തമിഴ്നാട്: കരൂരിൽ റോഡ് ഷോക്കിടെ തിക്കിലും തിരക്കിലും പെട്ട് 21 പേർ മരിച്ച സംഭവത്തെ തുടർന്ന് പാർട്ടി പ്രചരണത്തിന് റോഡ് ഷോ ഒഴിവാക്കി ഹെലികോപ്റ്റർ വാങ്ങാൻ തീരുമാനവുമായി തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ്. ആളുകൾ ഒഴുകി എത്തി അപകടങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നടപടി.
നാലു ഹെലികോപ്റ്ററുകളാണ് ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽ നിന്ന് വാങ്ങുക. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുമ്പ് മാത്രമായിരിക്കും വിജയ് സ്ഥലത്തെത്തുക. വേദിക്കു സമീപം തന്നെ ഹെലിപാഡ് ഉണ്ടായിരിക്കും. മുമ്പ് ജയലളിതയും പരിപാടികൾക്ക് ഇത്തരത്തിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങിയിരുന്നു. അന്ന് ജനങ്ങളുമായുള്ള സമ്പർക്കം കുറയുന്നതിന്‍റെ പേരിൽ ഏറെ വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു.
സെപ്റ്റംബർ 27ന് വിജയിയുടെ റോഡ് ഷോക്കിടെ ഉണ്ടായ അപകടത്തിൽ 41 പേർ മരിക്കുകയും 50ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. മരിച്ചവരിൽ 10കുട്ടികളും 15ലധികം സ്ത്രീകളുമായിരുന്നു. വിജയിയെ കാണുന്നതിന് വലിയ ജനക്കൂട്ടം വേലുച്ചാമിപുരത്ത് അന്ന് തടിച്ചു കൂടിയിരുന്നു. എന്നാൽ വിജയ് എത്തിയത് 6 മണിക്കൂർ വൈകിയാണ്.
കാത്തുനിന്ന് ക്ഷീണിച്ചവർക്ക് വിജയ് എറിഞ്ഞു നൽകിയ കുപ്പി വെള്ളം പിടിക്കുന്നതിനിടെ തിക്കും തിരക്കും ഉണ്ടായി മറിഞ്ഞു വീഴുകയായിരുന്നു. തൊട്ടുപിന്നാലെ വിജയ് സംഭവ സ്ഥലത്ത് നിന്ന് മാറിയത് വലിയ വിമർശനത്തിന് വഴി വെച്ചു. സുപ്രീംകോടതി വിധിയെ തുടർന്ന് അപകടത്തിന്‍റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.