'അച്ഛനും മകനും ചേർന്ന് പാർട്ടിയെ നശിപ്പിച്ചു'; ഡി.എം.കെ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി ടി.വി.കെ

ചെന്നൈ: ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിനും മകൻ ഉദയനിധി സ്റ്റാലിനുമെതിരെ രൂക്ഷവിമർശനവുമായി വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ). സി.എൻ. അണ്ണാദുരൈ തറക്കല്ലിട്ട പാർട്ടിയുടെ മഹത്തായ പാരമ്പര്യത്തെയും പ്രതിച്ഛായയെയും തകർത്ത് കടുത്ത അരാജകത്വം സൃഷ്ടിക്കുകയാണ് ഭരണനേതൃത്വത്തിലെ 'അച്ഛനും മകനുമെന്ന്' ടി.വി.കെ ആരോപിച്ചു. പാർട്ടിയെ സമ്പൂർണ്ണ തകർച്ചയിലേക്ക് തള്ളിവിട്ട ഇരുവരും നിലവിൽ കടുത്ത ആശയക്കുഴപ്പത്തിലും പരിഭ്രാന്തിയിലുമാണെന്ന് ടി.വി.കെ ഐ.ടി വിങ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

തമിഴ്‌നാട്ടിൽ പവർകട്ടും ക്രമസമാധാന പ്രശ്നങ്ങളും മുൻനിർത്തി ഇരു പാർട്ടികളും തമ്മിലുള്ള രാഷ്ട്രീയ വാക്പോര് കനക്കുന്നതിനിടെയാണ് ഡി.എം.കെ നേതൃത്വത്തിനെതിരെ കനത്ത വിമർശനവുമായി ടി.വി.കെ രംഗത്ത് വന്നത്​. അരിവാൾ ആക്രമണങ്ങളെക്കുറിച്ചും വൈദ്യുതി മുടങ്ങലിനെക്കുറിച്ചും സംസാരിക്കുമ്പോൾ, 2006ലെ ഡി.എം.കെ ഭരണകാലത്തെ കറുത്ത അധ്യായങ്ങളാണ് ജനങ്ങൾക്ക് ഓർമ്മവരുന്നതെന്ന് ടി.വി.കെ പരിഹസിച്ചു. മുൻ ഡി.എം.കെ മന്ത്രി കൃഷ്ണൻ വധിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി, സ്വന്തം പാർട്ടിയുടെ തന്നെ രാഷ്ട്രീയ അക്രമചരിത്രമാണ് ഇവർ വീണ്ടും ജനങ്ങളെ ഓർമിപ്പിക്കുന്നതെന്നും ടി.വി.കെ കുറ്റപ്പെടുത്തി. പാർട്ടി വേദിയിൽ വച്ച് അച്ഛൻ ഇത് പറയുമ്പോൾ, ഒരു വിവാഹച്ചടങ്ങിൽ വച്ച് സ്വന്തം സർക്കാരിന്റെ ചരിത്രത്തെയോർത്ത് വിലപിക്കുന്ന മകന്റെ അവസ്ഥ ദയനീയമാണെന്നും പ്രസ്താവനയിലുണ്ട്.

വരും ദിവസങ്ങളിലും പാർട്ടിയുടെ അഴിമതി 'നേട്ടങ്ങളെക്കുറിച്ചും' ത്യാഗത്തിന്റെയും ധീരതയുടെയും വ്യാജ കഥകളെക്കുറിച്ചും തുറന്നുപറഞ്ഞ് ജനങ്ങളെ 'ബോധവൽക്കരിക്കുന്നത്' ഡി.എം.കെ തുടരണമെന്നും, എങ്കിൽ മാത്രമേ ജനങ്ങൾക്ക് യാഥാർത്ഥ്യം മനസ്സിലാക്കി ജാഗ്രത പാലിക്കാൻ സാധിക്കൂ എന്നും ടി.വി.കെ പരിഹസിച്ചു. അതിനിടെ, നിലവിലെ ഭരണം ഒരു 'ഷോ' മാത്രമായി മാറിയിരിക്കുകയാണെന്നും വോട്ടർമാർക്കിടയിലും ഭരണപക്ഷത്തെ പിന്തുണക്കുന്ന ഘടകകക്ഷികൾക്കിടയിലും കടുത്ത അമർഷം പുകയുകയാണെന്നും ദ്രാവിഡർ കഴകം അധ്യക്ഷൻ കെ. വീരമണിയും ആരോപിച്ചു.

നേരത്തെ, ഡി.എം.കെ ആസ്ഥാനത്ത് നടന്ന വാർഷിക സംഗമത്തിൽ എം.കെ. സ്റ്റാലിൻ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യെയും ടി.വി.കെയെയും രൂക്ഷമായി വിമർശിച്ചിരുന്നു. വിജയ്‌യുടെ ലണ്ടൻ സന്ദർശനത്തെ ചോദ്യം ചെയ്ത സ്റ്റാലിൻ, ഇന്ത്യൻ കമ്പനികളുമായി കരാറൊപ്പിടാൻ എന്തിനാണ് വിദേശത്തേക്ക് പോയതെന്ന് ചോദിച്ചു. 'വിക്ടറി കഴകം' എന്നത് മാറ്റി 'റീൽസ് കഴകം' എന്ന് പേരിടണമെന്നും, തമിഴ്‌നാട്ടിൽ ക്രമസമാധാനം തകർന്ന് കുറ്റവാളികളുടെ താവളമായി മാറിയിരിക്കുകയാണെന്നും സ്റ്റാലിൻ ആരോപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് ടി.വി.കെ ഇപ്പോൾ പ്രസ്താവന ഇറക്കിയിരിക്കുന്നത്.

Tags:    
News Summary - TVK slams DMK leadership; accuses 'father-son' duo of 'reducing' party legacy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.