കമൽ ഹാസൻ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു; സത്യവാചകം ചൊല്ലിയത് തമിഴിൽ

ന്യൂഡൽഹി: നടനും മക്കൾ നീതി മയ്യം(എം.എൻ.എം) നേതാവുമായ കമൽ ഹാസൻ രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ ചടങ്ങുകൾക്കായി ഇന്ന് രാവിലെ തന്നെ കമൽ ഹാസൻ പാർലമെന്റിൽ എത്തിയിരുന്നു.

എം.പിയായത് കമൽ ഹാസന്റെ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായാണ് കരുതുന്നത്. ഡി.എം.കെ സഖ്യമാണ് കമൽ ഹാസനെ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്തത്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം പിന്തുണ നൽകിയാൽ രാജ്യസഭ എം.പി സ്ഥാനം നൽകാമെന്ന് ഡി.എം.കെ കമൽ ഹാസന് വാഗ്ദാനം നൽകിയിരുന്നു. ആദ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കാനായിരുന്നു നടൻ തീരുമാനിച്ചിരുന്നത്. പിന്നീട് പിന്തുണ നൽകുകയായിരുന്നു.

വളരെ അഭിമാനകരമായ യാത്രയാണിതെന്നാണ് തോന്നുന്നുവെന്നാണ് 69 കാരനായ നടൻ പാർലമെന്റിനു മുന്നിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ പ്രതികരിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പമാണ് ജൂൺ ആറിന് സെക്രട്ടേറിയറ്റിൽ കമൽഹാസൻ പത്രിക നൽകാൻ എത്തിയത്.

ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സഖ്യത്തിലെ മുതിർന്ന നേതാക്കളും ഒപ്പമുണ്ടായിരുന്നു. ജൂൺ 12ന് കമൽ ഹാസനടക്കം അഞ്ചുപേർ എതിരില്ലാ​തെ രാജ്യസഭ എം.പിയായി തെര​ഞ്ഞെടുക്കപ്പെട്ടത്. കവയത്രി സൽമ, എസ്.ആർ. ശിവലിംഗം, പി. വിൽസൺ, ഐ.എസ്. ഇൻബാദുരൈ, ധൻപാൽ എന്നിവരാണ് എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട മറ്റു നാലുപേർ.

ഇന്ത്യൻ സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ അപൂർവം നടൻമാരിൽ ഒരാളാണ് കമലഹാസൻ. തമിഴിന് പുറമെ ഹിന്ദി, മലയാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികൾക്ക് അർഹനായി. ഇന്ത്യൻ സിനിമാ ലോകത്തിനു കമൽ ഹാസൻ നൽകിയ സംഭാവനകളെ മുൻനിർത്തി രാജ്യം 1990ൽ പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ആദ്യകാലത്ത് രാഷ്ട്രീയ പാർട്ടികളോട് സമദൂര സിദ്ധാന്തം സ്വീകരിച്ച നടൻ പിന്നീട് സ്വന്തമായി രാഷ്ട്രീയ പാർട്ടി തന്നെ രൂപവത്കരിച്ചു.

Tags:    
News Summary - Actor Kamal Haasan marks Parliament debut, takes oath as Rajya Sabha MP in Tamil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.