മുംബൈ: ‘ഒരു മൃതദേഹം പോലും കാണാൻ ഇടവരുത്തല്ലേ’ എന്ന് പ്രാർഥിച്ചുകൊണ്ടാണ് ഓരോ ദിവസവും ആശുപത്രിയുടെ പടികയറിച്ചെല്ലുക. ഹൃദയത്തെ പണിപ്പെട്ട് അടക്കി നിർത്തിയാലും വാർഡിലെ ബെഡിൽ ചലനമില്ലാത്ത ശരീരം കാണുേമ്പാൾ ഞാൻ തകർന്നുപോകും. തലേന്നാൾ വരെ എന്നോട് സംസാരിച്ചിരുന്ന വ്യക്തിയായിരിക്കുമത്...ബോളിവുഡ് നടി ശിഖ മൽഹോത്രയുടെ വാക്കുകളാണിത്. ഒരുമാസമായി കോവിഡ് രോഗികൾക്കൊപ്പമാണ് ഈ 25കാരി. കോവിഡ് മഹാമാരി പടർന്ന സാഹചര്യത്തിലാണ് ശിഖ സിനിമയുടെ വെള്ളിവെളിച്ചം വിട്ട് ആതുരസേവനത്തിനിറങ്ങിയത്. മുംബൈ ജോഗേശ്വരിയിലെ ബാലാസാഹിബ് താക്കറെ ട്രോമ സെൻററിലെ കോവിഡ് രോഗികളെയാണ് നഴ്സിങ് ബിരുദമുള്ള അവർ ശുശ്രൂഷിക്കുന്നത്. ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ശിഖ ഏറെ പ്രേക്ഷകപ്രീതി നേടിയിരുന്നു. സഞ്ജയ് മിശ്രയോടൊപ്പം ശിഖ അഭിനയിച്ച കാഞ്ച്ലി എന്ന ചിത്രം കഴിഞ്ഞ ഏപ്രിലിൽ പുറത്തിറങ്ങി.
‘‘കോവിഡ് റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ അതെ കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു. ജനത കർഫ്യൂ ദിനത്തിൽ ബാൽക്കണിയിൽ നിന്ന് ആരോഗ്യപ്രവർത്തകരുടെ സേവനത്തിന് നന്ദിപറഞ്ഞ് കൈകൊട്ടിയപ്പോഴാണ് അമ്മയെ കുറിച്ച് ഓർത്തത്. കാരണം അവരും ഡൽഹി ആശുപത്രിയിൽ നഴ്സായി കുറെകാലം ജോലിചെയ്തിരുന്നു. കോവിഡിനെതിരായ പോരാട്ടത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് മനസ് മന്ത്രിച്ചു. നഴ്സിങ് ബിരുദമുണ്ടായിട്ടും അത് തൊഴിലായി സ്വീകരിച്ചിരുന്നല്ല. വെറുതെ കൈയടിക്കുന്നതിനെക്കാൾ നല്ലത് ആതുര ശുശ്രൂഷക്കിറങ്ങുകയാണെന്ന് മനസിലായി. തുടർന്നാണ് ഈ പ്രഫഷനിലേക്കെത്തിയത്-ശിഖ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ചെയ്യുന്ന സേവനത്തിന് ശമ്പളം വാങ്ങരുതെന്ന് നിർബന്ധമുണ്ടായിരുന്നു. പണത്തിനു വേണ്ടിയല്ല, ജനങ്ങളെ സഹായിക്കാനാണ് ഞാൻ ഈ ജോലി തെരഞ്ഞെടുത്തത്. എട്ടാംക്ലാസിൽ പഠിക്കുേമ്പാൾ ശരീരം മുഴുവൻ കുഴഞ്ഞ് കിടപ്പിലായ എന്നെ അമ്മയാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. അതിനുശേഷമാണ് നൻമ ചെയ്യാനായി ജീവിതം മാറ്റിവെക്കണമെന്ന് ചിന്തിച്ചത്. തുടർന്ന് ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നഴ്സിങ് ബിരുദത്തിന് ചേർന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം മുംബൈയിലേക്ക് പോന്നു’’. ശിഖ തുടരുന്നു.
‘‘അമ്മക്കൊപ്പമാണ് ഏഴു മാസം പ്രായമുള്ള കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും കോവിഡ് പോസിറ്റീവായിരുന്നു. അവെൻറ മുത്തശ്ശിക്കും അമ്മായിക്കും രോഗമുണ്ടായിരുന്നു. അവരും ചികിത്സയിലാണ്. ഞാനവനെ ശുശ്രൂഷിച്ചു. ഒപ്പമിരുന്ന് കളിച്ചു. കുറച്ചുദിവസം കൊണ്ടുതന്നെ അവൻ എനിക്ക് മകനെപോലെയായി. അവന് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി കുറവായിരുന്നു. അവനെ രക്ഷപ്പെടുത്തുമെന്ന് ഞാൻ പ്രതിജ്ഞയെടുത്തു. ഞങ്ങളുടെ കരുതലിൽ അവൻ ആശുപത്രി വിട്ടു. കുറച്ചു ദിവസം കഴിഞ്ഞ് വീണ്ടും പരിശോധിച്ചപ്പോൾ അവന് കോവിഡ് നെഗറ്റീവായിരുന്നു. ഒപ്പം അവെൻറ കുടുംബാംഗങ്ങളും. അവർ ആശുപത്രി വിട്ടപ്പോൾ കഠിനാധ്വാനത്തിന് ഫലമുണ്ടാകുമെന്ന് മനസിലായി.
പല സന്ദർഭങ്ങളിലും മനസ് മരവിച്ചുപോയിട്ടുണ്ട്. എങ്കിലും ഉള്ളിലെ വികാരങ്ങൾ പുറത്തുകാണിക്കാതിരിക്കാൻ പരമാവധി ശ്രമിക്കും. വളരെ ദാരുണമായ കാഴ്ചകളാണ് കാത്തിരിക്കുക. ഒരു നമ്മളൊരു രോഗിയെ ശുശ്രൂഷിക്കുന്നു. ഉടൻ സുഖപ്പെടുവെന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നു. എന്നാൽ അടുത്ത ദിവസം അദ്ദേഹത്തിെൻറ ചലനമില്ലാത്ത ശരീരമാകും വാർഡിലെത്തുേമ്പാൾ കാത്തിരിക്കുക.
കോവിഡ് ലക്ഷണങ്ങളോടെ 55 വയസുള്ള ഒരാളെ ഇവിടെ ഐസൊലേഷനിലാക്കി. അദ്ദേഹത്തിെൻറ വൃക്കക്കും പ്രശ്നമുണ്ടായിരുന്നു. ഉടൻ സുഖപ്പെടുമെന്നും വീട്ടിലേക്ക് പോകാനാകുമെന്നും പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു. അന്നു രാത്രി മകൾ എെൻറ മൊബൈലിൽ വിളിച്ച് അദ്ദേഹം മരണപ്പെട്ട വിവരമറിയിച്ചു. ഉടൻ ആശുപത്രിയിലെത്തി. മരണകാരണം അന്വേഷിച്ചപ്പോൾ വൃക്കരോഗമാണെന്നും കോവിഡ് അല്ലെന്നും മനസിലായി. അദ്ദേഹത്തിന് കോവിഡ് നെഗറ്റീവായിരുന്നു. എന്നാൽ കോവിഡ് ഐസൊലേഷൻ വാർഡിൽ കഴിഞ്ഞതിനാൽ മൃതദേഹം സംസ്കരിക്കാൻ വീട്ടുകാർക്ക് വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. കുടുംബാംഗങ്ങളെ പോലും ഒരുനോക്കു കാണാൻ അനുവദിക്കാതെ സംസ്കരിക്കാനായി ശ്മശാനത്തിലെത്തിച്ചു. ഉടൻ മകളെയും കൊണ്ട് ഞാൻ ശ്മാശനത്തിലെത്തി മകനെ കൊണ്ട് വിഡിയോവഴി അന്ത്യകർമങ്ങൾ പൂർത്തിയാക്കി. ചാരവും കൊണ്ട് ഞങ്ങൾ മടങ്ങി. കോവിഡ് കാലത്ത് പ്രിയപ്പെട്ടവരെ കാണാതെ മരണപ്പെടുന്നവരുടെ അവസ്ഥ മനസിനെ ഉലക്കുന്നതാണ്.
ആശുപത്രിയിൽ ദിവസവും പ്രതിരോധത്തിനായി ജീവനക്കാർക്ക് ൈഹഡ്രോക്സിക്ലോറോക്വിൻ നൽകുന്നുണ്ട്. ഈ മരുന്നിന് ക്ഷീണം, ചർദി തുടങ്ങിയ പാർശ്വഫലങ്ങളുമുണ്ട്. അത് പ്രതിരോധിക്കാൻ ഞങ്ങൾ മറ്റുമരുന്നുകളും കഴിക്കേണ്ടി വരുന്നു. ഒരിക്കൽ സുരക്ഷ വസ്ത്രമായ പി.പി.ഇ കിറ്റ് ധരിച്ചാൽ അത് ഒഴിവാക്കുന്നതു വരെ കൈ കഴുകാനോ ഭക്ഷണം കഴിക്കാൻ സാധിക്കില്ല. ദിവസം എട്ടുമുതൽ-10 മണിക്കൂർവരെ തുടർച്ചയായി ജോലിചെയ്യുന്നു. അല്ലെങ്കിൽ 24 മണിക്കൂറും. രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഞങ്ങൾ സ്വന്തം കാര്യമെല്ലാം മറക്കും-ശിഖ പറഞ്ഞുനിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.