ഇ.ടി മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കാണുന്നു

യുക്രെയ്നിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് നടപടികൾ ത്വരിതപ്പെടുത്തണം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി

ന്യൂഡൽഹി: യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരെയും അടിയന്തരമായി നാട്ടിലെത്തിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും അതിർത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട്, റുമേനിയ എന്നിവ വഴി നാട്ടിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം വർധിപ്പിക്കണമെന്നും ഇ. ടി മുഹമ്മദ് ബഷീർ എം.പി. ഇപ്പോൾ ബങ്കറുകളിൽ കഴിയേണ്ടിവരുന്നവർക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പ് വരുത്തുന്ന കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എം.പി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ നേരിൽ കണ്ട് അഭ്യർഥിച്ചു.

അതേസമയം ഇന്നു ചേർന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത് കമ്മിറ്റി ചെയർമാൻ, വിദേശ കാര്യ സെക്രട്ടറി എന്നിവരോടും എം.പി ഇക്കാര്യം ആവശ്യപ്പെട്ടു.

ഭക്ഷണം, വെള്ളം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ റെഡ് ക്രോസുമായി സഹകരിച്ച് പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ടെന്നും ഇന്ത്യ യുക്രൈനുമായും റഷ്യയുമായും നല്ല ബന്ധം തുടരുന്നതിനാൽ റഷ്യൻ അതിർത്തികളിൽ കഴിയുന്ന ആളുകളെ കൊണ്ടുവരുന്നതിനുള്ള സാധ്യതയും ആരായുകയാണെന്നും അതിർത്തി രാജ്യങ്ങളിലേക്ക് പോകുന്നതിനുള്ള യാത്രാ സൗകര്യം വർധിപ്പിക്കുന്നത്തിനുള്ള നടപടികൾ സ്വീകരിച്ചതയായും മന്ത്രി എം.പിയെ അറിയിച്ചു.

പന്ത്രണ്ടായിരത്തോളം പേർ ഇതിനകം ഇന്ത്യയിൽ എത്തി കഴിഞ്ഞതായും അതിർത്തിയിൽ എത്തിക്കഴിഞ്ഞാലുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കുന്നതിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ഇന്ന് ചേർന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ പാർലമെന്റ് സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിൽ വിദേശകാര്യ വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.

ക്യാമ്പുകളിൽ ഇതിനകം എത്തിച്ചേർന്ന ആളുകളുടെ പ്രയാസങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും യഥാസമയം പത്രമാധ്യമങ്ങൾ മുഖേനയും സാമൂഹിക മാധ്യമങ്ങൾ വഴിയും ജനപ്രതിനിധികൾ മുഖേനയും വാർത്തകൾ വിശദീകരിക്കുന്നതിനു ഉള്ള നടപടികളും സ്വീകരിച്ചുവരുന്നതായും യോഗത്തിൽ അറിയിച്ചു.

യുക്രെയ്നിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെ എല്ലാ ഇന്ത്യക്കാരെയും വളരെ പെട്ടെന്ന് തന്നെ നാട്ടിലെത്തിക്കാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വിദേശകാര്യമന്ത്രാലയവും എംബസിയും പ്രശ്നത്തിന്റെ ഗൗരവം മനസ്സിലാക്കി മുന്നോട്ടു പോവുകയാണെന്നും അവിടെ നിന്ന് മടങ്ങി വന്ന കുട്ടികൾക്ക് തുടർപഠനം നിർവഹിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും ഹെൽപ് ലൈൻ സൗകര്യം വർധിപ്പിക്കുമെന്നും കൂടുതൽ വിമാനസർവീസുകൾ ഏർപ്പാടാക്കുമെന്നും വിദേശകാര്യ സെക്രട്ടറി യോഗത്തിൽ വ്യക്തമാക്കി.

ബങ്കറുകളിലും മറ്റും കഴിയുന്ന കുട്ടികൾക്ക് ഭക്ഷണവും വെള്ളവും കിട്ടാത്ത സാഹചര്യമാണെന്നും വലിയ തോതിലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും എം.പി യോഗത്തിൽ ആവശ്യപ്പെട്ടു.

യുക്രെയിനിന്റെ കിഴക്കൻ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ അതിർത്തി രാജ്യങ്ങളിൽ എത്തിക്കുന്നതിന് വളരെയേറെ പ്രയാസങ്ങൾ നേരിടുന്നുണ്ട്. മണിക്കൂറുകളോളം ബസിൽ യാത്ര ചെയ്യേണ്ടതുണ്ട്. ഇന്ത്യ എല്ലാ രാജ്യങ്ങളുമായും നല്ല നയതന്ത്ര ബന്ധം പുലർത്തുന്നതുകൊണ്ട് ആളുകളെ നാട്ടിലെത്തിക്കുന്ന കാര്യത്തിൽ അവരുടെ കൂടി സഹകരണം ഉറപ്പു വരുത്തണമെന്ന് യോഗത്തിൽ എംപി ആവശ്യപ്പെട്ടു.

Tags:    
News Summary - action should be Accelerated to evacuate indians trapped in Ukraine ET Mohammed Basheer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.