഗാര്‍ഡിയന്‍ പറയുന്നു.

പുതുക്കിയ അതിർത്തി പ്രോട്ടോക്കോളുകളുടെ പശ്ചാത്തലത്തില്‍ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ച് കമ്പനി, ഗുജറാത്ത് ഉദ്യോഗസ്ഥർക്ക് അപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ പരിഗണിച്ച മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് സർക്കാർ ആഗസ്റ്റിൽ അദാനിക്ക് ഭൂമി കൈമാറുകയായിരുന്നു. മറ്റ് ചില കമ്പനികള്‍ പദ്ധതിക്കായി വന്നുവെങ്കിലും അദാനിക്ക് തന്നെ ലഭിക്കുകയായിരുന്നു.

അതേസമയം, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നിയമങ്ങളും ചട്ടങ്ങളും പൂർണമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട വകുപ്പിൽ നിന്ന് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്നും അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്.

Tags:    
News Summary - Adani won an energy project on the India-Pak border after border rules were eased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.